20 August 2025, 09:34 PM IST

മണിയൻപിള്ള രാജു | ഫോട്ടോ: വിവേക്.ആർ. നായർ | മാതൃഭൂമി
കെഎസ്ആര്‍ടിസി തന്നെ ചതിച്ചിട്ടേ ഉള്ളൂ എന്ന് നടന്‍ മണിയന്‍പിള്ള രാജു. കെഎസ്ആര്‍ടിസിയെ കുറിച്ചുള്ള പഴയകാല ഓര്‍മകള്‍ എന്താണെന്ന ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ ചോദ്യത്തിനാണ് രസകരമായ തന്റെ പഴയകാല അനുഭവം രാജു പങ്കുവെച്ചത്. കെഎസ്ആര്‍ടിസിയുടെ 'ഓര്‍മ്മ എക്‌സ്പ്രസ്' നിരത്തിലിറക്കിയതിന്റെ ഭാഗമായി നടത്തിയ ആദ്യ യാത്രയിലായിരുന്നു ഇരുവരും. സംവിധായകന്‍ പ്രിയദര്‍ശനും നടന്‍ നന്ദുവും ഒപ്പമുണ്ടായിരുന്നു.
പണ്ട് ഇഷ്ടം തോന്നിയ ഒരു പെണ്‍കുട്ടിയുടെ പിന്നാലെ സൈക്കിളില്‍ പോവുമ്പോള്‍ ഒരു അപകടം സംഭവിച്ചുവെന്നും അന്ന് തനിക്ക് അടികിട്ടിയെന്നും രാജു പറഞ്ഞു. അന്ന് തന്റെ സൈക്കിളിന്റെ കാറ്റഴിച്ച് വിട്ട് പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് ചീത്തവിളിച്ചത് ഒരു കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ആയിരുന്നുവെന്നും പിന്നീട് ആ സംഭവം തന്റെ വീട്ടില്‍ അറിയിച്ചത് മറ്റൊരു ബസ് കണ്ടക്ടര്‍ ആയിരുന്നുവെന്നും രാജു ഓര്‍ത്തെടുത്തു.
'തൈക്കാടായിരുന്നു ഞാന്‍ താമസിച്ചിരുന്നത്. അടുത്തായിരുന്നു മോഡല്‍ സ്‌കൂള്‍. കോളേജില്‍ ആയിരുന്നപ്പോഴും നടന്ന് പോയാല്‍ മതിയായിരുന്നു. എന്റെ വീടിനടുത്ത് ഒരു ആംഗ്ലോ ഇന്ത്യന്‍ കുടുംബം താമസിച്ചിരുന്നു. അതിലൊരു പെണ്‍കുട്ടിയെ ഇഷ്ടപ്പെട്ടു. ആ കുട്ടി ബസ് കയറുന്നിടത്തേക്ക് പിന്നാലെ സൈക്കിളില്‍ പോകാറുണ്ടായിരുന്നു. ഒരു ദിവസം ജനറല്‍ ഹോസ്പിറ്റലില്‍ നിന്ന് കാലിന് പ്ലാസ്റ്ററിട്ട ഒരാള്‍ നടന്നുവരുന്നതിനിടെ സൈക്കിള്‍ ഇടിച്ചു. അയാള്‍ വേദന സഹിക്കാതെ ആ പെണ്‍കുട്ടികളുടെ മുന്നില്‍ വെച്ച് എന്നെ ഉടുപ്പില്‍ പിടിച്ച് മുഖത്തടിച്ചു. അടിച്ചത് സഹിക്കാമായിരുന്നെങ്കിലും, എന്നെ അന്ന് ഒരു ട്രാന്‍സ്‌പോര്‍ട്ട് ബസിലെ കണ്ടക്ടര്‍ ചതിച്ചു. എന്നെ അടിച്ചതിന് പിന്നാലെ, കണ്ടക്ടര്‍ സൈക്കിളിന്റെ രണ്ട് ടയറിന്റേയും കാറ്റഴിച്ചുവിട്ട് തിരുവനന്തപുരം ഭാഷയില്‍ ചീത്തവിളിച്ചു. എല്ലാം ആ പെണ്‍കുട്ടികള്‍ കേള്‍ക്കുന്നുണ്ടായിരുന്നു.'
അത് കഴിഞ്ഞ് പിന്നാലെ വന്ന ബസിലെ കണ്ടക്ടര്‍ എന്നെ എത്തി നോക്കുന്നുണ്ടായിരുന്നു. എന്റെ വീടിനടുത്ത് താമസിച്ചിരുന്ന അയാള്‍ എന്റെ അച്ഛനോട് സംഭവം പറഞ്ഞുകൊടുത്തു. അങ്ങനെ എന്നെ കെഎസ്ആര്‍ടിസി ചതിച്ചിട്ടേയുള്ളൂ എന്ന് രാജു പറഞ്ഞു.
Content Highlights: Actor Manianpilla Raju shares a comic anecdote astir a KSRTC conductor from his youth
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·