Published: August 22, 2025 09:35 PM IST
1 minute Read
തിരുവനന്തപുരം∙ ഏഷ്യാ കപ്പ് ടീം പ്രഖ്യാപനത്തിനു പിന്നാലെ ചർച്ചയായി കേരള ക്രിക്കറ്റ് ലീഗിൽ സഞ്ജു സാംസണിന്റെ ബാറ്റിങ് പൊസിഷൻ. കേരള ക്രിക്കറ്റ് ലീഗിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിനായി സഞ്ജു സാംസൺ ഓപ്പണിങ് ഇറങ്ങാതിരുന്നതോടെയാണ് ഏഷ്യാ കപ്പിന്റെ തയാറെടുപ്പുകൾക്കായി സഞ്ജു മധ്യനിരയിലെ അവസരങ്ങൾ പരീക്ഷിക്കുകയാണെന്ന് ആരാധകർ വാദിച്ചത്. നിലവിൽ ഇന്ത്യൻ ട്വന്റി20 ടീമിലും രാജസ്ഥാൻ റോയൽസിലും ഓപ്പണിങ് ബാറ്ററുടെ റോളിലാണു സഞ്ജു കളിക്കുന്നത്.
ഏഷ്യാകപ്പിനുള്ള ഇന്ത്യൻ ടീമിൽ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗിൽ എത്തിയതോടെ സഞ്ജുവിന്റെ ഓപ്പണർ സ്ഥാനം ഭീഷണിയിലാണ്. ട്വന്റി20യിലെ ഒന്നാം നമ്പര്‍ ബാറ്ററായ അഭിഷേക് ശർമയ്ക്കൊപ്പം ശുഭ്മൻ ഗിൽ ഓപ്പണറാകുമെന്ന് റിപ്പോർട്ടുകളുണ്ട്. അങ്ങനെയെങ്കിൽ സഞ്ജു സാംസണ് ബാറ്റിങ് ക്രമത്തിൽ താഴേക്ക് ഇറങ്ങേണ്ടിവരും. സഞ്ജു മധ്യനിരയിൽ അഞ്ചാം നമ്പരിൽ കളിക്കാൻ ഇറങ്ങാനാണു സാധ്യത.
ഇന്ത്യൻ ട്വന്റി20 ടീമിൽ വൺഡൗണിൽ തിലക് വർമയും നാലാമനായി ക്യാപ്റ്റൻ സൂര്യകുമാർ യാദവുമാണു ബാറ്റു ചെയ്യുന്നത്. അവരുടെ സ്ഥാനത്തിന് ഇളക്കം തട്ടാനുള്ള സാധ്യതയുമില്ല. അങ്ങനെയെങ്കിൽ സഞ്ജു അഞ്ചാമനാകേണ്ടിവരും. അതിനുള്ള ഒരുക്കമാണ് സഞ്ജു കൊച്ചി ബ്ലൂ ടൈഗേഴ്സിൽ നടത്തുന്നതെന്നാണ് ഒരു വിഭാഗം ആരാധകരുടെ കണ്ടെത്തൽ. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ട്രിവാൻഡ്രം റോയൽസിനെതിരായ മത്സരത്തിൽ വിനൂബ് മനോഹരനും ജോബിൻ ജോയിയുമായിരുന്നു കൊച്ചിയുടെ ഓപ്പണർമാര്‍.
വൺഡൗണായും നാലാമനായും ആരാധകർ സഞ്ജുവിനെ പ്രതീക്ഷിച്ചെങ്കിലും ആദ്യ മത്സരത്തിൽ ഇന്ത്യന്‍ താരം ബാറ്റിങ്ങിന് ഇറങ്ങിയില്ല. എങ്കിലും കൊച്ചി ബ്ലൂ ടൈഗേഴ്സ് എട്ടു വിക്കറ്റ് വിജയമാണ് മത്സരത്തിൽ നേടിയത്. ആദ്യം ബാറ്റു ചെയ്ത ട്രിവാൻഡ്രം റോയൽസ് 20 ഓവറിൽ 97 റൺസെടുത്ത് ഓള്‍ഔട്ടായപ്പോൾ കൊച്ചി 11.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യത്തിലെത്തി. സഞ്ജു സാംസണിന്റെ സഹോദരൻ സലി സാംസൺ സിക്സർ പറത്തിയാണ് കൊച്ചിയുടെ വിജയമാഘോഷിച്ചത്. 30 പന്തുകൾ നേരിട്ട സലി 50 റൺസുമായി പുറത്താകാതെ നിന്നു.
വരും മത്സരങ്ങളിലും സഞ്ജു ഓപ്പണറുടെ റോളിൽ ഇറങ്ങിയില്ലെങ്കിൽ വേണ്ടിവന്നാൽ മധ്യനിരയിലും തിളങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യൻ താരമെന്ന് ഏറക്കുറെ ഉറപ്പിക്കാം. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം ക്യാംപിൽ ചേരുന്നതിനു മുൻപ് കൊച്ചിയുടെ മധ്യനിരയിൽ ഇറങ്ങി തകർത്തടിക്കാൻ സാധിച്ചാൽ, തുടർന്നും സഞ്ജുവിന് ആത്മവിശ്വാസത്തോടെ കളിക്കാനാകും. ഇന്ത്യൻ ജഴ്സിയിൽ അഞ്ചാം നമ്പരിൽ മുൻപും കളിക്കാനിറങ്ങിയിട്ടുണ്ടെങ്കിലും സഞ്ജുവിന് തിളങ്ങാനായിരുന്നില്ല. ഓപ്പണറുടെ റോളിൽ ഇറങ്ങിയ സഞ്ജു അവസാന പത്ത് മത്സരങ്ങളിൽ മൂന്ന് സെഞ്ചറികളടക്കം അടിച്ചുകൂട്ടിയിട്ടുണ്ട്.
English Summary:








English (US) ·