Published: November 03, 2025 10:31 AM IST
1 minute Read
നവിമുംബൈ∙ ഏകദിന ലോകകപ്പിലെ കലാശപ്പോരിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 52 റൺസ് വിജയം നേടിയതിനു പിന്നാലെ ഗ്രൗണ്ടിൽവച്ച് കെട്ടിപ്പിടിച്ച് കരഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറും വൈസ് ക്യാപ്റ്റൻ സ്മൃതി മന്ഥനയും. വനിതാ ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യ ലോകകപ്പ് ഉയർത്തിയപ്പോഴാണ്, ഗ്രൗണ്ടിലെ വൈകാരിക രംഗങ്ങൾ. 299 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്കയെ 27 പന്തുകൾ ബാക്കി നിൽക്കെ 246 ന് ഓൾഔട്ടാക്കിയാണ് ഇന്ത്യ വിജയം ആഘോഷിച്ചത്. ദക്ഷിണാഫ്രിക്കൻ താരം നദൈൻ ഡി ക്ലാർക്കിനെ ക്യാച്ചെടുത്തു പുറത്താക്കി, ഇന്ത്യയുടെ വിജയമുറപ്പിച്ചത് ഹര്‍മൻപ്രീത് കൗറായിരുന്നു.
ഇന്ത്യയുടെ വിജയാഘോഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിരവധി തവണ തോറ്റുപോയി, അവസാനം ലഭിച്ച വിജയം വളരെയധികം ആസ്വദിക്കുന്നുണ്ടെന്ന് സ്മൃതി മന്ഥന മത്സരത്തിനു ശേഷം പ്രതികരിച്ചു. ‘‘ഓരോ ലോകകപ്പുകളിൽ ഞങ്ങൾ കളിക്കുമ്പോഴും ഹൃദയം തകർന്നുകൊണ്ടാണു മടങ്ങിയിരുന്നത്. വെറും വിജയം മാത്രമല്ല, വനിതാ ക്രിക്കറ്റിനെ വളർത്തുകയെന്ന വലിയ ഉത്തരവാദിത്തം ഈ ടീമിനു മുകളിലുണ്ടെന്നു ഞങ്ങൾ വിശ്വസിക്കുന്നു. കഴിഞ്ഞ ഒന്നര മാസമായി ഞങ്ങൾക്കു ലഭിക്കുന്ന പിന്തുണ ഒന്നു നോക്കുക. അത് തീർച്ചയായും അദ്ഭുതമാണ്.’’– സ്മൃതി മന്ഥന വ്യക്തമാക്കി.
‘‘കഴിഞ്ഞ ലോകകപ്പ് തിരിച്ചടികൾ നിറഞ്ഞതായിരുന്നു. അതിനു ശേഷം ഞങ്ങൾ ഫിറ്റായിരിക്കാനും കരുത്താർജിക്കാനും എല്ലാ മേഖലകളിലും മികച്ചു നിൽക്കാനും കൂടുതൽ ശ്രദ്ധയോടെ പ്രവർത്തിച്ചു. എത്രത്തോളം ഈ ടീം ഒരുമിച്ചു നിന്നുവെന്നതിനെക്കുറിച്ച് ആരും ഇതുവരെ പറഞ്ഞിട്ടില്ല. നല്ല ദിവസങ്ങളിലും മോശം ദിവസങ്ങളിലും എല്ലാവരും പരസ്പരം പിന്തുണച്ചു. നേട്ടങ്ങൾ ഒരുമിച്ച് ആഘോഷിച്ചു. അതാണു വലിയ വ്യത്യാസമായി എനിക്കുതോന്നുന്നത്.’’– സ്മൃതി മന്ഥന പ്രതികരിച്ചു.
English Summary:








English (US) ·