Published: July 01 , 2025 08:16 PM IST
1 minute Read
ധാക്ക∙ ഈ വർഷം ഓഗസ്റ്റിൽ നടക്കേണ്ട ഇന്ത്യയുടെ ബംഗ്ലദേശ് പര്യടനത്തിന്റെ കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനമായിട്ടില്ലെന്നും, പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് കണ്‍ട്രോൾ ബോർഡ് (ബിസിസിഐ) കേന്ദ്രസർക്കാരിൽനിന്ന് അനുമതിക്കായി കാത്തിരിക്കുകയാണെന്നും ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി). മൂന്നു വീതം ഏകദിനങ്ങളും ട്വന്റി20 മത്സരങ്ങളും സഹിതം ഓഗസ്റ്റ് 17 മുതൽ നടക്കേണ്ട പര്യടനത്തിന്റെ കാര്യത്തിലാണ് അനിശ്ചിതത്വം തുടരുന്നത്.
ബിസിസിഐയുമായി ചർച്ചകൾ തുടരുകയാണെന്നും, അവർക്ക് ഇതുവരെ കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചിട്ടില്ലെന്നും ബിസിബി പ്രസിഡന്റ് അമീനുൽ ഇസ്‌ലാം അറിയിച്ചു. ട്വന്റി20, ടെസ്റ്റ് ഫോർമാറ്റുകളിൽനിന്ന് വിരമിച്ച സൂപ്പർതാരങ്ങളായ വിരാട് കോലി, രോഹിത് ശർമ എന്നിവരെ രാജ്യാന്തര വേദിയിൽ വീണ്ടും കാണാനുള്ള അവസരമായിരുന്നു ബംഗ്ലദേശ് പര്യടനം. ഇത് റദ്ദാക്കുന്ന സാഹചര്യം വന്നാൽ ഇവരെ ഇന്ത്യൻ ജഴ്സിയിൽ കാണാനുള്ള കാത്തിരിപ്പ് നീളും.
മാറിയ രാഷ്ട്രീയ സാഹചര്യങ്ങളാണ് പരമ്പരയുടെ കാര്യം അനിശ്ചിതത്വത്തിലാക്കിയത്. ബംഗ്ലദേശിലെ ഷെയ്ഖ് ഹസീന ഭരണകൂടം നിലംപതിച്ചതും അതിന്റെ തുടർച്ചയായുള്ള രാഷ്ട്രീയ സാഹചര്യങ്ങളുമാണ് പര്യടനം പ്രതിസന്ധിയിലാക്കിയത്. മാത്രമല്ല, ഇന്ത്യ – പാക്കിസ്ഥാൻ സംഘർഷത്തിന്റെ സമയത്ത് ബംഗ്ലദേശ് സൈനിക ഉദ്യോഗസ്ഥൻ ഇന്ത്യയെ ആക്രമിക്കണമെന്ന് പരസ്യമായി നിലപാടെടുത്തതും പ്രശ്നം വഷളാക്കി.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഇന്ത്യൻ ടീം ഓഗസ്റ്റിൽ ബംഗ്ലദേശിൽ പര്യടനത്തിന് എത്തിയില്ലെങ്കിലും, പിന്നീട് എത്തുമെന്ന പ്രതീക്ഷയും അമീനുൽ ഇസ്‍ലാം പങ്കുവച്ചു. ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡിന്റെ യോഗത്തിനു ശേഷം സംസാരിക്കുമ്പോഴാണ് അമീനുൽ ഇസ്‍ലാം ഇക്കാര്യം പറഞ്ഞത്.
English Summary:








English (US) ·