Published: September 16, 2025 03:41 PM IST Updated: September 16, 2025 03:52 PM IST
1 minute Read
കൊച്ചി ∙ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബിന്റെ മുഴുവൻ ഓഹരികളും വിൽക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. സമൂഹമാധ്യമങ്ങളിലാണ് ഇതു സംബന്ധിച്ച അഭ്യൂഹങ്ങൾ പരന്നത്. മാഗ്നം സ്പോർട്സ് ആണ് നിലവിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമകൾ. ക്ലബിന്റെ 100 ശതമാനം ഓഹരികളും വിൽക്കാൻ പോകുന്നതായാണ് വിവരം. ഐഎസ്‌എൽ തുടങ്ങാൻ വൈകുന്നതിനിടെയാണ് ക്ലബ് വിൽക്കാൻ ഒരുങ്ങുന്നെന്ന റിപ്പോർട്ട്. ഐഎസ്എൽ പ്രതിസന്ധിയിലായതിനെ തുടർന്നു ക്ലബുകളും സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് നേരത്തെ റിപ്പോർട്ടുണ്ടായിരുന്നു.
കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് ഉൾപ്പെടെ ബ്ലാസ്റ്റേഴ്സ് ഓഹരികൾ വാങ്ങാൻ തയാറാണെന്നാണ് റിപ്പോർട്ട്. ഇതു സംബന്ധിച്ച് ചർച്ചകളും നടക്കുന്നുണ്ട്. എന്നാൽ ഔദ്യോഗികമായി ഇതു സംബന്ധിച്ച് യാതൊരു വിവരവും ഇതുവരെ പുറത്തുവന്നിട്ടില്ല. അഭ്യൂഹങ്ങൾ തള്ളി കായിക രംഗത്തെ ചില പ്രമുഖരും രംഗത്തെത്തിയിട്ടുണ്ട്.
2014നാണ് കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് രൂപീകരിച്ചത്. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെൻഡുൽക്കർ, പ്രസാദ് പൊട്ട്‌ലൂരി തുടങ്ങിയവരായിരുന്നു ക്ലബിന്റെ ആദ്യ ഉടമകള്‍. സച്ചിന്റെ വിളിപ്പേരായ ‘മാസ്റ്റർ ബ്ലാസ്റ്റർ’ എന്നതിൽനിന്നാണ് ക്ലബിന് കേരള ബ്ലാസ്റ്റേഴ്സ് എന്ന പേരു പോലുമുണ്ടായത്. 2016ൽ നിമ്മഗഡ്ഡ പ്രസാദ്, നാഗാർജുന, ചിരഞ്ജീവി, അല്ലു അരവിന്ദ് എന്നിവരടങ്ങിയ കൺസോർഷ്യം ക്ലബിന്റെ 80 ശതമാനം ഓഹരികളും വാങ്ങിക്കുകയായിരുന്നു. 2018ൽ സച്ചിൻ തന്റെ 20 ശതമാനം ഓഹരികളും കൺസോർഷ്യത്തിന് കൈമാറി പൂർണമായും ക്ലബ് വിട്ടു. 2021ലാണ് ഈ കൺസോർഷ്യം, മാഗ്നം സ്പോർട്സ് എന്നു പേരു മാറ്റിയത്. നിമ്മഗഡ്ഡ പ്രസാദിന്റെ മകനായ നിഖിൽ ഭരദ്വാജാണ് ക്ലബിന്റെ ചെയർമാൻ.
സാമ്പത്തികം ഉൾപ്പെടെയുള്ള ആശങ്കകൾ കാരണം ഐഎസ്‌എലിലെ പല ക്ലബ്ബുകളും ഇതുവരെ പ്രീ സീസൺ പരിശീലനം പോലും ആരംഭിച്ചിട്ടില്ല. ഐഎസ്എൽ മത്സരങ്ങളുടെ നടത്തിപ്പുകാരെ കണ്ടെത്താനാവാത്തതും ലീഗിന്റെ പുതിയ സാമ്പത്തിക, വാണിജ്യ ഘടനയെക്കുറിച്ചുള്ള അനിശ്ചിതത്വമാണ് ക്ലബ്ബുകൾ ഉന്നയിക്കുന്ന ഒരു പ്രശ്നം. സംപ്രേക്ഷണ വരുമാനത്തെക്കുറിച്ചും ചെലവുകളെക്കുറിച്ചും വ്യക്തമായ ധാരണയില്ലാതെ സീസണിലേക്കുള്ള ബജറ്റ് തയാറാക്കാൻ കഴിയില്ലെന്നു കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു.
English Summary:








English (US) ·