കേവലം അഞ്ചുവർഷംകൊണ്ട് നായകപദവിയിൽ; ​ഗില്ലിന് മുന്നിൽ ഇംഗ്ലണ്ട് പര്യടനം, വലിയ വെല്ലുവിളി

7 months ago 9

ക്രിക്കറ്റ് ലോകത്തിപ്പോൾ അദ്‌ഭുതങ്ങളുടെ ‘ടെസ്റ്റ്’ നടക്കുകയാണ്. ഒരാഴ്ചമുൻപാണ് വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ്, ഓഫ് സ്പിന്നർ റോസ്റ്റൺ ചേസിനെ അവരുടെ പുതിയ ടെസ്റ്റ് ക്യാപ്റ്റനാക്കിയത്. ചേസ് അവസാനടെസ്റ്റ് കളിച്ചിട്ട് അന്നേക്ക് 798 ദിവസമായിരുന്നു. രണ്ടുവർഷമായി അവരുടെ ടെസ്റ്റ് ടീമിൽപ്പോലും അംഗമല്ലായിരുന്നു. ആഭ്യന്തരക്രിക്കറ്റിൽപ്പോലും അയാൾ നായകനായിരുന്നിട്ടില്ലായിരുന്നു.

സമാനമായ അദ്‌ഭുതമാണ് ഇന്ത്യൻ ക്രിക്കറ്റിലും അരങ്ങേറുന്നത്. ടെസ്റ്റിൽ ഇനിയും വേണ്ടവിധം ‘ടെസ്റ്റ്’ ചെയ്യപ്പെടാത്ത ബാറ്ററാണ് ശുഭ്മാൻ ഗിൽ. ടെസ്റ്റിൽ അരങ്ങേറി അഞ്ചുവർഷംകൊണ്ട് 32 ടെസ്റ്റും 35 ബാറ്റിങ് ശരാശരിയും മാത്രമാണുള്ളത്. പക്ഷേ, പുതിയ തലമുറയിൽ ഏറ്റവും മികച്ച ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്ന ടാലന്റഡ് ബാറ്ററാണ് ഗിൽ എന്നതിൽ തർക്കമില്ല. ആ ബാറ്റിങ്‌വൈഭവം ഇനി ടെസ്റ്റിലും പരീക്ഷിക്കപ്പെടണം. കേവലം അഞ്ചുവർഷംകൊണ്ട് നായകപദവിയിലെത്തിയ അയാളാണിനി ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ‘ടെസ്റ്റ്’ ചെയ്യേണ്ടത്.

ചിലരുടെ തലവരമാറുന്നത് മറ്റുചില തലകൾ മാറുമ്പോഴായിരിക്കും. രോഹിത് ശർമയുടെ ‘നിർബന്ധിത’ വിരമിക്കൽ ഇന്ത്യൻ നായകപദവിയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നു. വിരാട് കോലിയുടെ വിരമിക്കൽകൂടിയായപ്പോൾ ടീമിൽ തലമുറമാറ്റം അനിവാര്യമായി. ജസ്‌പ്രീത് ബുംറയെന്ന ലോകോത്തര പേസർ ടീമിലുള്ളപ്പോൾ ഗില്ലിനെ നായകനാക്കാനിടയില്ലെന്നു കരുതിയവരുണ്ട്. ബിസിസിഐതന്നെ ഗില്ലിനെ നായകനാക്കുമെന്ന വാർത്ത വളരെമുൻപേ ചോർത്തിനൽകി മാധ്യമങ്ങളെയും ക്രിക്കറ്റ് വിദഗ്ധരെയും ‘ടെസ്റ്റ്’ ചെയ്തു.

ബുംറയെ നായകനാക്കുന്നതിനോട് യോജിപ്പുകളും വിയോജിപ്പുകളുമുണ്ടായി. ബുംറയെ നായകനാക്കണമെന്നു പറഞ്ഞവർപോലും അയാളുടെ ‘ഫിറ്റ്‌നസിൽ’ സംശയമുന്നയിച്ചു. പരിക്കുകൾ എപ്പോഴും പിന്നാലെകൂടുന്ന പേസറെ നായകനാക്കിയാൽ എന്തുസംഭവിക്കുമെന്ന് അവർക്കും രൂപമുണ്ടായിരുന്നില്ല. യുവനായകനായി ഋഷഭ് പന്തിനെ പരിഗണിക്കുമെന്നു കരുതിയപ്പോഴും അയാളുടെ പരിക്കും ഫോമില്ലായ്മയും പ്രശ്നമായിരുന്നു. കെ.എൽ. രാഹുലിനെ പ്രായപ്രശ്നം നേരത്തേതന്നെ ബൗൾഡാക്കിയിരുന്നു. പിന്നെ തെളിയുന്ന യുവമുഖം ശുഭ്മാൻ ഗില്ലിന്റേതായിരുന്നു.

ഐപിഎലിൽ ഗുജറാത്തിന്റെ നായകനാകുംമുൻപേ ഇന്ത്യൻ എ ടീമിന്റെ നായകനായിരുന്നതാണ് ഗില്ലിന്റെ ‘നായകപരിചയം’. രഞ്ജി ട്രോഫിയിൽ ഒരിക്കലേ പഞ്ചാബിനെ നയിച്ചിട്ടുള്ളൂ. ഗിൽ ആദ്യമായി ഇന്ത്യൻ ടീമിന്റെ നായകനായത് കഴിഞ്ഞവർഷത്തെ സിംബാബ്‌വേ ടൂറിലായിരുന്നു. ഏകദിനത്തിൽ രോഹിതിനുകീഴിൽ വൈസ് ക്യാപ്റ്റനായിരുന്നതാണ് അന്താരാഷ്ട്ര പരിചയസമ്പത്ത്.

ഇന്ത്യൻ കോച്ചായിരിക്കുമ്പോൾ രാഹുൽ ദ്രാവിഡാണ് ഗില്ലിലൊരു നായകനുണ്ടെന്നത് സെലക്ടേഴ്‌സിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നത്. ഗുജറാത്ത് ടൈറ്റൻസാണ് ഇന്ത്യയുടെ പുതിയനായകന് വഴിവെട്ടിയത്. ആശിഷ് നെഹ്‌റ എന്ന സൂത്രശാലിയായ കോച്ചിനുകീഴിൽ അയാൾ നല്ലനായകനായി വളർന്നു. ഈ ഐപിഎലിൽ ഏറ്റവും മികച്ച പെർഫോമൻസുള്ള ടീം ഗുജറാത്ത് ടൈറ്റൻസാണെന്നതും അനുകൂലഘടകമായി. ഈ സീസണിൽ കുറെക്കൂടി അഗ്രസീവായാണ് ഗിൽ ഗുജറാത്തിനെ നയിക്കുന്നത്.

‘നായകഭാര’മില്ലാത്ത ടീമിനെയാണ് നയിക്കേണ്ടിവരുക എന്ന വലിയ വെല്ലുവിളിയാണ് ഇന്ത്യയുടെ പുതിയ നായകനുമുന്നിലുള്ളത്. രോഹിത് നായകനായപ്പോൾ മുൻ നായകൻ വിരാട് ടീമിലുണ്ടായിരുന്നു. ഇരുവരും തമ്മിൽ ചർച്ചചെയ്താണ് ഗ്രൗണ്ടിൽ തന്ത്രങ്ങൾ രൂപപ്പെടുത്തിയിരുന്നത്. അക്കാര്യത്തിൽ ഗില്ലിനുമുന്നിലുള്ളത് വിരലിലെണ്ണാവുന്ന ടെസ്റ്റുകളിൽ ഇന്ത്യയെ നയിച്ച ജസ്‌പ്രീത് ബുംറയാണ്.

തീരുമാനങ്ങൾ പലപ്പോഴും സ്വയം എടുക്കേണ്ടിവരും. ഇംഗ്ലണ്ട് ടൂർ എന്നത് പരിചയസമ്പന്നരുള്ളപ്പോൾപ്പോലും ഇന്ത്യക്ക് വലിയ വെല്ലുവിളിയായിരുന്നു. യുവനിരയുമായിപ്പോകുന്ന ഗില്ലിന് എത്രമാർക്ക് ആദ്യപരമ്പരയിൽ കിട്ടുമെന്നു കാത്തിരുന്നുകാണാം.

Content Highlights: shubhman gill caller amerind trial squad captain

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article