Published: July 31 , 2025 08:17 AM IST
1 minute Read
തിരുവനന്തപുരം∙ കേരള ക്രിക്കറ്റ് ലീഗിൽ (കെസിഎൽ) ഇത്തവണ ടീമുകൾക്ക് അംപയറുടെ തീരുമാനം പുനപരിശോധിക്കാനാവുന്ന ഡിആർഎസ് സംവിധാനവുമുണ്ടാകും. രാജ്യാന്തര മത്സര മാതൃകയിൽ ഓരോ ഇന്നിങ്സിലും ഇരു ടീമുകൾക്കും 3 വീതം ഡിആർഎസ് അവസരങ്ങളാകും ലഭിക്കുക. ആദ്യ സീസണിൽ അംപയർമാർക്ക് തീരുമാനമെടുക്കാൻ സഹായകമാകുന്ന തേഡ് അംപയർ സംവിധാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഇംപാക്ട് പ്ലെയർ ഉൾപ്പെടെ ഐപിഎൽ മത്സര മാനദണ്ഡങ്ങൾ പാലിച്ചാണ് കെസിഎൽ മത്സരങ്ങളും സംഘടിപ്പിക്കുന്നത്. മത്സരങ്ങളുടെ തത്സമയ സംപ്രേഷണം ഇത്തവണ ഗൾഫ് മേഖലയിലുമുണ്ടാകും. സ്റ്റാർ സ്പോർട്സ് 3 ചാനലിൽ എല്ലാ മത്സരങ്ങളും തത്സമയ സംപ്രേഷണം ചെയ്യുന്നതോടെ ടീമുകൾക്കും കേരള ക്രിക്കറ്റ് അസോസിയേഷനും അതുവഴിയുള്ള പരസ്യ വരുമാനവും ഇത്തവണ ഏറും.
കാര്യവട്ടത്തെ തിരുവനന്തപുരം സ്പോർട്സ് ഹബ് സ്റ്റേഡിയത്തിൽ നടക്കുന്ന ലീഗിന് മുന്നോടിയായി ഗ്രൗണ്ടിലെ ഫ്ലഡ് ലൈറ്റുകൾ പൂർണമായും എൽഇഡി ആക്കി. ഫ്ലഡ് ലൈറ്റ് നവീകരണത്തിനു മാത്രം 8 കോടി രൂപയോളമാണ് കെസിഎ ചെലവാക്കിയത്.
21ന് ഉച്ചയ്ക്ക് 3ന് നിലവിലെ ചാംപ്യൻമാരായ കൊല്ലം സെയ്‌ലേഴ്സും റണ്ണറപ്പായ കാലിക്കറ്റ് ഗ്ലോബ്സ്റ്റാർസും തമ്മിലാണ് ഉദ്ഘാടന മത്സരം. വൈകിട്ട് 6ന് നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ലീഗിന്റെ ബ്രാൻഡ് അംബാസഡറായ മോഹൻലാൽ മുഖ്യാതിഥിയാകും. എല്ലാ ദിവസവും ഉച്ചയ്ക്ക് മൂന്നിനും രാത്രി 7നുമാണ് മത്സരങ്ങൾ. തിരുവോണ ദിനമായ സെപ്റ്റംബർ 5നാണ് സെമിഫൈനലുകൾ. ഫൈനൽ 6ന് വൈകിട്ട് 7 മുതൽ.
ഗ്രൗണ്ടിലേക്ക് കാണികളെ കൂടുതൽ ആകർഷിക്കുന്നതിനായി കളിയുടെ ഇടവേളയിൽ ഗാലറിയിൽ രസകരമായ മത്സരങ്ങൾ സംഘടിപ്പിച്ച് ടി ഷർട്ടും ക്യാപ്പുകളും അടക്കമുള്ള സമ്മാനങ്ങൾ നൽകുമെന്നു കെസിഎ സെക്രട്ടറി വിനോദ് എസ്.കുമാർ അറിയിച്ചു. കെസിഎൽ പ്രചാരണാർഥമുള്ള ട്രോഫി ടൂർ തൃശൂർ ജില്ലയിലെ പര്യടനം പൂർത്തിയാക്കി ഇന്ന് എറണാകുളത്തേക്കു കടക്കും.
English Summary:









English (US) ·