എഴുപതിന്റെ നിറവിലാണു നമ്മുടെ സുന്ദരകേരളം. സംസ്ഥാന സ്കൂൾ കായികമേളയ്ക്കും അത്രത്തോളമുണ്ട് ചരിത്രം. ജയിച്ചു മാത്രമല്ല നമ്മുടെ കായികതലമുറ വളർന്നത്. തോൽവിയെ നിശ്ചയദാർഢ്യംകൊണ്ടു നേരിട്ടു കൂടിയാണ്. ഇന്നുമുതൽ കൗമാരകേരളം ട്രാക്കിലിറങ്ങുമ്പോൾ ജയിച്ചും തോറ്റും തോൽവികളിൽ തളരാതെ പോരാടിയും വളർന്നുവന്ന പഴയ കായിക തലമുറയ്ക്ക് അവരോടു പലതും പറയാനുണ്ട്.
ഒളിംപ്യൻ പി.ടി. ഉഷ
1978ലെ സ്കൂൾ മീറ്റ്:100 മീറ്റർ ഹീറ്റ്സിൽ പുറത്ത്
പിൽക്കാലത്ത്: എണ്ണമറ്റ ചരിത്രനേട്ടങ്ങൾ
1978ലെ സംസ്ഥാന സ്കൂൾ അത്‌ലറ്റിക്സിൽ 100 മീറ്ററിൽ ഞാൻ ഹീറ്റ്സിൽ പുറത്താകുകയായിരുന്നു. ഒന്നാം സ്ഥാനത്തെത്തിയ കുട്ടി മെഡൽ വാങ്ങുന്നതു ഞാൻ നോക്കിനിന്നു. അടുത്തവർഷം ജയിക്കണമെന്നു മനസ്സിലുറപ്പിച്ചു. ആ മനക്കരുത്താണ് പിന്നീട് ഓരോ തവണ ഓടുമ്പോഴും എന്നെ മുന്നോട്ടു നയിച്ചത്. എന്റെ കായികസ്വപ്നങ്ങൾക്കു ചിറകുകൾ നൽകിയതു സ്കൂൾ കായികമേളകളാണ്. സ്വപ്നം കാണൂ, സുവർണനേട്ടങ്ങൾ എത്തിപ്പിടിക്കൂ..
ഒളിംപ്യൻ ടിന്റു ലൂക്ക
ആദ്യ സ്കൂൾ മീറ്റ്: മത്സരിച്ചത് ലോങ്ജംപിൽ
കരിയർ ബെസ്റ്റ്: ഒരു മിനിറ്റ് 59.17 സെക്കൻഡ് (800മീ)
2002 മുതൽ2007 വരെ സ്കൂൾ കായികമേളകളിൽ മത്സരിച്ചു. ആദ്യ മേളയിൽ മത്സരിച്ചത് ലോങ്ജംപിൽ. പിന്നീട് ഉഷ സ്കൂൾ ഓഫ് അത്‌ലറ്റിക്സിൽ ചേർന്നതോടെ ഓട്ടത്തിലേക്കു ട്രാക്ക് മാറി. സബ് ജൂനിയർ 600 മീറ്ററിൽ റെക്കോർഡോടെ സ്വർണം നേടി വരവറിയിച്ചു. പിന്നീടു 400 മീറ്ററും 800 മീറ്ററും പ്രധാന ഇനമായി തിരഞ്ഞെടുത്തു. 2014ലെ ഏഷ്യൻ ഗെയിംസിൽ 800ൽ വെള്ളി, 2010ൽ വെങ്കലം. കരിയറിലെ മികച്ച അനുഭവങ്ങളിലൊന്നാണു സ്കൂൾ മീറ്റ്. ജീവിതത്തിലും സ്പോർട്സിലും എല്ലാം ഒറ്റയടിക്കു നേടാമെന്നു കരുതരുത്. നല്ല രീതിയിൽ കഷ്ടപ്പെടണം, പരിശ്രമിക്കണം.
ഒളിംപ്യൻ കെ.എം.ബീനാമോൾ
സ്കൂൾ ബെസ്റ്റ്:2.15 മിനിറ്റ് (800 മീ), 55 സെക്കൻഡ് (400 മീ)
കരിയർ ബെസ്റ്റ്: 2.02 (800 മീ), 51.41 സെക്കൻഡ് (400 മീ)
ഇടുക്കി പാറത്തോട് സെന്റ് ജോർജ് സ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യമായി സ്കൂൾ മീറ്റിൽ മത്സരിക്കാനിറങ്ങുന്നത്. വീട്ടിൽ നിന്ന് നാലഞ്ചു കിലോമീറ്റർ ദൂരം നടന്നു സ്കൂളിലേക്കു പോകുന്നതിലൂടെ ലഭിച്ച സ്വാഭാവിക ഫിറ്റ്നസും സ്കൂളിൽ കായികാധ്യാപകരായ രാജുപോൾ, ചിന്നമ്മ എന്നിവർ നൽകിയ പരിശീലനവുമായിരുന്നു കരുത്ത്. ഇപ്പോഴത്തെ കായികാധ്യാപകരും മിടുക്കരാണ്. അവർക്കൊപ്പം പരിശീലനം തുടരുക. ഭാവിയിൽ നേട്ടങ്ങളിലേക്കു നിങ്ങൾക്കു കുതിക്കാം.
ഒളിംപ്യൻ അഞ്ജു ബോബി ജോർജ്
സ്കൂൾ ബെസ്റ്റ്: 5.23 മീറ്റർ
കരിയർ ബെസ്റ്റ്: 6.83 മീറ്റർ
കോരുത്തോട് സികെഎം സ്കൂളിലെ വിദ്യാർഥിയായിരിക്കെ 1992ൽ പാലായിൽ സംസ്ഥാന സ്കൂൾ കായികമേളയിൽ ഞാൻ ജൂനിയർ വിഭാഗം ചാംപ്യനായിരുന്നു. 100 മീറ്റർ ഹർഡിൽസിലും ഹൈജംപിലും സ്വർണം നേടി. ലോങ്ജംപിൽ വെള്ളിയും. അന്ന് 5.23 മീറ്റർ ദൂരമാണു ചാടിയതെന്നാണ് ഓർമ. ഹെപ്റ്റാത്‌ലൺ ഉൾപ്പെടെ പല ഇനങ്ങൾ ചെയ്തിരുന്ന എന്നോടു ലോങ്ജംപിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ നിർദേശിച്ചതു കോച്ച് ടി.പി. ഔസേപ്പാണ്. പിന്നീടു ലോക ചാംപ്യൻഷിപ്പിൽ ഉൾപ്പെടെ മെഡൽനേട്ടം കൈവരിച്ചു. കോളജിലൊക്കെ പഠിക്കുമ്പോൾ കുറെയേറെ ഇനങ്ങൾ ചെയ്യുമായിരുന്നു. പിന്നീടാണു പ്രധാന ഇവന്റായി ലോങ്ജംപ് തിരഞ്ഞെടുത്തത്. നിർണായക സമയത്ത്, കരിയറിൽ നിർണായക തീരുമാനങ്ങൾ എടുക്കാൻ കഴിഞ്ഞാൽ, നേട്ടം ഉറപ്പ്...
ഒളിംപ്യൻ ജിൻസൻ ജോൺസൺ
സ്കൂൾ ബെസ്റ്റ്:4 മിനിറ്റ് 8.18 സെക്കൻഡ്(1500 മീറ്റർ)
കരിയർ ബെസ്റ്റ്: 3 മിനിറ്റ് 35.24 സെക്കൻഡ്
2007ൽ കോട്ടയം നാഗമ്പടം സ്റ്റേഡിയത്തിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയാണ് എന്റെ കരിയറിലെ ആദ്യത്തെയും അവസാനത്തെയും സ്കൂൾ മീറ്റ്. കോഴിക്കോട് കുളത്തുവയൽ സെന്റ് ജോർജ് സ്കൂൾ പ്ലസ്ടു വിദ്യാർഥിയായിരുന്ന ഞാൻ കോട്ടയം മീറ്റിൽ 1500 മീറ്ററിൽ സ്വർണവും 800 മീറ്ററിൽ വെങ്കലവും നേടി. പിൽക്കാലത്തു ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 1500ൽ സ്വർണവും 800ൽ വെള്ളിയും നേടി. 2022ലെ ഗെയിംസിൽ 1500ൽ വെങ്കലം. സ്പോർട്സിനോടു താൽപര്യമുള്ള ഒട്ടേറെ കുട്ടികൾ നമ്മുടെ സ്കൂളുകളിലുണ്ട്. അവർക്കു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന പരിശീലനം കൊടുക്കാൻ കായികാധ്യാപകർ മുന്നോട്ടുവരണം. താഴെത്തട്ടിൽ കുട്ടികൾക്ക് എല്ലാവിധ പ്രോത്സാഹനങ്ങളും നൽകാൻ നമുക്കു കഴിയണം.
English Summary:






English (US) ·