കേരളത്തിൽ നൈറ്റ് ലൈഫ് ആസ്വദിച്ച് ധോണി; ഊണും പഴംപൊരിയും വാങ്ങിനൽകി സഞ്ജു: ചിത്രങ്ങൾ വൈറൽ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 29, 2025 05:16 PM IST

1 minute Read

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച എഐ ചിത്രങ്ങളിൽനിന്ന് (Instagram/team.samson/)
സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച എഐ ചിത്രങ്ങളിൽനിന്ന് (Instagram/team.samson/)

ചെന്നൈ ∙ സൂപ്പർതാരം വിരാട് കോലിക്ക് മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്.ധോണി അത്താഴവിരുന്നൊരുക്കിയത് കഴിഞ്ഞദിവസം വാർത്തകളിൽ നിറഞ്ഞിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനായി റാഞ്ചിയിലെത്തിയ കോലിക്ക് ധോണി തന്റെ വീട്ടിലാണ് വിരുന്നൊരുക്കിയത്. അത്താഴത്തിനു ശേഷം തന്റെ സ്വന്തം കാറിൽ കോലിയെ തിരികെ ഹോട്ടലിലേക്കു കൊണ്ടുപോകുന്ന ധോണിയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു. ഇന്ത്യൻ താരം ഋഷഭ് പന്തും വിരുന്നിൽ പങ്കെടുത്തിരുന്നു.

എന്നാൽ മറ്റൊരു ഇന്ത്യൻ താരത്തിന്റെ ‘അതിഥിസൽക്കാരവും’ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. മറ്റാരുമല്ല, ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്.ധോണിയുടെ സഹതാരവും മലയാളിയുമായ സഞ്ജു സാംസനാണ് ആ ‘ആതിഥേയൻ’. പക്ഷേ നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെയുള്ള ചിത്രങ്ങളാണ് ഇതെന്നു മാത്രം.

എം.എസ്.ധോണിക്കും ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌‌‌ക്‌വാദിനുമാണ് സഞ്ജു‘വിരുന്ന്’ ഒരുക്കിയത്. ‘ടീം സാംസൺ’ എന്ന ഇൻസ്റ്റഗ്രാം പേജിൽ വന്ന പോസ്റ്റിനു താഴെ സഞ്ജു സാംസൺ തന്നെ കമന്റുമായി എത്തിയതോടെയാണ് ചിത്രങ്ങൾ വൈറലായത്. പിന്നാലെ ചെന്നൈ സൂപ്പർ കിങ്സിന്റെ ഉൾപ്പെടെ പേജുകളിൽ ഇതു പങ്കുവയ്ക്കുകയും ചെയ്തു.

കേരളത്തിലെത്തിയ ധോണിക്കും ഗെയ്‌ക്‌വാദിനും നാട്ടിലെ സ്ഥലങ്ങളും ഭക്ഷണങ്ങളും സഞ്ജു പരിചയപ്പെടുത്തുന്ന രീതിയിലാണ് ചിത്രങ്ങൾ. മുണ്ടുടുത്ത് രാത്രിയിൽ നഗരത്തിലൂടെ നടക്കുന്ന ധോണിയെയും കുളത്തിൽ മീൻ പിടിക്കുന്ന ധോണിയെയുമെല്ലാം ചിത്രങ്ങളിൽ കാണാം. ഊണും ചായയും പഴംപൊരിയുമെല്ലാം ധോണിക്കും ഗെയ്‌ക്‌വാദിനും സഞ്ജു വാങ്ങിനൽകുന്നു.

ആകെ ഏഴു ചിത്രങ്ങളാണുള്ളത്. ദൈവത്തിന്റെ സ്വന്തം നാട്ടിൽ തലയ്ക്കും ഋതുവിനും സഞ്ജു ചേട്ടൻ ആതിഥേയനായപ്പോൾ എന്ന കുറിപ്പോടെയാണ് പോസ്റ്റ്. അവരെ ഉടൻ കേരളത്തിൽ കൊണ്ടുവരാനായി കാത്തിരിക്കുന്നു എന്നായിരുന്നു ഇതിനു സഞ്ജുവിന്റെ കമന്റ്. കമന്റിന്റെ സ്ക്രീൻഷോട്ട് സഹിതമാണ് സിഎസ്കെ പോസ്റ്റ് പങ്കുവച്ചത്.
 

English Summary:

AI images of Sanju Samson hosting MS Dhoni and Ruturaj Gaikwad successful Kerala, which went viral connected societal media.

Read Entire Article