അസമിലെ ദിബ്രുഗഡിൽനിന്ന് തോമസ് ജേക്കബ്
Published: January 22, 2026 12:26 AM IST
1 minute Read
സന്തോഷ് ട്രോഫി ഫുട്ബോൾ ഫൈനൽ റൗണ്ട് മത്സരങ്ങൾ നടക്കുന്ന മൈതാനത്തെ കുഴി നികത്താനുള്ള പെടാപ്പാടിലാണ് അസം ഫുട്ബോൾ അസോസിയേഷൻ. സിലാപത്തിലെ രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ ഇന്നത്തെ ഉദ്ഘാടന മത്സരത്തിനു മുന്നോടിയായി കുഴികൾ നികത്താൻ പറ്റുമോയെന്ന സംശയം എല്ലാവർക്കുമുണ്ട്. മൈതാനം ഉറപ്പിക്കുന്ന റോളർ ഉപയോഗിച്ച് ഇന്നലെ രാവിലെ തുടങ്ങിയ ജോലികൾ രാത്രി വൈകിയും പൂർത്തിയായിട്ടില്ല. നിലവിലെ സൗകര്യങ്ങളുമായി പൊരുത്തപ്പെടണമെന്നു മാത്രമാണ് സംഘാടകരുടെ അഭ്യർഥന. ഇന്നു രാവിലെ 9ന് ഉത്തരാഖണ്ഡും രാജസ്ഥാനും തമ്മിലാണ് ഉദ്ഘാടന മത്സരം.
അതിനിടെ, എട്ടാം സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം തേടി കേരള ഫുട്ബോൾ ടീം അസമിലെ ദിബ്രുഗഡിൽ ഇന്നലെ വിമാനമിറങ്ങി. ഇന്നലെ പൂർണമായി വിശ്രമിച്ച ടീമംഗങ്ങൾ ഇന്നു രാവിലെ 10 മുതൽ 11 വരെ പരിശീലനം നടത്തും. സിലാപത്തർ സ്റ്റേഡിയത്തിൽ പഞ്ചാബിനെതിരെ നാളെയാണ് കേരളത്തിന്റെ ആദ്യ മത്സരം.
മത്സരങ്ങൾക്ക് ശേഷം താരങ്ങൾ കിലോമീറ്ററുകൾ സഞ്ചരിക്കേണ്ടി വരുന്നതും മൈതാനത്തിന്റെ നിലവാരമില്ലായ്മയും വെല്ലുവിളിയാണെങ്കിലും എല്ലാ പ്രതികൂല സാഹചര്യങ്ങളെയും നേരിടാൻ കേരള ടീം സജ്ജമാണെന്ന് പരിശീലകൻ ഷഫീഖ് ഹസൻ പറഞ്ഞു.അതേസമയം, നിലവിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടണമെന്ന് അസം ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികൾ അഭ്യർഥിച്ചതായും കേരള ടീം അധികൃതർ പറഞ്ഞു.
English Summary:








English (US) ·