കൈകൊടുക്കാത്തത് ഇന്ത്യയ്ക്ക് പ്രശ്നമാകുമോ? കടുംപിടിത്തത്തിൽ പാകിസ്താൻ, വിവാദം പുകയുന്നു

4 months ago 4

suryakumar yadav shivam dubey

സൂര്യകുമാർ യാദവും ശിവം ദുബെയും | AP

ദുബായ്: ഏഷ്യാകപ്പില്‍ ഇന്ത്യ-പാക് മത്സരത്തിന് പിന്നാലെ നടന്ന ഹസ്ദതദാനവിവാദം പുകയുന്നു. മത്സരശേഷം പാക് താരങ്ങള്‍ക്ക് കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മൈതാനം വിട്ടതില്‍ കടുത്ത അതൃപ്തിയിലാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടോസ് സമയത്ത് ഇന്ത്യൻ ക്യാപ്റ്റനുമായി ഹസ്തദാനം ചെയ്യരുതെന്ന് പൈക്രോഫ്റ്റ്, ക്യാപ്റ്റൻ സൽമാൻ അലി ആഗയോട് ആവശ്യപ്പെട്ടിരുന്നുവെന്നും പൈക്രോഫ്റ്റിനെ ടൂർണമെന്റിൽ നിന്ന് പുറത്താക്കണമെന്നുമാണ് പാകിസ്താൻ ഐസിസിയോട് ആവശ്യപ്പെട്ടിരുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന് പരാതിയും നല്‍കിയിരുന്നു.എന്നാൽ ഇത് ഐസിസി തള്ളിയേക്കുമെന്നാണ് വിവരം.

ഇപ്പോഴിതാ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിസിസിഐ. കളിക്കാര്‍ക്ക് മത്സരശേഷം കൈകൊടുക്കണമെന്ന് ഒരു നിയമത്തിലും പറയുന്നില്ലെന്ന് ബിസിസിഐ അധികൃതര്‍ വ്യക്തമാക്കി. അങ്ങനെയൊരു നിയമം ഇല്ലെങ്കിൽ, വഷളായ ബന്ധത്തിന്റെ ചരിത്രമുള്ള ഒരു എതിരാളിയുമായി ഹസ്തദാനം ചെയ്യാൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നിർബന്ധിതരല്ലെന്നാണ് ബിസിസിഐ നിലപാട്. അതുകൊണ്ടുതന്നെ വിഷയത്തിൽ ഇന്ത്യക്കെതിരേ ഏതെങ്കിലും തരത്തിലുള്ള നടപടി ഉണ്ടാകാനുള്ള സാധ്യത വിരളമാണ്.

നിങ്ങൾ നിയമപുസ്തകം വായിച്ചാൽ, എതിർ ടീമുമായി ഹസ്തദാനം ചെയ്യുന്നതിനെക്കുറിച്ച് അതിൽ പ്രത്യേകമായി ഒന്നും പറയുന്നില്ല. അതൊരു സൗഹൃദപരമായ നീക്കവും കായികലോകത്ത് ആഗോളതലത്തിൽ പിന്തുടരുന്ന ഒരുതരം കീഴ്‌വഴക്കവുമാണ്, നിയമമല്ല. - ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻവാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു.

മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് അവ​ഗണിക്കുകയായിരുന്നു. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. ഇന്ത്യന്‍ താരങ്ങളും സ്റ്റാഫും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നു മാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടയ്ക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയാണുണ്ടായത്.

മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും അഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.

അതേസമയം മാച്ച് റഫറിയായ പൈക്രോഫ്റ്റ് അധികാരപരിധി ലംഘിച്ചെന്നും പക്ഷപാതം കാണിച്ചെന്നും പിസിബി ആരോപിച്ചു. പൈക്രോഫ്റ്റിനെ നീക്കാത്ത പക്ഷം ഏഷ്യാ കപ്പിലെ അടുത്ത കളികൾ ബഹിഷ്കരിക്കുമെന്നും പാകിസ്താന്റെ ഭീഷണി മുഴക്കി. ഐസിസിക്കു പുറമേ, ക്രിക്കറ്റിലെ നിയമങ്ങളുടെ ആധികാരിക ക്ലബ്ബായ എംസിസിക്കും പാകിസ്താൻ പരാതി നൽകിയിട്ടുണ്ട്. മാച്ച് റഫറിയെ അടിയന്തരമായി പുറത്താക്കിയില്ലെങ്കിൽ യുഎഇക്കെതിരായ അടുത്ത കളി മുതൽ ബഹിഷ്കരിക്കുമെന്നാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡിന്റെ ഭീഷണി. യുഎഇക്കെതിരായ പാകിസ്താന്റെ അടുത്ത മത്സരത്തിലും പൈക്രോഫ്റ്റ് തന്നെയാണ് മാച്ച് റഫറി.

Content Highlights: india pakistan handshake controversey bcci authoritative response

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article