കേരളത്തില്‍ റാങ്കിങ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പ് എറണാകുളത്ത്

8 months ago 10

kerala-national-roller-skating-championship

ഏഷ്യാഡ്‌സ് ഇന്റർനാഷണൽ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമി സ്‌കേറ്റിംഗ് പരിശീലകൻ സിയാദ് കെ.എസ്, കേരള റോളർ സ്‌കേറ്റിംഗ് അസോസിയേഷൻ സെക്രട്ടറി ഇൻ ചാർജ് അനുരാജ് പൈങ്ങാവിൽ ആർ, റോളർ സ്‌കേറ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ പ്രേം എന്നിവർ എറണാകുളം പ്രസ് ക്ലബ്ബിൽ നടന്ന പത്രസമ്മേളനത്തിൽ

കൊച്ചി: എട്ടാമത് റാങ്കിങ് ഓപ്പണ്‍ നാഷണല്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് എറണാകുളം പെരുമ്പാവൂര്‍ ആതിഥേയത്വം വഹിക്കും. മെയ് 15 മുതല്‍ 19 വരെ നെല്ലിമോളത്തിനടുത്തുള്ള ഏഷ്യാഡ്‌സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിങ് അക്കാദമിയിലാണ് ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. റോളര്‍ സ്‌കേറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ കേരള റോളര്‍ സ്‌കേറ്റിങ് അസോസിയേഷനും എറണാകുളം ജില്ലാ അസോസിയേഷനും സംയുക്തമായാണ് ഈ ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുന്നത്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കേരളം ഒരു ദേശീയ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.

മെയ് 16-ന് സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഔദ്യോഗികമായി ചാമ്പ്യന്‍ഷിപ്പിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും. പെരുമ്പാവൂര്‍ എംഎല്‍എ എല്‍ദോസ് കുന്നപ്പിള്ളി, റോളര്‍ സ്‌കേറ്റിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ ദേശീയ ഭാരവാഹികള്‍, സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികള്‍ തുടങ്ങിയവരും ചടങ്ങില്‍ സന്നിഹിതരാകും.

രാജ്യത്തിന്റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നായി ഏകദേശം 2000-ത്തോളം റോളര്‍ സ്‌കേറ്റിങ് താരങ്ങള്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ മാറ്റുരയ്ക്കും. 12 വയസ്സുവരെയുള്ളവര്‍ കേഡറ്റ്‌സ് വിഭാഗത്തിലും, 12 മുതല്‍ 15 വരെ സബ് ജൂനിയര്‍ വിഭാഗത്തിലും, 15 മുതല്‍ 18 വരെ ജൂനിയര്‍ വിഭാഗത്തിലും, 18 വയസ്സിന് മുകളിലുള്ളവര്‍ സീനിയര്‍ വിഭാഗത്തിലുമായി മത്സരിക്കും. അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയരായ താരങ്ങളും ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനെത്തും. മത്സരങ്ങള്‍ക്ക് മുന്നോടിയായി മെയ് 13, 14 തീയതികളില്‍ മത്സരാര്‍ത്ഥികള്‍ക്ക് ട്രാക്കില്‍ പരിശീലനം നടത്താന്‍ അവസരവുമുണ്ട്.

കേരളത്തിലെ ആദ്യ റോഡ് സര്‍ക്യൂട്ട്, 200 മീറ്റര്‍ പിയു സിന്തറ്റിക് ബാംഗ്ഡ് ട്രാക്കാണ് (വളവില്‍ ചെരിഞ്ഞ പ്രതലം) ഏഷ്യാഡ്‌സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമിയിലേത്. നിരപ്പായ പ്രതലമല്ലാത്തതിനാല്‍ സ്‌കേറ്റിംഗ് സമയത്ത് സ്പീഡ് കുറയ്ക്കാതെ തന്നെ നിയന്ത്രണം കൈവരിക്കുവാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

'പുതിയ തലമുറയിലെ കുട്ടികള്‍ റോളര്‍ സ്‌കേറ്റിംഗില്‍ വലിയ താല്പര്യം കാണിക്കുന്നുണ്ട്. അഖിലേന്ത്യാ റാങ്കിംഗില്‍ ആറാം സ്ഥാനത്തേക്ക് എത്താന്‍ കേരളത്തിന് സാധിച്ചിട്ടുണ്ട്. ഇനിയും മുന്നോട്ട് കുതിക്കുന്നതിന് സര്‍ക്കാര്‍ തലത്തില്‍ നിന്നുള്ള പിന്തുണ അനിവാര്യമാണ്. ഇത്തരം ചാമ്പ്യന്‍ഷിപ്പുകള്‍ അതിനുള്ള മികച്ച വേദിയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തുന്ന മത്സരാര്‍ത്ഥികള്‍ക്ക് താമസ സൗകര്യവും മറ്റെല്ലാ സംവിധാനങ്ങളും അക്കാദമിയും അസോസിയേഷനും ചേര്‍ന്ന് സജ്ജമാക്കിക്കഴിഞ്ഞു.,' മുന്‍ ഇന്ത്യന്‍ ടീം സഹപരിശീലകനും ഏഷ്യാഡ്‌സ് ഇന്റര്‍നാഷണല്‍ സ്പീഡ് സ്‌കേറ്റിംഗ് അക്കാദമിയിലെ മുഖ്യ പരിശീലകനുമായ സിയാദ് കെ.എസ്. പറഞ്ഞു.

Content Highlights: 8th Ranking Open National Roller Skating Championship successful Ernakulam, Kerala from May 15-19

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article