പത്താം വയസ്സു മുതൽ ക്രിക്കറ്റായിരുന്നു പ്രശാന്തിന് എല്ലാം. ജൂനിയർ ടീമിലൂടെ തുടങ്ങി 13 വർഷത്തോളം കേരള സീനിയർ ടീമിന്റെ ഭാഗമായി, പിന്നാലെ ഐപിഎലിൽ കൊച്ചി ടസ്കേഴ്സിനെ പ്രതിനിധീകരിച്ച തിരുവനന്തപുരം സ്വദേശി പി.പ്രശാന്ത്, സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂർണമെന്റിൽ 50 വിക്കറ്റ് തികച്ച ആദ്യ താരമാണ്.
കേരള സീനിയർ ക്രിക്കറ്റ് ടീമിന്റെ ഏറ്റവും പ്രായം കുറഞ്ഞ ചീഫ് സിലക്ടറായ പ്രശാന്ത്, ഈ സീസണിൽ ഐപിഎൽ ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടാലന്റ് സ്കൗട്ടിന്റെ ഭാഗമാണ്.
∙ കൊൽക്കത്തയിലേക്ക്
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ടാലന്റ് സ്കൗട്ട് ഹെഡ് ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ മുൻ ഫീൽഡിങ് പരിശീലകനും മലയാളിയുമായ ബിജു ജോർജാണ്. അദ്ദേഹം വഴിയാണ് കൊൽക്കത്തയുടെ ടാലന്റ് സ്കൗട്ടിലേക്ക് അവസരം ലഭിക്കുന്നത്. മുൻപ് ഐപിഎൽ ടീമിൽ ഇടംപിടിക്കാൻ ഞാൻ ആഗ്രഹിച്ചിരുന്നു. കൊച്ചി ടസ്കേഴ്സിലൂടെ അതു സാധ്യമായി.
ഇപ്പോൾ പുതിയ താരങ്ങളെ കണ്ടെത്താനുള്ള ചുമതലയാണ് ടാലന്റ് സ്കൗട്ടിലൂടെ ലഭിച്ചിരിക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്റെ പിന്തുണ കൂടി ലഭിച്ചതോടെ പുതിയ ചുമതല ഏറ്റെടുത്തു.
∙ എന്താണ് ടാലന്റ് സ്കൗട്ട്
ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് മികച്ച താരങ്ങളെ കണ്ടെത്തുകയാണ് ടാലന്റ് സ്കൗട്ടിന്റെ ചുമതല. ഓരോ ഐപിഎൽ ടീമിനും സ്വന്തമായി ടാലന്റ് സ്കൗട്ട് ഉണ്ട്. അവർ എല്ലാ ആഭ്യന്തര മത്സരങ്ങളും കാണാൻ പോകും.
എന്തെങ്കിലും പ്രത്യേകതയുള്ള താരങ്ങളെ കണ്ടെത്തിയാൽ അവരെ ട്രയൽസിനു വിളിപ്പിക്കും. അവിടെ വച്ച് ടീം കോച്ചും മറ്റ് അധികൃതരും ചേർന്നാണ് ബാക്കി കാര്യങ്ങൾ തീരുമാനിക്കുന്നത്.
∙ ആദ്യം ടിഎൻപിഎൽ
തമിഴ്നാട് പ്രിമിയർ ലീഗിൽ നിന്നുള്ള താരങ്ങളെ കണ്ടെത്തുകയാണ് എനിക്കു ലഭിച്ച ആദ്യ ദൗത്യം. ഇതിന്റെ ഭാഗമായി കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ഞാൻ ടിഎൻപിഎൽ നേരിട്ടു കാണാൻ പോയിരുന്നു.
മികച്ച നിലവാരത്തിലുള്ള മത്സരങ്ങളാണ് അവിടെ നടക്കുന്നത്. ഐപിഎലിൽ കളിക്കുന്ന ഒട്ടേറെ താരങ്ങൾ ഇപ്പോൾ ടിഎൻപിഎലിൽ ഉണ്ട്.
∙ കേരളവും ഐപിഎലും
സ്വന്തമായി ഐപിഎൽ ടീമുള്ള സംസ്ഥാനങ്ങളിൽ നിന്നെല്ലാം ഒട്ടേറെപ്പേർ ഐപിഎലിലേക്കു വരുന്നുണ്ട്. അങ്ങനെ നോക്കിയാൽ കേരള താരങ്ങൾക്ക് അവസരം കുറവാണ്. എങ്കിലും കഴിഞ്ഞ സീസണിൽ 4 കേരള താരങ്ങൾ ഐപിഎലിന്റെ ഭാഗമായി. കേരളത്തിന് സ്വന്തമായി ഒരു ഐപിഎൽ ടീം ഉണ്ടായിരുന്നെങ്കിൽ കൂടുതൽ പേർക്ക് അവസരം ലഭിച്ചേനെ.
കൊച്ചി ടസ്കേഴ്സ് ഉണ്ടായിരുന്നപ്പോൾ ഞാൻ ഉൾപ്പെടെ ഒട്ടേറെ പേർക്ക് അവസരം ലഭിച്ചു. പക്ഷേ, ആ ടീം മുന്നോട്ടുപോയില്ല. അവസാന സീസണിൽ ടീമിനൊപ്പം ഉണ്ടായിരുന്ന പല കളിക്കാർക്കും മുഴുവൻ ശമ്പളം പോലും കിട്ടിയിട്ടില്ല.
∙ കെസിഎലും ടിൻഎൻപിഎലും
കേരള ക്രിക്കറ്റ് ലീഗിന് (കെസിഎൽ) ഗംഭീര തുടക്കമാണ് ലഭിച്ചത്. സംഘാടന മികവുകൊണ്ടും മത്സരങ്ങളുടെ നിലവാരം കൊണ്ടും കെസിഎൽ ശ്രദ്ധിക്കപ്പെട്ടു. അതിനാലാണ് വിഘ്നേഷ് പുത്തൂരിനെ പോലുള്ള താരങ്ങൾക്ക് ഐപിഎലിലേക്ക് അവസരം ലഭിച്ചത്.
വർഷങ്ങളുടെ പാരമ്പര്യമുള്ള ടിഎൻപിഎലുമായി കെസിഎലിനെ താരതമ്യം ചെയ്യാൻ സാധിക്കില്ല. വരും വർഷങ്ങളിൽ കൂടുതൽ കേരള താരങ്ങൾ ഐപിഎൽ കളിക്കാൻ കെസിഎൽ കാരണമാകും.
English Summary:








English (US) ·