കെസിഎ പ്രസിഡന്റായി ശ്രീജിത്ത് വി. നായർ; വിനോദ് എസ്. കുമാ‌റും ബിനീഷ് കോടിയേരിയും തുടരും; കൊച്ചിയിൽ പുതിയ രാജ്യാന്തര സ്റ്റേഡിയം നിർമിക്കും

3 weeks ago 2

​തിരുവനന്തപുരം∙  കേരള ക്രിക്കറ്റ് അസോസിയേഷന്റെ (കെസിഎ) പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന അസോസിയേഷന്റെ 75-ാമത് വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചത്.  കെസിഎ ട്രഷററായും സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള  ശ്രീജിത്ത് വി. നായർ ആണ് പുതിയ പ്രസിഡന്റ്. ജയേഷ് ജോര്‍ജിന്‍റെ കാലാവധി കഴിഞ്ഞതോടെയാണ് ശ്രീജിത്ത് വി.നായര്‍ പ്രസിഡന്‍റായത്. 

അപെക്സ് കൗൺസിൽ അംഗമായിരുന്ന കെ.സതീശൻ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ​നിലവിലെ സെക്രട്ടറി വിനോദ് എസ്. കുമാറും, ജോയിന്റ് സെക്രട്ടറി ബിനീഷ് കോടിയേരിയും അതേ സ്ഥാനങ്ങളിൽ തുടരും. പാലക്കാട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറിയായ ടി. അജിത് കുമാർ ആണ് പുതിയ ട്രഷറർ. അപെക്സ് കൗൺസിലിലേക്കുള്ള ജനറൽ ബോഡി പ്രതിനിധിയായി കാസർകോട് ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ  സെക്രട്ടറി ടി.മുഹമ്മദ് നൗഫൽ ചുമതലയേൽക്കും.

∙ ഒരു വർഷത്തെ സമഗ്ര കർമപദ്ധതി

കേരളത്തിലെ ക്രിക്കറ്റ് മേഖലയെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള ക്രിക്കറ്റ് അസോസിയേഷൻ ഒരു വർഷത്തെ  സമഗ്ര വികസന കർമപദ്ധതി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തിന്റെ കീഴിൽ അടിസ്ഥാന സൗകര്യ വികസനത്തിനും താരങ്ങളുടെ ശാക്തീകരണത്തിനും ഊന്നൽ നൽകുന്ന ഈ നിർണായക തീരുമാനങ്ങൾ കൈക്കൊണ്ടത്.

കായിക മേഖലയ്ക്കായി സംസ്ഥാന  സർക്കാർ ആവിഷ്കരിച്ച കേരള സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് സ്കീമിൻ്റെ അടിസ്ഥാനത്തിലും ഭൂനിയമത്തിൽ അനുവദിച്ച പ്രത്യേക ഇളവുകളും പ്രയോജനപ്പെടുത്തി വിപുലമായ പദ്ധതികളാണ് കെസിഎ വിഭാവനം ചെയ്യുന്നത്. 14 ജില്ലകളിലും ക്രിക്കറ്റ് ഗ്രൗണ്ടുകളും മറ്റ് അനുബന്ധ സൗകര്യങ്ങളും കെസിഎ നിർമിക്കും. ക്രിക്കറ്റ് ഗ്രൗണ്ടിനോട് അനുബന്ധിച്ച് മറ്റു കായിക ഇനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യവും വികസിപ്പിക്കും.

എല്ലാ ജില്ലകളിലും ഏകീകൃത നിലവാരത്തിലുള്ള പരിശീലന സൗകര്യങ്ങളും അത്യാധുനിക പ്ലെയർ അമെനിറ്റീസും ഉറപ്പാക്കി ഗുണനിലവാരമുള്ള സൗകര്യങ്ങൾ എല്ലാവരിലേക്കും എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

 സ്പോർട്സ് ഇൻഫ്രാസ്ട്രക്ച്ചർ ഡവലപ്മെൻ്റ് സ്കീം പ്രഖ്യാപിക്കുകയും ഭൂ നിയമത്തിൽ ഇളവ് അനുവദിക്കുകയും ചെയ്ത  സർക്കാരിനെയും മുഖ്യമന്ത്രി, റവന്യൂ മന്ത്രി, കൃഷി മന്ത്രി, കായിക മന്ത്രി എന്നിവരെയും  അസോസിയേഷൻ അഭിനന്ദിച്ചു.

സർക്കാർ സ്കീം നിലവിൽ വരുന്നതോടുകൂടി സർക്കാരുമായി ചേർന്ന് കൊച്ചിയിൽ രാജ്യാന്തര സ്റ്റേഡിയം നിർമിക്കുന്നതിനും തീരുമാനമായി. കൂടാതെ തിരുവനന്തപുരത്തെ സ്‌പോർട്‌സ് ഹബ് രാജ്യാന്തര സ്റ്റേഡിയം ദീർഘകാല പാട്ടത്തിന് എടുക്കുവാനും മൂന്നാർ ഹൈ ആൾട്ടിറ്റ്യൂഡ്  സെന്റർ ക്രിക്കറ്റിനും ഫുട്ബോളിനും മറ്റു കായിക ഇനങ്ങൾക്കും വേണ്ടി സജ്ജീകരിക്കാനുള്ള    പദ്ധതിക്ക്‌   അംഗീകാരം നല്കാൻ   സർക്കാരുമായി  തുടർചർച്ചകൾ നടത്താൻ  ഭാരവാഹികളെ ചുമതലപ്പെടുത്തിയതായി  പ്രസിഡന്റ് ശ്രീജിത്ത് വി. നായർ  പറഞ്ഞു. 

​വനിതാ ക്രിക്കറ്റ് മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് കേരള വനിതാ പ്രീമിയർ ലീഗ് ഉടൻ  ആരംഭിക്കും. വനിതാ താരങ്ങൾക്ക് കൃത്യമായ മത്സരവേദികൾ ഒരുക്കുന്നതിലൂടെ സംസ്ഥാനത്ത് കരുത്തുറ്റ ഒരു വനിതാ ക്രിക്കറ്റ് നിരയെ വാർത്തെടുക്കാൻ സാധിക്കുമെന്ന്  സെക്രട്ടറി വിനോദ് എസ് . കുമാർ പറഞ്ഞു. 

 യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവർക്ക് ശാസ്ത്രീയമായ പരിശീലനം നൽകുന്നതിനുമായി പ്രത്യേക 'കെസിഎ ക്രിക്കറ്റ് അക്കാദമികൾ ഇടുക്കിയിലും തിരുവനന്തപുരത്തും  പ്രവർത്തനമാരംഭിക്കും. നൂതനമായ കോച്ചിങ് രീതികളും പ്രഫഷനൽ മെന്ററിങ്ങും വഴി കുട്ടികളിലെ കായികക്ഷമതയും പ്രകടനവും മെച്ചപ്പെടുത്തുകയാണ് ഇതിന്റെ ലക്ഷ്യം.

​നിലവിലുള്ള ഹൈ പെർഫോമൻസ് സെന്ററിനെ  കൂടുതൽ ശക്തിപ്പെടുത്താനും യോഗത്തിൽ തീരുമാനമായി. അത്യാധുനിക പരിശീലന സൗകര്യങ്ങൾ, സ്പോർട്സ് സയൻസ് ലാബുകൾ, ഫിറ്റ്നസ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററുകൾ, വിദഗ്ധരായ പരിശീലകരുടെ സേവനം എന്നിവ ഉറപ്പാക്കി താരങ്ങളെ ദേശീയ-രാജ്യാന്തര പ്രകടനം പുറത്തെടുക്കാൻ പ്രാപ്തരാക്കും. സുതാര്യമായ ഭരണവും അടിത്തട്ടിലുള്ള വികസനവും വഴി കേരളത്തെ ഇന്ത്യൻ ക്രിക്കറ്റിലെ മുൻനിര ശക്തിയായി മാറ്റാനാണ് പുതിയ നേതൃത്വത്തിന്റെ ശ്രമം.

English Summary:

New Leadership for Kerala Cricket Association: Kerala Cricket Association elects caller leadership, aiming to elevate cricket standards successful the state. Sreejith V. Nair assumes presidency, with Vinod S. Kumar continuing arsenic secretary, focusing connected infrastructure improvement and subordinate empowerment. The relation is besides readying for a Kerala Women's Premier League to beforehand women's cricket.

Read Entire Article