കേരളം ചർച്ച ചെയ്യേണ്ട സോഷ്യോ- പൊളിറ്റിക്കൽ ത്രില്ലർ; തോരാമഴയിലും 'നരിവേട്ട' കാണാൻ പ്രേക്ഷകപ്രവാഹം

7 months ago 7

കേരളത്തില്‍ ഏറെ ചര്‍ച്ചയായ മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത ആദിവാസികള്‍ക്കെതിരെയുള്ള ക്രൂരമായ പോലീസ് അതിക്രമത്തിന്റേയും കേരളം കണ്ട മറ്റ് ആദിവാസി സമരങ്ങളുടേയും ചുവടുപിടിച്ച് അനുരാജ് മനോഹര്‍ ടൊവിനോ തോമസിനെ നായകനാക്കി ഒരുക്കിയിരിക്കുന്ന 'നരിവേട്ട' തീയേറ്ററുകളില്‍ പ്രേക്ഷക പ്രീതി നേടി മുന്നേറുകയാണ്. ഒരേസമയം പ്രേക്ഷകരുടെ ഉള്ളുലയ്ക്കുന്നതും വേട്ടയാടുന്നതുമായ അനുഭവമാണ് ചിത്രം സമ്മാനിക്കുന്നത്. പത്ത് കോടി ബജറ്റില്‍ ഒരുക്കിയ ചിത്രം മൂന്ന് ദിവസം കൊണ്ട് 15 കോടി രൂപ വേള്‍ഡ് വൈഡ് കളക്ഷന്‍ നേടിക്കഴിഞ്ഞിട്ടുണ്ട്. മഴയെ പോലും വകവയ്ക്കാതെ തീയേറ്ററുകള്‍തോറും ഹൗസ്ഫുള്‍ ഷോകളുമായാണ് പ്രേക്ഷകര്‍ ചിത്രത്തെ ഏറ്റെടുത്തിരിക്കുന്നത്.

ആദിവാസികള്‍ക്കെതിരെയുള്ള അത്യന്തം ദാരുണമായ പോലീസ് നരനായാട്ട് പ്രേക്ഷകരുടെ ഉള്ളില്‍ തട്ടും വിധമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാണുന്നവരുടെ ചങ്കില്‍ കൊള്ളുന്നതാണ് സിനിമയിലെ ദൃശ്യങ്ങള്‍. ഒരു പോലീസ് കോണ്‍സ്റ്റബിളിന്റെ ജീവിതത്തിലൂടെയാണ് സിനിമയുടെ കഥപറച്ചില്‍. ടൊവിനോ തോമസാണ് ചിത്രത്തില്‍ വര്‍ഗ്ഗീസ് എന്ന കോണ്‍സ്റ്റബിളായെത്തിയിരിക്കുന്നത്. മനസ്സില്ലാമനസ്സോടെ പോലീസിലേക്ക് എത്തിയ വര്‍ഗ്ഗീസ്, ചിയമ്പം ഭൂസമരം നടക്കുന്ന കാട്ടില്‍ എത്തിച്ചേരുന്നതും തുടര്‍സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. ചടുലവും തീവ്രവും അതിസൂക്ഷ്മവുമായ കഥാഗതിയാണ് 'നരിവേട്ട'യെ വ്യത്യസ്തമാക്കുന്നത്.

പ്രേക്ഷക- നിരൂപക പ്രശംസ നേടിയ 'ഇഷ്‌കി'ന് ശേഷം അനുരാജ് ഒരുക്കിയിരിക്കുന്ന ചിത്രമാണ് 'നരിവേട്ട'. ഒരു തുണ്ട് ഭൂമിക്കുവേണ്ടിയുള്ള ആദിവാസികളുടെ ജീവന്മരണ പോരാട്ടങ്ങളെ അതേ തീവ്രതയോടെയാണ് എഴുത്തുകാരന്‍ അബിന്‍ ജോസഫ് തിരക്കഥാരൂപത്തില്‍ ഒരുക്കിയിരിക്കുന്നത്. അതിന്റെ അകക്കാമ്പ് ഒട്ടും ചോരാതെ അനുരാജ് മനോഹര്‍ സ്‌ക്രീനില്‍ എത്തിച്ചിട്ടുണ്ട്.

പ്രകടനങ്ങളില്‍ ഏറെ ശ്രദ്ധേയം ടൊവിനോയുടേയും ബഷീര്‍ എന്ന ഹെഡ് കോണ്‍സ്റ്റബിളായെത്തിയ സുരാജ് വെഞ്ഞാറമ്മൂടിന്റേയും ഡിഐജി രഘുറാം കേശവദാസായെത്തിയ തമിഴിലെ ശ്രദ്ധേയ താരം ചേരന്റേതുമാണ്. ഭൂസമരനായികയായെത്തിയ ആര്യാ സലീമിന്റേയും നായികാവേഷത്തിലെത്തിയ പ്രിയംവദയുടേയും ടൊവിനോയുടെ അമ്മ വേഷത്തിലെത്തിയ റിനി ഉദയകുമാറിന്റേയും താമി എന്ന ആദിവാസി പോരാളിയായെത്തിയ പ്രണവ് തിയോഫിന്റേയും പ്രകടനങ്ങള്‍ എടുത്തുപറയേണ്ടതാണ്.

വിപ്ലവവീര്യം നിറഞ്ഞുനില്‍ക്കുന്ന സിനിമയുടെ സെക്കന്‍ഡ് ഹാഫിലെ ഓരോ രംഗങ്ങളും ശ്വാസമടക്കിപിടിച്ചിരുന്ന് കണ്ടിരുന്നുപോകും വിധമാണ് ഒരുക്കിയിരിക്കുന്നത്. അതോടൊപ്പം തന്നെ സിംഗിള്‍ ഷോട്ടിലുള്ള ഉള്ളുലയ്ക്കുന്ന ക്ലൈമാക്‌സും ചിത്രത്തെ മറ്റൊരു തലത്തില്‍ എത്തിച്ചിട്ടുണ്ട്. പോലീസ് സേനയിലെ പുഴുകുത്തുകളും ഉള്ളുകളികളും സംഘര്‍ഷങ്ങളുമൊക്കെ ചിത്രം തുറന്നുകാണിക്കുന്നുണ്ട്.

ഇന്ത്യന്‍ സിനിമാ കമ്പനിയുടെ ബാനറില്‍ ഷിയാസ് ഹസ്സന്‍, ടിപ്പു ഷാന്‍ എന്നിവര്‍ ചേര്‍ന്നാണ് 'നരിവേട്ട' നിര്‍മിച്ചിരിക്കുന്നത്. സിനിമയുടെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് വിജയ് ആണ്. സിനിമ സംസാരിക്കുന്ന രാഷ്ട്രീയത്തിനൊപ്പം, സമരത്തിന്റെ തീവ്രത ഏറെ ആഴത്തില്‍ ഹൃദയസ്പര്‍ശിയായ വിധത്തില്‍, സിനിമയുടെ ഒഴുക്കിനനുസരിച്ചു ക്യാമറ ചലിപ്പിക്കാന്‍ ഛായാഗ്രാഹകന് സാധിച്ചിട്ടുണ്ട്. സിനിമ ആവശ്യപ്പെടുന്നത് മാത്രം എടുത്തുകൊണ്ട് അളന്നുമുറിച്ചുള്ള ഷമീര്‍ മുഹമ്മദിന്റെ എഡിറ്റിങ്ങും എടുത്തുപറയേണ്ടതാണ്. സിനിമ സംസാരിക്കുന്ന വിഷയവും കഥാപാത്രങ്ങളുടെ തീവ്രതയും ആന്തരിക സംഘര്‍ഷങ്ങളും പ്രേക്ഷകരിലെത്തിക്കുന്നതും കഥയുടെ ഗൗരവം പ്രേക്ഷകര്‍ക്ക് അനുഭവമാകുന്ന വിധത്തിലും ഉള്ളതാണ് ജേക്സ് ബിജോയ് ഒരുക്കിയിരിക്കുന്ന സംഗീതം. ഒരു തുണ്ട് ഭൂമിക്കായുള്ള ആദിവാസി സമൂഹങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് ഒരുക്കിയിരിക്കുന്ന ചിത്രം തീര്‍ച്ചയായും ഓരോ മലയാളികളും കണ്ടിരിക്കേണ്ടത് തന്നെയാണ്.

Content Highlights: Tovino Thomas shines successful Narivetta

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article