
മുൻ സന്തോഷ് ട്രോഫി താരം എം ബാബുരാജ് | ഫോട്ടോ: മാതൃഭൂമി
ഇത്രയും സൗമ്യനും നിശ്ശബ്ദനും തന്നിലേക്ക് തന്നെ ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരനുമായ ഒരാള്‍ എങ്ങനെ അറിയപ്പെടുന്ന പന്തുകളിക്കാരനും പ്രതിരോധനിരയിലെ പുലിയുമായി മാറി? -ചോദിച്ചിട്ടുണ്ട് ബാബുരാജിനോട്. ലജ്ജകലര്‍ന്ന പുഞ്ചിരിയായിരുന്നു മറുപടി. പിന്നെ പതിഞ്ഞ ശബ്ദത്തില്‍ ഒരു മറുചോദ്യവും- 'ന്നിട്ടും ങ്ങള് പത്രക്കാരനായീലെ? അതുപോലെ തന്നേന്ന് കൂട്ടിയാല്‍ മതി...'
കളിയെഴുത്തു ജീവിതം കനിഞ്ഞുനല്‍കിയ പ്രിയസുഹൃത്തുക്കളിലൊരാളായ ബാബുരാജിന്റെ വിയോഗവാര്‍ത്ത തോബിയാസും മെഹബൂബും വിളിച്ചറിയിച്ചപ്പോള്‍ മനസ്സില്‍ വീണ്ടും ആ രൂപം തെളിഞ്ഞു. ടച്ച് ലൈനിന് സമാന്തരമായി കുതിച്ചെത്തുന്ന എതിര്‍ സ്ട്രൈക്കറുടെ ബൂട്ടുകളില്‍നിന്ന് തന്ത്രപൂര്‍വം പന്ത് റാഞ്ചിയെടുത്ത് ഏറ്റവുമടുത്തുള്ള കൂട്ടുകാരന് കൈമാറിയശേഷം ഒന്നും സംഭവിക്കാത്ത മട്ടില്‍ അടുത്ത ആക്രമണം കാത്തുനില്‍ക്കുന്ന വിങ് ബാക്ക്. അപ്പോഴുമുണ്ടാകും നേര്‍ത്തൊരു മന്ദഹാസം ആ മുഖത്ത്.
ആ ചിരിയായിരുന്നു ബാബുരാജ്. കളിക്കളത്തിലെ പ്രസാദാത്മക വ്യക്തിത്വം. കടുത്ത സമ്മര്‍ദ്ദത്തില്‍ കളിക്കുമ്പോഴും മനഃസാന്നിധ്യം കൈവിടാത്ത ഒരു 'കൂള്‍ കസ്റ്റമര്‍.'
കേരള പോലീസിന്റെ, കേരളത്തിന്റെ വിശ്വസ്തനായ പ്രതിരോധ ഭടനെ ആദ്യം കണ്ടതും പരിചയപ്പെട്ടതും 1988-ലെ കൊല്ലം സന്തോഷ് ട്രോഫിക്കിടയിലാണ്- റിപ്പോര്‍ട്ടിങ് ദൗത്യവുമായി 'കാര്‍ത്തിക'യില്‍ താമസിക്കുമ്പോള്‍. ബാബു ഉള്‍പ്പെട്ട കേരള ടീമിന്റെ താമസവും അതേ ഹോട്ടലില്‍ത്തന്നെ. തോമസ് സെബാസ്റ്റ്യന്‍ നയിച്ച ആ ടീമിലെ സൗമ്യസാന്നിധ്യമായിരുന്ന ബാബുവുമായി അടുത്തത് വളരെ പെട്ടെന്നാണ്.
ഫെഡറേഷന്‍ കപ്പിലൂടെ, ദേശീയ ലീഗിലൂടെ ആ സൗഹൃദം മുന്നേറി. റിപ്പോര്‍ട്ടറും കളിക്കാരനും തമ്മിലുള്ള പ്രൊഫഷണല്‍ ബന്ധത്തിനപ്പുറത്തേക്ക് വളര്‍ന്ന സൗഹൃദം. പോലീസ് ടീമിലെ മിക്ക കളിക്കാരുമായും ഉണ്ടായിരുന്നല്ലോ അത്തരമൊരു ബന്ധം. കളിയെഴുത്തു ജീവിതത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോള്‍ ആഹ്ലാദം പകരുന്ന ഓര്‍മ്മകള്‍.
കളിക്കളത്തോട് വിടചൊല്ലി പാട്ടിന്റെ ലോകത്തേക്ക് കുടിയേറിയശേഷം കൂടിക്കാഴ്ച്ചകള്‍ അപൂര്‍വമായി. സംസാരം ഫോണ്‍ വിളികളിലൊതുങ്ങി. എന്തും ഏതും ഹൃദ്യമായ പുഞ്ചിരിയോടെ മാത്രം നേരിട്ടുകണ്ടിട്ടുള്ള ബാബുവിനെ അകാലത്തില്‍ മറവിരോഗം ബാധിച്ച കാര്യം കൂട്ടുകാര്‍ പറഞ്ഞറിഞ്ഞപ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു ആദ്യം. നേരില്‍ വിളിച്ചപ്പോള്‍ വാക്കുകള്‍ക്കുവേണ്ടി പരതിയ ബാബുവിന്റെ ഇടര്‍ച്ച ബാധിച്ച ശബ്ദം നൊമ്പരമായി ഓര്‍മ്മയിലുണ്ട്.
ആക്രമണങ്ങള്‍ക്ക് മുന്നില്‍ ചങ്കുറപ്പോടെ അടിപതറാതെനിന്ന പ്രതിരോധ ഭടന്‍ മറവിയുടെ ഓഫ്സൈഡ് ട്രാപ്പില്‍ നിസ്സഹായനായി നില്‍ക്കുന്ന ചിത്രം സങ്കല്‍പ്പിക്കാന്‍ പോലുമാവില്ലായിരുന്നു. പക്ഷേ, അതായിരുന്നു സത്യം.
ആദ്യം സത്യന്‍, പിന്നാലെ ജാബിറും ലിസ്റ്റണും. ഇപ്പോഴിതാ ബാബുവും. കേരള ഫുട്ബാളില്‍ വസന്തം വിരിയിച്ച ടീമിലെ ഒരാള്‍കൂടി മായുന്നു. പക്ഷേ, കണ്മുന്നില്‍ നിന്നേ മറയുന്നുള്ളു ബാബു. ഓര്‍മ്മയിലെ സൗമ്യസുന്ദരമായ ആ ചിരി മായുകില്ല, ഒരിക്കലും.
Content Highlights: ravimenon astir santhosh trophy shot subordinate m baburaj








English (US) ·