കേരള ക്രിക്കറ്റ് ലീഗിന് വർണോജ്വല തുടക്കം; ആദ്യ മത്സരത്തിൽ കൊല്ലത്തിന് ഒരു വിക്കറ്റ് ജയം

5 months ago 5

അനീഷ് നായർ

അനീഷ് നായർ

Published: August 22, 2025 07:44 AM IST

1 minute Read

 ശ്രീലക്ഷ്മി ശിവദാസ്/ മനോരമ ‌
കാലിക്കറ്റ്‌ ഗ്ലോബ്സ്റ്റാർസിനെതിരായ മത്സരത്തിൽ ഒരു പന്ത് ബാക്കി നിൽക്കെ സിക്സ് നേടി കളി ജയിപ്പിച്ച കൊല്ലം സെയ്‌ലേഴ്സിന്റെ ബിജു നാരായണൻ (ഇടത്തുനിന്ന് രണ്ടാമത്) ടീം അംഗങ്ങൾക്കൊപ്പം ആഹ്ലാദത്തിൽ. ചിത്രം: ശ്രീലക്ഷ്മി ശിവദാസ്/ മനോരമ ‌

തിരുവനന്തപുരം∙ കഴിഞ്ഞ ഫൈനലിലെ തോൽവിക്കു പകരം വീട്ടുന്നൊരു വിജയമുറപ്പിച്ച് കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസ്, അവസാന വിക്കറ്റിൽ 3 പന്തി‍ൽ 12 റൺസ് വേണ്ടിടത്ത് തോൽവി ഏറക്കുറെ മനസ്സാവരിച്ച് കൊല്ലം സെയ്‌ലേഴ്സും. പക്ഷേ സംഭവിച്ചതു തിരിച്ചായിരുന്നു. സ്പെഷലിസ്റ്റ് സ്പിന്നറായ ബിജു നാരായണന്റെ ബാറ്റിൽനിന്നു പറന്ന തുടർച്ചയായ 2 സിക്സറുകളിൽ, നിലവിലെ ചാംപ്യന്മാരായ കൊല്ലത്തിനു നാടകീയ ജയം! ട്വന്റി20 ക്രിക്കറ്റിന്റെ സർവ ആകാംക്ഷയും അനിശ്ചിതത്വവും നിറഞ്ഞ ഉദ്ഘാടന മത്സരത്തോടെ കേരള ക്രിക്കറ്റ് ലീഗ് (കെസിഎൽ) രണ്ടാം സീസണ് ആവേശത്തുടക്കം.

സ്കോർ: കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസ് –18 ഓവറിൽ138ന് ഓൾഔട്ട്; കൊല്ലം സെയ്‌ലേഴ്സ് 19.5 ഓവറിൽ 9ന് 139. 3 ഓവറിൽ 16 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ കൊല്ലത്തിന്റെ പേസർ ഷറഫുദീനാണ് പ്ലെയർ ഓഫ് ദ് മാച്ച്. കഴിഞ്ഞ സീസൺ ഫൈനലിലെ രണ്ടു ടീമുകൾ തമ്മിലുള്ള മത്സരമെന്ന നിലയ്ക്ക് ഉദ്ഘാടന മത്സരത്തിന്റെ ആദ്യ പന്തുമുതൽ ആവേശം പ്രകടമായിരുന്നു. 

ഒരു വിക്കറ്റ് മാത്രം ശേഷിക്കെ അവസാന 2 ഓവറിൽ 24 റൺസായിരുന്നു കൊല്ലത്തിനു ജയിക്കാൻ വേണ്ടിയിരുന്നത്. ക്രീസിൽ ഏദൻ ആപ്പിൾ ടോമും ബിജു നാരായണനും. 19–ാം ഓവറിലെ അവസാന പന്തിൽ ഏദൻ പറത്തിയ സിക്സറിന്റെ ബലത്തിൽ 10 റൺസ് നേടിയതോടെ അവസാന ഓവറിൽ ജയിക്കാൻ വേണ്ടിയിരുന്നത് 14 റൺസ്. മീഡിയം പേസർ അഖിൽ ദേവ് എറിഞ്ഞ ഓവറിലെ ആദ്യ 3 പന്തിൽ നേടാനായത് 2 റൺസ് മാത്രം. പിന്നീടായിരുന്നു സൂപ്പർ ക്ലൈമാക്സ്. 4–ാം പന്ത് ലോങ് ഓണിലേക്കും 5–ാം പന്ത് ലോങ് ഓഫിലേക്കും സിക്സർ പറത്തിയ ബിജു കാലിക്കറ്റിൽനിന്നു വിജയം റാഞ്ചി.

ആദ്യം ബാറ്റ് ചെയ്ത കാലിക്കറ്റ് ഇന്നിങ്സിന്റെ ചന്തം 22 പന്തിൽ 6 സിക്സറും 3 ഫോറുമടക്കം അർധ സെഞ്ചറി (54) നേടിയ ക്യാപ്റ്റൻ രോഹൻ എസ്. കുന്നുമ്മലിന്റെ ഇന്നിങ്സ് ആയിരുന്നു. രോഹനെ ബിജു നാരായണൻ വീഴ്ത്തിയതോടെ കാലിക്കറ്റിന്റെ സ്കോറിങ് വേഗം കുറഞ്ഞു; വിക്കറ്റുകൾ വീണു. സൽമാൻ നിസാർ (21), മനു കൃഷ്ണൻ (25) എന്നിവരായിരുന്നു മറ്റു സ്കോറർമാർ. ഷറഫുദിനൊപ്പം എ.ജി. അമലും 3 വിക്കറ്റ് വീഴ്ത്തി.

നല്ല ബാറ്റിങ് കരുത്തുള്ള കൊല്ലം ആത്മവിശ്വാസത്തോടെ നേരിടാനിറങ്ങിയെങ്കിലും ആദ്യ പന്തിൽത്തന്നെ വെടിക്കെട്ട് ബാറ്റർ വിഷ്ണു വിനോദിന്റെ ബെയിൽസ്, സ്പിന്നർ ഹരികൃഷ്ണൻ ഇളക്കി. 24 റൺസ് നേടിയ സച്ചിൻ ബേബിയെ കൂടി വീഴ്ത്തിയതോടെ പിന്നെ തുടർച്ചയായി വിക്കറ്റുകൾ വീണു. പേസർ അഖിൽ സ്കറിയയും (4 വിക്കറ്റ്) സ്പിന്നർ എസ്.മിഥുനും (3 വിക്കറ്റ്) ആയിരുന്നു കാലിക്കറ്റിന്റെ മുഖ്യ വിക്കറ്റ് വേട്ടക്കാർ.

English Summary:

Thrilling KCL Opener: Kerala Cricket League witnessed a thrilling commencement with Kollam Sailers securing a melodramatic victory. The lucifer was filled with twists and turns, yet decided by Biju Narayanan's 2 consecutive sixes successful the last over.

Read Entire Article