കെസിഎല്‍ താരലേലം; ജലജ് സക്‌സേനയെ സ്വന്തമാക്കി റിപ്പിള്‍സ്; വിഷ്ണു വിനോദ് കൊല്ലം സെയ്‌ലേഴ്‌സില്‍

6 months ago 7

05 July 2025, 11:49 AM IST

kerala-cricket-league-auction-results

ജലജ് സക്‌സേന, വിഷ്ണു വിനോദ് | Photo: x.com/kca

തിരുവനന്തപുരം: കേരളാ ക്രിക്കറ്റ് ലീഗ് (കെസിഎല്‍) ട്വന്റി 20 ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം എഡിഷന് മുന്നോടിയായുള്ള താരലേലം പുരോഗമിക്കുന്നു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് ലേലം. കേരള രഞ്ജി ടീം അംഗമായ മധ്യപ്രദേശിന്റെ ഓള്‍റൗണ്ടര്‍ ജലജ് സക്‌സേനയെ ആലപ്പി റിപ്പിള്‍സ് സ്വന്തമാക്കി. 12.40 ലക്ഷം രൂപയ്ക്കാണ് ജലജ് റിപ്പിള്‍സിന്റെ ഭാഗമായത്.

കേരളത്തിന്റെ വെടിക്കെട്ട് താരം വിഷ്ണു വിനോദിനെ 12.80 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയിലേഴ്‌സ് വിളിച്ചെടുത്തു. കഴിഞ്ഞ സീസണില്‍ അതിവേഗ സെഞ്ചുറി നേടി റെക്കോഡിട്ട താരമാണ് വിഷ്ണു. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെയും രാജസ്ഥാന്‍ റോയല്‍സിന്റെയും ഭാഗമായിരുന്ന കെ.എം ആസിഫിനെ 3.20 ലക്ഷത്തിന് കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കി. ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ താരമായിരുന്ന പേസര്‍ ബേസില്‍ തമ്പിയെ 8.40 ലക്ഷം രൂപയ്ക്ക് അദാനി ട്രിവാന്‍ഡ്രം റോയല്‍സ് സ്വന്തമാക്കി. യുവതാരം ഷോണ്‍ റോജറെ 4.40 ലക്ഷത്തിന് തൃശ്ശൂര്‍ ടൈറ്റന്‍സ് ടീമിലെത്തിച്ചു. വരുണ്‍ നായനാരെ 3.20 ലക്ഷത്തിനും ടൈറ്റന്‍സ് സ്വന്തമാക്കി.

സിജോമോന്‍ ജോസഫ് - തൃശ്ശൂര്‍ ടൈറ്റന്‍സ് (5.20 ലക്ഷം), വിനൂപ് എസ്. മനോഹരന്‍ - കൊച്ചി ബ്ലൂ ടൈഗേഴ്‌സ് (3 ലക്ഷം), അഭിജിത്ത് പ്രവീണ്‍ - ട്രിവാന്‍ഡ്രം റോയല്‍സ് (4.20 ലക്ഷം), എന്‍.പി ബേസില്‍ - ആലപ്പി റിപ്പിള്‍സ് (5.40 ലക്ഷം), ശ്രീഹരി എസ്. നായര്‍ - ആലപ്പി റിപ്പിള്‍സ് (4 ലക്ഷം) എന്നിങ്ങനെയാണ് മറ്റ് താരങ്ങള്‍ക്ക് ലഭിച്ച തുക.

നേരത്തേ റെക്കോഡ് തുകയ്ക്ക് ഇന്ത്യന്‍ താരം സഞ്ജു സാംസണെ കൊച്ചി ബ്ലൂ ടൈഗേഴ്‌സ് സ്വന്തമാക്കിയിരുന്നു. 26.80 ലക്ഷം രൂപയ്ക്കാണ് കൊച്ചി സഞ്ജുവിനെ സ്വന്തമാക്കിയത്. മൂന്നു ലക്ഷം രൂപയായിരുന്നു താരത്തിന്റെ അടിസ്ഥാന വില. ഇതോടെ കെസിഎല്ലിലെ ഏറ്റവും വിലയേറിയ താരമായി സഞ്ജു മാറി. തൃശൂര്‍ ടൈറ്റന്‍സും ട്രിവാന്‍ഡ്രം റോയല്‍സും ഉയര്‍ത്തിയ കടുത്ത പോരാട്ടം അതിജീവിച്ചാണ് കൊച്ചി ടീം സഞ്ജുവിനെ തങ്ങളുടെ പാളയത്തിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 7.40 ലക്ഷത്തിന് ട്രിവാന്‍ഡ്രം റോയല്‍സ് വിളിച്ചെടുത്ത എം.എസ്. അഖിലിന്റെ പേരിലായിരുന്നു കെസിഎല്ലിലെ ഏറ്റവും ഉയര്‍ന്ന ലേലത്തുക. അഖിലിന് ഇത്തവണയും വലിയ വില ലഭിച്ചു. 8.40 ലക്ഷം രൂപയ്ക്ക് ഏരീസ് കൊല്ലം സെയ്‌ലേഴ്‌സാണ് താരത്തെ ടീമിലെത്തിച്ചത്.

Content Highlights: Kerala Cricket League (KCL) auction sees Jalaj Saxena & Vishnu Vinod fetch precocious prices

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article