Published: August 21, 2025 09:28 AM IST
1 minute Read
-
6 ടീമുകൾ, 33 മത്സരങ്ങൾ, 106 താരങ്ങൾ
തിരുവനന്തപുരം ∙ ഓണക്കാലത്ത് കേരള ക്രിക്കറ്റിലെ സൂപ്പർ താരങ്ങളെല്ലാം ഒന്നിച്ച് അണിനിരന്നൊരുക്കുന്ന കളിയുത്സവത്തിനാണ് ഇന്ന് തിരുവനന്തപുരം കാര്യവട്ടം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ കൊടിയേറുന്നത്. കഴിഞ്ഞ തവണ സച്ചിൻ ബേബിയുടെ കൊല്ലം സെയ‌്‍ലേഴ്സ് തലയിലേറ്റിയ കെസിഎൽ കപ്പിന് ഇത്തവണ പുതിയ അവകാശികളുണ്ടാകുമോ? കെസിഎലിൽ ആദ്യമായി കളിക്കാൻ ഇറങ്ങുന്ന രാജ്യാന്തര താരം സഞ്ജു സാംസൺ സ്വന്തം മണ്ണിൽ നാട്ടുകാർക്കു മുന്നിൽ കരുതി വച്ചിരിക്കുന്നതെന്താവും? ആദ്യ സീസണിലൂടെ ഐപിഎലിൽ മുംബൈ ടീമിലെത്തി താരമായ വിഘ്നേഷ് പുത്തൂരിന്റെ പിൻമുറക്കാരാകുന്ന പുത്തൻ താരോദയങ്ങൾ ആരൊക്കെ?
ഇനിയുള്ള രണ്ടര ആഴ്ചക്കാലം കളി പ്രേമികൾ കാത്തിരിക്കുന്നത് ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം കൂടിയാണ്. കളിയിൽ അംപയറുടെ തീരുമാനങ്ങൾ ചോദ്യം ചെയ്യാൻ കഴിയുന്ന ഡിആർഎസ് സംവിധാനം കൂടി ഏർപ്പെടുത്തിയതോടെ മത്സരം കൂടുതൽ ആവേശകരമാകും. ബാറ്റർമാർക്ക് ആനുകൂല്യമേറെ ലഭിക്കാവുന്ന പിച്ചുകളാണ് മത്സരത്തിനായി ഒരുക്കിയിരിക്കുന്നതെന്ന് ടീം ക്യാപ്റ്റൻമാർ സാക്ഷ്യപ്പെടുത്തുന്നു. ലീഗ് റൗണ്ടിൽ 6 ടീമുകളും 2 തവണ വീതം ഏറ്റുമുട്ടും. പോയിന്റ് നിലയിൽ മുന്നിലെത്തുന്ന 4 ടീമുകൾ സെമിയിലെത്തും.
ചാംപ്യൻമാർക്ക് കെസിഎൽ കപ്പിനൊപ്പം 30 ലക്ഷം രൂപയാണു സമ്മാനത്തുക. റണ്ണേഴ്സ് അപ്പിന് 20 ലക്ഷവും 2 സെമി ഫൈനലിസ്റ്റുകൾക്ക് 5 ലക്ഷം വീതവും ലഭിക്കും. മത്സരങ്ങൾ കാണാൻ സ്റ്റേഡിയത്തിൽ പ്രവേശനം സൗജന്യമാണ്. കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംഘടിപ്പിക്കുന്ന ലീഗ് ആദ്യ സീസൺ കൊണ്ടു തന്നെ ദേശീയ ശ്രദ്ധ നേടിക്കഴിഞ്ഞു. കഴിഞ്ഞ സീസണിൽ 2.04 കോടി പേരാണ് ടിവി ചാനലുകളിലൂടെയും ഒടിടിയിലും തത്സമയം കളി കണ്ടത്.
English Summary:









English (US) ·