
പാക് താരങ്ങൾ | AP, ഇന്ത്യൻ ഡ്രസ്സിങ് റൂം | X.com/@dharma_watch
ദുബായ്: ഏഷ്യാകപ്പില്‍ പാകിസ്താനെ തകര്‍ത്തതിന് പിന്നാലെ കൈകൊടുക്കാതെ ഇന്ത്യന്‍ താരങ്ങള്‍ മടങ്ങിയതില്‍ പാക് താരങ്ങള്‍ക്ക് അതൃപ്തി. പാക് നായകന്‍ സല്‍മാന്‍ അഗ മത്സരശേഷമുള്ള അഭിമുഖം റദ്ദാക്കി. വാര്‍ത്താസമ്മേളനത്തില്‍ ഹസ്തദാനത്തിനായി തങ്ങള്‍ കാത്തിരിന്നുവെന്ന് പരിശീലകന്‍ മൈക്ക് ഹെസ്സന്‍ സൂചിപ്പിക്കുകയും ചെയ്തു. മത്സരശേഷമുള്ള ദൃശ്യങ്ങള്‍ വ്യപകമായി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
പാകിസ്താനെ ഏഴുവിക്കറ്റിന് പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. ടോസ് സമയത്തും ഇരുടീമുകളുടെയും നായകന്മാര്‍ ഹസ്തദാനം ചെയ്തിരുന്നില്ല. മത്സരത്തിനു ശേഷവും ഹസ്തദാനം വേണ്ടെന്ന തീരുമാനത്തിൽ എത്തുകയായിരുന്നു ടീം ഇന്ത്യ. 16-ാം ഓവറില്‍ സിക്‌സറടിച്ച് നായകന്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യക്ക് ജയമൊരുക്കിയത്.
മത്സരശേഷം പാക് താരങ്ങള്‍ ഹസ്തദാനത്തിനായി കാത്തിരുന്നെങ്കിലും ഇന്ത്യന്‍ താരങ്ങള്‍ അത് ശ്രദ്ധിച്ചതേയില്ല. സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. എന്നാല്‍ ഇന്ത്യന്‍ താരങ്ങളും സ്റ്റാഫുകളും കൈകൊടുക്കാനായി വരുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. പക്ഷേ അതുണ്ടായില്ലെന്നുമാത്രമല്ല ഡ്രസ്സിങ് റൂമിന്റെ വാതിലടക്കുകയും ചെയ്തു. അതോടെ പാക് താരങ്ങള്‍ മടങ്ങി.
മത്സരശേഷമുള്ള ബ്രോഡ്കാസ്റ്റർ പ്രസന്റേഷൻ പാക് നായകൻ സൽമാൻ അഗ ഒഴിവാക്കുകയും ചെയ്തു. തങ്ങൾ ഹസ്തദാനത്തിനായി കാത്തിരുന്നുവെന്നും ഇന്ത്യയുടെ നടപടി നിരാശപ്പെടുത്തിയെന്നും പാക് പരിശീലകൻ പ്രതികരിച്ചു.
തീർച്ചയായും, കളിക്ക് ശേഷം ഹസ്തദാനം ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നു. ഞങ്ങളുടെ എതിരാളികൾ അതിന് തയ്യാറാവാതിരുന്നത് ഞങ്ങളെ നിരാശരാക്കി. ഞങ്ങൾ ഹസ്തദാനം ചെയ്യാനായി ചെന്നപ്പോഴേക്കും അവർ ഡ്രസ്സിങ് റൂമിലേക്ക് പോയിരുന്നു. - ഹെസ്സൻ മാധ്യമങ്ങളോട് പറഞ്ഞു.
മത്സരം അവസാനിച്ചത് നിരാശയിലായിരുന്നു. ഞങ്ങൾ കളിച്ച രീതിയിലും നിരാശരായിരുന്നു. എങ്കിലും ഹസ്തദാനം ചെയ്യാൻ ഞങ്ങൾ തയ്യാറായിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനെ 20 ഓവറിൽ 127 റൺസിലൊതുക്കിയ ഇന്ത്യ 25 പന്തുകൾ ശേഷിക്കെ, മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ലക്ഷ്യത്തിലെത്തിയത്. ഇന്ത്യക്കായി സ്പിന്നർമാരായ കുൽദീപ് യാദവ് മൂന്ന് വിക്കറ്റെടുത്തപ്പോൾ അക്സർ പട്ടേൽ രണ്ടും വരുൺ ചക്രവർത്തി ഒന്നും വിക്കറ്റ് നേടി. 44 പന്തിൽ 40 റൺസെടുത്ത സാഹിബ്‌സാദ ഫർഹാനാണ് പാകിസ്താന്റെ ടോപ് സ്കോറർ. മറുപടി ബാറ്റിങ്ങിൽ ഓപ്പണർ അഭിഷേക് ശർമ (13 പന്തിൽ 31) നൽകിയ മിന്നൽ തുടക്കവും ക്യാപ്റ്റൻ സൂര്യകുമാർ യാദവിന്റെ (47*) ഇന്നിങ്‌സും ഇന്ത്യയുടെ വിജയം അനായാസമാക്കി. ജയത്തോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യൻമാരായി സൂപ്പർ ഫോറിലേക്ക് അടുത്തു.
Content Highlights: Pakistan attack Indian dressing country closed salman agha skips presumption asia cup








English (US) ·