20 August 2025, 07:58 AM IST
.jpg?%24p=7b6db9d&f=16x10&w=852&q=0.8)
കേരള ക്രിക്കറ്റ് ലീഗ്
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ്(കെസിഎൽ) രണ്ടാം സീസണിന് വ്യാഴാഴ്ച കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ തുടക്കമാകും. സെപ്റ്റംബർ ഏഴിനാണ് ഫൈനൽ. ട്രിവാൻഡ്രം റോയൽസ്, ഏരീസ് കൊല്ലം സെയിലേഴ്‌സ്, കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, തൃശ്ശൂർ ടൈറ്റൻസ്, കൊച്ചി ബ്ളൂ ടൈഗേഴ്‌സ്, ആലപ്പി റിപ്പിൾസ് എന്നീ ആറ് ടീമുകളാണ് കെസിഎൽ രണ്ടാം എഡിഷനിലും ഏറ്റുമുട്ടുക. ഓരോ ടീമും ലീഗ് റൗണ്ടിൽ രണ്ടുതവണ വീതം മത്സരിക്കും. ഫൈനലുൾപ്പെടെ 33 മത്സരങ്ങളാകും ഉണ്ടാവുക. എല്ലാ ദിവസവും ആദ്യ മത്സരം ഉച്ചയ്ക്ക് 2.30-നും രണ്ടാമത്തെ മത്സരം ഫ്ളഡ്‌ലിറ്റിൽ വൈകീട്ട് 6.45-നുമാണ്.
വ്യാഴാഴ്ച ഉച്ചയ്ക്ക് ആദ്യ മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ഏരീസ് കൊല്ലം സെയിലേഴ്‌സ് റണ്ണറപ്പുകളായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസിനെ നേരിടും. തുടർന്നു നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ കെസിഎൽ ബ്രാൻഡ് അംബാസഡർ മോഹൻലാൽ പങ്കെടുക്കും. രാത്രി 7.45-ന് അദാനി ട്രിവാൻഡ്രം റോയൽസ് കൊച്ചി ബ്ളൂ ടൈഗേഴ്‌സിനെ നേരിടും. കൊച്ചിക്കായി സഞ്ജു സാംസൺ കളത്തിലിറങ്ങും.
താരലേലത്തിലൂടെ തിരഞ്ഞെടുത്ത 120 കളിക്കാരാണ് ആറ് ടീമുകളിലുമായി മത്സരത്തിനിറങ്ങുന്നത്. ആറ് ടീമുകളും പരിശീലന ക്യാമ്പുകൾ തുടങ്ങിക്കഴിഞ്ഞു. മുഴുവൻ മത്സരങ്ങളും ഏഷ്യാനെറ്റ് പ്ലസ് വഴി വിദേശത്തും മലയാളം കമന്ററിയുടെ പശ്ചാത്തലത്തിൽ ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യും. സ്റ്റാർ സ്‌പോർട്‌സിലൂടെയും ഫാൻകോഡ് ആപ്പിലൂടെയും മത്സരങ്ങൾ കാണാം.
Content Highlights: KCL Season 2 kicks disconnected astatine Green Field Stadium with 6 teams, 33 matches, and apical players.








English (US) ·