
പാക് താരങ്ങൾ | AP, ഇന്ത്യൻ ഡ്രസ്സിങ് റൂം | X.com/@dharma_watch
ദുബായ്: ഏഷ്യാകപ്പ് ക്രിക്കറ്റില്‍ മത്സരശേഷം ഇന്ത്യന്‍ താരങ്ങള്‍ കൈകൊടുക്കാന്‍ വിസമ്മതിച്ചതില്‍ അതൃപ്തിയിലാണ് പാക് ടീം. നടപടിയില്‍ പ്രതിഷേധമറിയിച്ച് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് രംഗത്തെത്തിയിരുന്നു. ഇന്ത്യയുടെ തീരുമാനത്തെ സ്പോർട്സ്മാൻ സ്പിരിറ്റിന് വിരുദ്ധമെന്ന് വിശേഷിപ്പിച്ച പിസിബി, വിഷയത്തിൽ ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന് പരാതിയും നൽകിയിട്ടുണ്ട്. ഇപ്പോഴിതാ വിഷയത്തിൽ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ പാക് താരം ബാസിത്ത് അലി.
ഇത് ഏഷ്യാ കപ്പ് ആണ്. ലോകകപ്പ് പോലെ ഒരു ഐസിസി ടൂർണമെൻ്റ് വന്നാലോ. അവിടെ ഹസ്തദാനം ഇല്ലാതെ വരുമ്പോൾ ഐസിസി തലവൻ എന്ത് ചെയ്യും? കാരണം അദ്ദേഹം ഒരു ഇന്ത്യക്കാരനാണ്. ജയ് ഷാ. ഇത് ചിന്തിക്കേണ്ട വിഷയമാണ്. ഹസ്തദാനം ഒഴിവാക്കിയാൽ നിങ്ങൾ ഹീറോ ആകുമോ? ഇല്ല. - ബാസിത്ത് അലി ഒരു പാക് മാധ്യമത്തോട് പ്രതികരിച്ചു.
ക്രിക്കറ്റിനെ അറിയുന്നവരും, അതിനെക്കുറിച്ച് എഴുതുന്നവരും, അത് മനസ്സിലാക്കുന്നവരും അത്തരം കാര്യങ്ങളെ ഒരിക്കലും പുകഴ്ത്തില്ല. ഒരു പാകിസ്താനി മാത്രമല്ല, ഒരു ഓസ്‌ട്രേലിയക്കാരനോ ഇംഗ്ലണ്ടിൽ നിന്നുള്ള ഒരാളോ പോലും അതിനെ അനുകൂലിക്കില്ല. - ബാസിത് പറഞ്ഞു.
ഇന്ത്യൻ ടീമിന്റെ നടപടിക്കെതിരേയുള്ള പ്രതിഷേധ സൂചകമായാണ് ക്യാപ്റ്റൻ സൽമാൻ അഗ മത്സരശേഷമുള്ള ചടങ്ങിൽ നിന്ന് വിട്ടുനിന്നതെന്നും പിസിബി വ്യക്തമാക്കിയിരുന്നു. തങ്ങൾ ഹസ്തദാനത്തിനായി കാത്തുനിന്നെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകൻ പ്രതികരിച്ചു. തങ്ങൾ കളിക്കാൻ മാത്രമാണ് വന്നതെന്നും തക്കതായ മറുപടി നൽകിയെന്നുമാണ് സൂര്യകുമാർ നൽകിയ വിശദീകരണം. ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ടീം ഹസ്തദാനത്തിന് വിസമ്മതിച്ചതെന്നാണ് റിപ്പോര്‍ട്ട്
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങുകയായിരുന്നു.
മത്സരത്തിന്റെ ടോസ് സമയത്തും സൂര്യകുമാര്‍ പാക് നായകന് കൈകൊടുത്തിരുന്നില്ല. പരസ്പരം ഹസ്തദാനം ചെയ്തില്ലെന്നു മാത്രമല്ല മുഖത്തോടു മുഖം പോലും നോക്കാതെയാണ് മടങ്ങിയത്. ഏഷ്യാകപ്പ് തുടങ്ങുന്നതിനുമുന്‍പ് ടീം ക്യാപ്റ്റന്‍മാരെല്ലാം ഒരുമിച്ച് മാധ്യമങ്ങളെ കണ്ടപ്പോഴും വേദിയില്‍വച്ച് സൂര്യയും അഗയും ഹസ്തദാനം നല്‍കിയിരുന്നില്ല.
Content Highlights: Will You Become Hero By Avoiding Handshake? says Ex-Pakistan Stars








English (US) ·