Published: August 01 , 2025 08:11 AM IST
1 minute Read
തൃശൂർ∙ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണിലേക്കുള്ള ഔദ്യോഗിക ജഴ്‌സി പ്രകാശനം ചെയ്ത് തൃശൂർ ടൈറ്റൻസ്. തൃശൂർ ഹൈലൈറ്റ് മാളിൽ നടന്ന ചടങ്ങിൽ കെസിഎ അപ്പക്സ് കൗൺസിൽ മെമ്പർ സതീശൻ .കെ, തൃശൂർ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ ട്രഷറർ നന്ദകുമാർ, വൈസ് പ്രസിഡന്റ് അനിൽകുമാർ കെ.എ, ടൈറ്റൻസ് താരങ്ങളായ സിബിൻ പി. ഗിരീഷ്, വിനോദ്കുമാർ സി.വി, ക്ലബ് മാനേജ്‌മെന്റ് പ്രതിനിധികൾ എന്നിവർ ടൈറ്റൻസ് ആരാധകർക്കൊപ്പം ചേർന്നാണ് ജഴ്‌സി പുറത്തിറക്കിയത്. കേരള ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ അപൂർവമായാണ് ആരാധകരും ടീം ഒഫീഷ്യൽസും ചേർന്ന് ജഴ്‌സി അവതരിപ്പിക്കുന്നത്.
തൃശൂരിന്റെ സംസ്കാത്തനിമയുടെയും പൂരാവേശത്തിന്റെയും പ്രതീകമായ ഗജവീരന്മാരിൽ നിന്ന് പ്രചോദനമുൾക്കൊണ്ടാണ് പുതിയ ജഴ്‌സി രൂപകൽപ്പന ചെയ്തിരിക്കുന്നത്. തൃശൂര്‍ ടൈറ്റന്‍സിന്റെ ലോഗോയിലും, കരുത്തിന്റെയും തൃശൂര്‍ നഗര പൈതൃകത്തിന്റെയും പ്രതീകമായ ആനയും പൂരവുമാണുള്ളത്.
‘കേരളത്തിലെ ഊർജസ്വലമായ നഗരങ്ങളിലൊന്നായ തൃശൂരിനെ പ്രതിനിധീകരിക്കുന്ന ടീം എന്ന നിലയിൽ വലിയ പ്രതീക്ഷയാണുള്ളത്. തൃശൂർക്കാരുടെ ഊർജവും തൃശൂർ പൂരത്തിന്റെ ആവേശവും പ്രതിഫലിക്കുന്ന ജഴ്‌സി ഞങ്ങളുടെ ആരാധകർക്കുമുള്ള സമർപ്പണമാണ്.’’– തൃശൂര്‍ ടൈറ്റൻസിന്റെ ഉടമയും ഫിനെസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടറുമായ സജ്ജാദ് സേഠ് പറഞ്ഞു. കഴിഞ്ഞ സീസണിൽ സെമിഫൈനൽ വരെ മികച്ച പ്രകടനം കാഴ്ചവെച്ച ടീം, ഈ സീസണിൽ കപ്പ് നേടണമെന്ന ദൃഢനിശ്ചയതോടെയാവും പരിശീലനം നടത്തുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘തൃശ്ശൂർ ടൈറ്റൻസ് ജില്ലയുടെ ഊർജത്തെ പ്രതിനിധീകരിക്കുന്ന ടീമാണ്. ഈ സീസണിൽ, ടൈറ്റൻസ് ടീമിൽ തൃശൂരിൽ നിന്ന് മൂന്ന് താരങ്ങൾ ഉള്ളത് പ്രതീക്ഷാജനകമാണ്. വരും വർഷങ്ങളിൽ ജില്ലയിൽ നിന്ന് കൂടുതൽ പ്ലെയേഴ്‌സ് ഉയർന്നുവരുമെന്നാണ് പ്രതീക്ഷ. ടീമിന് തൃശൂരിലേക്ക് കപ്പ് കൊണ്ടുവരാൻ സാധിക്കട്ടെ എന്നും ആശംസിക്കുന്നു’– കെസിഎ അപ്പക്സ് കൗൺസിൽ മെമ്പർ സതീശൻ കെ പറഞ്ഞു. തൃശൂർ ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷൻ മെമ്പർ എം.എൻ. രാമചന്ദ്രൻ, ക്ലബ് മാനേജ്‌മന്റ് അംഗങ്ങളായ മുഹമ്മദ് അഫ്സൽ എം, ഹർഷ മേനോൻ, വിപിൻ നമ്പ്യാർ, രതീഷ് മേനോൻ എന്നിവരും ചടങ്ങിന്റെ ഭാഗമായി.
English Summary:








English (US) ·