Published: March 26 , 2025 06:43 AM IST
1 minute Read
കൊച്ചി ∙ ലോക ഫുട്ബോളിന്റെ തറവാടുകളിലൊന്നിൽ നിന്നാണു ഡേവിഡ് കറ്റാലയുടെ വരവ്; ബാർസിലോനയിൽ നിന്ന്. സ്പെയിനിലെ കാറ്റലോണിയൻ പ്രവിശ്യയുടെ തലസ്ഥാന നഗരത്തിൽ ജനിച്ചിട്ടും എഫ്സി ബാർസിലോനയ്ക്കു വേണ്ടി കളിച്ചിട്ടില്ല. എന്നാൽ മറ്റു കളി നിലങ്ങളിൽ അപാരമായ അനുഭവ സമ്പത്തുണ്ട്. അതാണു ചെറിയ കാലത്തെ കോച്ചിങ് കരിയറിൽ അദ്ദേഹത്തിന്റെ കരുത്ത്.
ഒരു ടീമിനെയും ഒന്നിലേറെ സീസണുകളിൽ പരിശീലിപ്പിച്ചിട്ടില്ലെങ്കിലും അപ്പോളൻ ലിമസോളിനു സൈപ്രിയോട്ട് സൂപ്പർ കപ്പ് നേടിക്കൊടുത്തു. 20 വർഷത്തിനിടെ പ്രതിരോധ താരമായി അഞ്ഞൂറോളം മത്സരങ്ങൾ കളിച്ച അദ്ദേഹം കോച്ചായി എത്തുന്നതു തകർന്നടിഞ്ഞ ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിനു പുതിയ ആത്മവിശ്വാസം നൽകിയേക്കാം.
∙ കോർസ് ബ്ലാസ്റ്റേഴ്സ് വിടും
സൂപ്പർ കപ്പ് ഉടൻ ആരംഭിക്കുന്നതിനാൽ കറ്റാല ശനിയാഴ്ചയ്ക്കകം എത്തുമെന്നാണു സൂചന. ടീം ക്യാംപ് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇടക്കാല മുഖ്യപരിശീലകൻ ടി.ജി.പുരുഷോത്തമൻ അസിസ്റ്റന്റ് കോച്ചായി ടീമിനൊപ്പം തുടരുമെന്നാണു സൂചന. എന്നാൽ, സഹപരിശീലകൻ തോമാസ് കോർസ് ബ്ലാസ്റ്റേഴ്സ് വിട്ടേക്കും.അദ്ദേഹം ഹൈദരാബാദ് എഫ്സിയുടെ പരിശീലകനാകുമെന്നാണു വിവരം.
കറ്റാലയ്ക്കൊപ്പം വിദേശ സഹപരിശീലകനും സപ്പോർട്ട് സ്റ്റാഫും പുതിയ കളിക്കാരും എത്തും. ആരാധകരുടെ പ്രിയപ്പെട്ട ‘ആശാൻ’, ബ്ലാസ്റ്റേഴ്സിന്റെ മുൻ കോച്ച് ഇവാൻ വുക്കോമനോവിച്ച് ഉൾപ്പെടെയുള്ളവർ കറ്റാലയ്ക്ക് ആശംസകൾ നേർന്നു കഴിഞ്ഞു. ‘‘ഐ വിഷ് ദ് ടീം ഓൾ ദ് ബെസ്റ്റ്.’’– വുക്കോമനോവിച്ചിന്റെ വാക്കുകൾ.
English Summary:









English (US) ·