കേരള മുള്ളറെന്ന വിളിപ്പേര്, അൽവാരസിന് മെസി നൽകിയ പാസ് ഇതേ കൃത്യതയില്‍ അവർ നജിമുദീനില്‍ കണ്ടിട്ടുണ്ട്

8 months ago 7

പി. ദീപുകുമാർ

23 May 2025, 09:06 AM IST

najumudeen

നജിമുദ്ദീൻ, 1973-ലെ സന്തോഷ് ട്രോഫിയുമായി ഗോളി രവിയും(നടുക്ക്) നജിമുദ്ദീനും (വലത്) ടൈറ്റസ് കുര്യനും(ഫയൽ ചിത്രം)

കൊല്ലം: 2023 ലോകകപ്പ് സെമിഫൈനൽ, അർജന്റീന ക്രൊയേഷ്യ മത്സരം. ടെലിവിഷനിൽ മത്സരം കാണവേ 69-ാം മിനിറ്റിൽ അൽവാരസ് ഗോളാക്കിയ മെസിയുടെ ഡയഗണൽ പാസ് 73-ലെ സന്തോഷ് ട്രോഫി ഫൈനൽ മത്സരം കണ്ടവരുടെ ഓർമ്മകളെ 50 കൊല്ലം പിന്നോട്ടുവലിച്ചു. ഇത്തരമൊരു പാസ് ഇതേ പൂർണതയോടെ അവർ കണ്ടിട്ടുണ്ട്. ക്യാപ്റ്റൻ മണിക്ക്‌ ടീമിലെ ‘ബേബി’യായിരുന്ന നജിമുദീൻ നൽകിയ പന്ത്. ‘അക്ഷരാർഥത്തിൽ തളികയിൽ വെച്ചുകൊടുക്കുന്ന പന്തുകളായിരുന്നു നജിമുദീന്റേത്. ഞങ്ങളതിന് അലുവാ പാസെന്ന് പറയും. മെസിയെപ്പോലെ എണ്ണംപറഞ്ഞ പ്ലേമേക്കർ, അന്ന് കേരള മുള്ളറെന്നായിരുന്നു വിളിപ്പേര്.‍’ കഴിഞ്ഞദിവസം അന്തരിച്ച ഫുട്ബോൾ താരം നജിമുദീനെപ്പറ്റി പറയുമ്പോൾ ജി. രവീന്ദ്രൻനായരെന്ന ഗോളി രവിക്ക്‌ പറയാൻ വാക്കുകൾ പോരാതെവരും.

സഹതാരമെന്നതിലുപരി അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുകൂടിയായിരുന്നു ഗോളി രവി. കൊല്ലം തേവള്ളിയിലെ നജിമുദീന്റെ വീടിന് തൊട്ടടുത്തായിരുന്നു രവിയുടെയും വീട്. ചെറുപ്പംമുതലേ പരിചയക്കാർ. ഇവർക്കു പുറമേ ടീമിലുണ്ടായിരുന്ന ടൈറ്റസ് കുര്യനും നാട്ടുകാരനായിരുന്നു. 1973-ലെ ടൂർണമെന്റിൽ കേരളത്തെ വലച്ച പരിക്കുകളാണ് ഇരുവർക്കും ടീമിലേക്ക് വഴിയൊരുക്കിയത്. റൈറ്റ് എക്സ്ട്രീം താരമായിരുന്ന ബ്ലാസി ജോർജിന്റെ പരിക്ക് നജിമുദീനെ ടീമിലെത്തിച്ചപ്പോൾ, ഒന്നാം ഗോളി വിക്ടർ മഞ്ഞിലയ്ക്കും രണ്ടാം ഗോളി സേതുമാധവനുമേറ്റ പരിക്ക് പ്രീക്വാർട്ടർമുതൽ രവിയെ ഗോൾവലയുടെ കാവൽക്കാരനാക്കി. കരുത്തരായ കർണാടകയ്ക്കെതിരേ നേടിയ നാല് ഗോളിൽ രണ്ടും നജിമുദീന്റെ വകയായിരുന്നു. പിന്നാലെ ആന്ധ്രയ്ക്കെതിരായ മത്സരത്തിലും ഗോൾ നേടി.

ഫൈനലിൽ റെയിൽവേയ്ക്കെതിരേ നജിമുദീന്റെ ഗോളടിപ്പിക്കാനുള്ള മികവാണ് കാണികൾ കണ്ടത്. തുറന്ന പോസ്റ്റ് മുന്നിലുണ്ടായിരുന്നു, വിജയഗോൾ തന്റെ കാലിൽ പിറക്കും. പക്ഷേ, നജിമുദീൻ എന്ന 19-കാരന്റെ കാലുകൾ രണ്ട് ഗോൾ നേടിയ ക്യാപ്റ്റൻ മണിയുടെ ഹാട്രിക് ഒരുക്കിയ ഗോളാക്കി ആ പന്തിനെ മാറ്റി. വ്യക്തിഗത നേട്ടങ്ങൾക്കപ്പുറം ടീമംഗങ്ങളുടെയും ടീമിന്റെയും വിജയമായിരുന്നു ആ ഫുട്ബോളർക്ക് പ്രധാനം. സന്തോഷ് ട്രോഫി വിജയത്തിൽ ഗോളി രവിയുടെ പ്രകടനവും നിർണായകമായി. ആദ്യ സന്തോഷ് ട്രോഫി ടീമിന്റെ പിൽക്കാലത്തെ കൂട്ടായ്മകളിലെല്ലാം ഇരുവരും ഒരുമിച്ചെത്തി. എന്നാലിനി നജിമുദീനില്ല. പെനാൽറ്റി കിക്ക് കാത്തുനിൽക്കുമ്പോഴുള്ള ഗോളിയുടെ ഏകാന്തത രവി ഇപ്പോൾ ജീവിതത്തിലും അനുഭവിക്കുന്നുണ്ടാകും.

Content Highlights: celebrated kerala footballer najumudeen story

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article