Published: September 16, 2025 02:31 PM IST Updated: September 16, 2025 03:10 PM IST
1 minute Read
ദുബായ്∙ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിലെ ഹസ്തദാന വിവാദത്തിൽ പ്രതികരണവുമായി ബിസിസിഐ. മത്സരശേഷം താരങ്ങൾ പരസ്പരം ഹസ്തദാനം ചെയ്യണമെന്ന് വ്യക്തമാക്കുന്ന ഒരു നിയമവുമില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥൻ പറഞ്ഞു. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള രാഷ്ട്രീയ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങൾ പാക്ക് താരങ്ങൾക്ക് കൈ കൊടുക്കുന്നതിനോ അവരുമായി ഇടപഴകുന്നതിനോ അർഥമില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘എതിർ ടീം അംഗങ്ങൾക്ക് ഹസ്തദാനം നൽകണമെന്ന് നിയമപുസ്തകത്തിൽ ഒരു വ്യവസ്ഥയുമില്ല. ഇത് ഒരു സൗഹാർദപരമായ പ്രവൃത്തിയാണ്, നിയമമല്ല. ആഗോളതലത്തിൽ കായിക മത്സരങ്ങളിൽ പിന്തുടർന്നു വരുന്ന രീതിയാണ്. നിയമമില്ലെങ്കിൽ പിന്നെ തീരെ ബന്ധം വഷളായവരുമായി ഹസ്തദാനം നടത്തേണ്ട ബാധ്യതയില്ല. അതു വെറും പ്രഹസനമായി മാറും.’’– പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയോടെ ബിസിസിഐയിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
ഞായറാഴ്ച ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ–പാക്ക് മത്സരത്തിന്റെ ടോസിന്റെ സമയത്ത് ഇരു ടീം ക്യാപ്റ്റൻമാരും പരസ്പരം സംസാരിക്കാതിരുന്നതും മത്സരശേഷം ഹസ്തദാനം ചെയ്യാതെ ഇന്ത്യൻ താരങ്ങൾ ഗ്രൗണ്ട് വിട്ടതുമാണ് വിവാദമായത്. സംഭവത്തെ അപലപിച്ച പാക്കിസ്ഥാൻ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിനു (എസിസി) പരാതി നൽകി. രാജ്യാന്തര മത്സരങ്ങളുടെ ടോസിന്റെ സമയത്ത് ഇരു ടീമിന്റെ ക്യാപ്റ്റൻമാരും ഹസ്തദാനം നടത്തുന്നതും പ്ലേയിങ് ഇലവൻ കൈമാറുന്നതും പതിവാണ്. എന്നാൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരത്തിനു മുൻപ് ഇതുണ്ടായില്ല. ഇരു ക്യാപ്റ്റൻമാരും ടോസിനു ശേഷം പരസ്പരം നോക്കുക പോലും ചെയ്യാതെ തിരികെ പോയി.
ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവുമായി ഹസ്തദാനം നടത്തേണ്ടെന്ന് ടോസിന് മുൻപ് മാച്ച് റഫറി ആൻഡി പൈക്റോഫ്റ്റ് പാക്ക് ക്യാപ്റ്റൻ സൽമാൻ ആഗയോടു പറഞ്ഞതായി പാക്ക് ടീം മാനേജർ നവേദ് ചീമ ആരോപിച്ചു. പൈക്റോഫ്റ്റിനെതിരെ നടപടി സ്വീകരിക്കണമെന്ന് പാക്ക് ക്രിക്കറ്റ് ബോർഡ് (പിസിബി) ഐസിസിക്കു പരാതി നൽകി. എന്നാൽ തുടർന്നുള്ള ഏഷ്യാകപ്പ് മത്സരങ്ങളിൽനിന്ന് പൈക്റോഫ്റ്റിനെ നീക്കണമെന്ന പിസിബിയുടെ ആവശ്യം ഐസിസി തള്ളി.
English Summary:








English (US) ·