ഷാഹി കബീര്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'റോന്ത്' വെള്ളിയാഴ്ച തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിയുമ്പോള്‍ തന്നെ മികച്ച പ്രതികരണമാണ് വിവിധ കേന്ദ്രങ്ങളില്‍ ചിത്രത്തിന് ലഭിക്കുന്നത്. രണ്ട് പോലീസുകാരുടെ ഒരു വൈകുന്നേരം മുതല്‍ പിറ്റേദിവസം രാവിലെ വരെയുള്ള യാത്രയാണ് റോന്ത് പറയുന്നത്. ദിലീഷ് പോത്തന്റേയും റോഷന്‍ മാത്യുവിന്റേയും അഭിനയജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളായിരിക്കും റോന്തിലെ യോഹന്നാനും ദിന്‍നാഥും. ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങിയതോടെ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുണ്ടായത്. ഇത് കാത്തുസൂക്ഷിക്കാന്‍ ചിത്രത്തിന് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ 150-ഓളം സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയ്ക്ക് പുറത്തും ചിത്രം ഇന്ന് തന്നെയാണ് റിലീസ് ചെയ്യുന്നത്.
ടൈംസ് ഓഫ് ഇന്ത്യ ഗ്രൂപ്പിന്റെ സിനിമാ നിര്‍മ്മാണ കമ്പനിയായ ജംഗ്ലീ പിക്‌ചേഴ്‌സും കേരളത്തില്‍ നിന്നുള്ള പുതിയ നിര്‍മ്മാണ കമ്പനിയായ ഫെസ്റ്റിവല്‍ സിനിമാസും ചേര്‍ന്നാണ് റോന്ത് നിര്‍മ്മിച്ചിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടിയിലായിരുന്നു സിനിമയുടെ ചിത്രീകരണം. സുധി കോപ്പ, അരുണ്‍ ചെറുകാവില്‍, ക്രിഷാ കുറുപ്പ്, നന്ദനുണ്ണി, സോഷ്യല്‍ മീഡിയ താരങ്ങളായ ലക്ഷ്മി മേനോന്‍, ബേബി നന്ദുട്ടി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
തന്റെ പോലീസ് ഔദ്യോഗിക ജീവിതകാലത്തെ അനുഭവങ്ങള്‍ മുന്‍ ചിത്രങ്ങളേക്കാള്‍ റോന്തില്‍ കൂടുതലായുണ്ടെന്നും ഈ ചിത്രം താനുമായി കൂടുതല്‍ അടുത്തുനില്‍ക്കുന്ന ഒന്നാണെന്നും ഷാഹി കബീര്‍ നേരത്തെ പറഞ്ഞിരുന്നു. കുറ്റാന്വേഷണമോ കൊലപാതക പരമ്പരയോ ഒന്നും പറയാതെ പോലീസ് ജീവതത്തിന്റെ യാഥാര്‍ഥ്യങ്ങളിലൂടെ സഞ്ചരിക്കുന്ന ഡ്രാമയാണ് റോന്ത്.
ഇലവീഴാപൂഞ്ചിറയ്ക്ക് ശേഷം ഷാഹി കബീര്‍ സംവിധാനം ചെയ്യുന്ന ചിത്രം സൂപ്പര്‍ ഹിറ്റായ ഓഫീസര്‍ ഓണ്‍ ഡ്യൂട്ടിക്ക് ശേഷം അദ്ദേഹം തിരക്കഥയൊരുക്കുന്ന സിനിമ കൂടിയാണ്. ഫെസ്റ്റിവല്‍ സിനിമാസിന് വേണ്ടി പ്രമുഖ സംവിധായകന്‍ രതീഷ് അമ്പാട്ട്, രഞ്ജിത്ത് ഇവിഎം, ജോജോ ജോസ് എന്നിവരും ജംഗ്ലീ പിക്‌ചേഴ്‌സിനു വേണ്ടി വിനീത് ജെയിനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അമൃത പാണ്ഡേയാണ് സഹനിര്‍മ്മാതാവ്. ടൈംസ് ഗ്രൂപ്പിന്റെ സബ്‌സിഡറി കമ്പനിയായ ജംഗ്ലീ പിക്‌ച്ചേഴ്‌സ് ആദ്യമായാണ് മലയാളത്തില്‍ ഒരു ചിത്രം നിര്‍മ്മിക്കുന്നത്.
Content Highlights: Ronth Malayalam movie released successful theatres
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·