കൈകൊണ്ടുതിരിക്കുന്ന പ്രൊജക്ടറിൽനിന്ന് മുന്നിലെ തുണിയിൽ പൂവിരിഞ്ഞപ്പോൾ, ഫാൽക്കേക്കും മുൻപേ നടന്നയാൾ

7 months ago 9

KW-Joseph

കാട്ടൂക്കാരൻ വാറുണ്ണി ജോസഫ്

‘നാളെയാണ് വരുവിൻ, കാണുവിൻ, രസിപ്പിൻ...’ -കാട്ടൂക്കാരന്റെ കൊട്ടകയിലെ ചലിക്കുന്ന ചിത്രം കാണാനുള്ള അനൗൺസ്‌മെന്റാണ്. ദക്ഷിണേന്ത്യയിൽ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യദശകംമുതൽ മൂന്നാംദശകംവരെ ഈ ക്ഷണം മുഴങ്ങി -മലയാളത്തിൽത്തന്നെ. പ്ലക്കാർഡ് പിടിച്ച് നടക്കുന്നയാൾ ഉറക്കെപ്പറയുകയാണിത്. മുന്നിൽ ഇടവിട്ട് ചെണ്ടകൊട്ടി മറ്റൊരാളും. തൃശ്ശൂരിലെ കാട്ടൂക്കാരൻ വാറുണ്ണി ജോസഫിന്റെ ടൂറിങ് ടാക്കീസിൽ, കൂടാരപ്രദർശനശാലയിൽ ചലച്ചിത്രം കാണാനുള്ള വിളി. അതെ, എത്ര അന്വർഥം -മലയാള ചലച്ചിത്രപ്രദർശനവ്യവസായത്തിന് തുടക്കംകുറിച്ച കെ.ഡബ്ല്യു. ജോസഫിന്റെ ചരമശതാബ്ദിദിനമാണ് 2025 മേയ് 26.

ചലച്ചിത്രമെന്ന ആഘോഷമേഖലയിൽ മലയാളി അധികമൊന്നും ഓർക്കാത്ത പേരാണ് ജോസഫിന്റേത്. സിനിമയിലെ മറ്റുപലരും ഏറെ പ്രകീർത്തിക്കപ്പെട്ടപ്പോൾ മലയാള ചലച്ചിത്രപ്രദർശനവ്യവസായത്തിന്റെ പിതാവ് ഏറക്കുറെ വിസ്മൃതിയിലായിരുന്നു. ഇന്നിപ്പോൾ അദ്ദേഹം പതുക്കെ സീനിൽ പ്രത്യക്ഷനാവുന്നുണ്ട്! മലയാളികൾക്കായി ആദ്യമായി ചലിക്കുന്ന ചിത്രം പ്രദർശിപ്പിച്ച മലയാളിയാണ് കെ.ഡബ്ല്യു. ജോസഫെന്ന് തിരശ്ശീലയിൽ ആദ്യം എഴുതിക്കാട്ടാം. ‘ജോസ് മാച്ച് വർക്സ്’ എന്നപേരിൽ കേരളത്തിൽ തീപ്പെട്ടിവ്യവസായത്തിന് തുടക്കമിട്ടു, കാത്തലിക് സിറിയൻ ബാങ്കും ധർമോദയം കുറിക്കമ്പനിയും സ്ഥാപിച്ചു, തൃശ്ശൂർ നഗരഹൃദയത്തിൽ ജോസ് ബിൽഡിങ്‌സ് പണിതു, കുരിയച്ചിറ സെയ്ന്റ് ജോസഫ് പള്ളിക്ക് വിത്തുപാകി, സന്നദ്ധസഹായ പ്രവർത്തനങ്ങൾക്ക് കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റ് രൂപവത്കരിച്ചു... എന്നിങ്ങനെയൊക്കെ തുടർന്നുള്ള ദൃശ്യങ്ങളിൽ കാണിക്കാം.

കൈകൊണ്ട്‌ തിരിക്കുന്ന പഴയകാല പ്രൊജക്ടർ: ഒരു ടെന്റിൽ നിന്ന്‌ മറ്റൊരിടത്തേക്ക്‌ മാറ്റുമ്പോൾ എടുത്ത ഫോട്ടോ

1907-ലെ തൃശ്ശൂർ പൂരം പ്രദർശനത്തിലാണ് ജോസഫ് ചലിക്കുന്ന ചിത്രവിശേഷം കാണികളിലേക്കെത്തിച്ചത്. കൈകൊണ്ടുതിരിക്കുന്ന പ്രൊജക്ടറിൽനിന്ന് മുന്നിൽ കെട്ടിയ തുണിയിൽ പൂവിരിയുന്നു, പട്ടി കുരയ്ക്കുന്നു, കുതിരയോടുന്നു, തീവണ്ടിയോടുന്നു... ഇരുപതുമിനിറ്റോളം ജനം അദ്‌ഭുതപരതന്ത്രരാവുന്നു. 1906-ൽ കേരളത്തിൽ ആദ്യമായി ചലച്ചിത്രപ്രദർശനവുമായെത്തിയ കോയമ്പത്തൂരുകാരനായ റെയിൽവേ ഉദ്യോഗസ്ഥൻ സ്വാമിക്കണ്ണ് വിൻസെന്റിൽനിന്നാണ് ജോസഫ് പ്രൊജക്ടറും ഫിലിമുകളും വിലകൊടുത്ത് വാങ്ങിയത്. സ്വാമിക്കണ്ണിന്റെ ‘എഡിസൺ ബയോസ്‌കോപ്പ്’ എന്ന പ്രൊജക്ടറിന് ‘ജോസ് ബയോസ്‌കോപ്പ്’ എന്ന് പേരുമാറ്റി. നൂറോളം പേർക്ക് ഇരിക്കാവുന്ന താത്കാലിക കൂടാരങ്ങളിൽ രാത്രിയിലാണ് പ്രദർശനം. ഒരു കാലിവീപ്പയിൽ പെട്രോമാക്സ് ഇറക്കിവെച്ച് മൂടും. അന്ധകാരത്തിൽ തിരശ്ശീലയിലെ ദൃശ്യങ്ങൾക്കനുസരിച്ച് ഒരാൾ വിവരണം നടത്തും. 1913-ൽ ദാദാസാഹേബ് ഫാൽക്കെ രാജാ ഹരിശ്ചന്ദ്ര പ്രദർശിപ്പിച്ച് ഇന്ത്യയിൽ സിനിമയ്ക്ക് തുടക്കമിടുന്നതിന് മുൻപേയാണിത്!

ജോസ്‌ ഇലക്‌ട്രിക്‌ ​ബയോസ്‌കോപ്പിന്റെ ചലച്ചിത്ര പ്രദർശനത്തിലേക്കുള്ള ക്ഷണത്തിന്റെ നോട്ടീസ്‌

1913-ൽ ജോസഫ് കൊൽക്കത്തയിൽനിന്ന് ജനറേറ്റർ പ്രൊജക്ടർ നാട്ടിലെത്തിച്ചു. കൊൽക്കത്തയിൽ പഠിക്കാൻപോയ മകൻ കെ.ജെ. ദേവസി വഴിയായിരുന്നു ഇത്. ജോസ് ബയോസ്‌കോപ്പ് അപ്പോൾ ‘ജോസ് ഇലക്‌ട്രിക് ബയോസ്‌കോപ്പ്’ എന്ന് പേരുമാറ്റി. ഇതുമായി ജോസഫ് ദക്ഷിണേന്ത്യയൊട്ടാകെ കറങ്ങി. തണ്ടും തടിയുമുള്ള നാൽപ്പതോളം പേർ ജോസഫിനൊപ്പമുണ്ടാവും. ഓരോ ദേശങ്ങളിലെയും അധികാരികളെ പ്രത്യേകം സത്കരിക്കാൻ ജോസഫ് മറന്നില്ല. തന്റെ സ്വകാര്യകൂടാരത്തിൽ പ്രത്യേക പാചകക്കാരനടക്കമുള്ള സൗകര്യ സന്നാഹങ്ങളുമൊരുക്കി. പ്രമുഖർക്ക് കോംപ്ലിമെന്ററി ടിക്കറ്റും നൽകി (ഒരു വ്യവസായം നിലനിൽക്കണമെങ്കിൽ വേണ്ട ദീർഘവീക്ഷണം!).

കാളിയമർദനം, ഹരിശ്ചന്ദ്രൻ തുടങ്ങിയ ഇന്ത്യൻ ചലച്ചിത്രങ്ങളും എഡിപോളോ, കിങ് ഓഫ് ദ സർക്കസ് തുടങ്ങിയ ഇംഗ്ലീഷ് സിനിമകളും ജോസഫ് പ്രദർശിപ്പിച്ചു. ബേബിസൺ ടോക്കീസ് എന്ന ടൂറിങ് ടാക്കീസിന് തുടക്കമിട്ടെന്നും റോയൽ എക്സിബിറ്റേഴ്‌സ് എന്ന പ്രദർശന കമ്പനി സ്ഥാപിച്ചെന്നും രേഖകളിൽ കാണുന്നു. കേവലം 54 വയസ്സിന്റെ ജീവിതത്തിനിടയിലാണിതൊക്കെ.

1871 നവംബർ 26-ന് ഒല്ലൂരിലാണ് ജോസഫ് ജനിച്ചത്. ശരിയായ വീട്ടുപേര് എലുവത്തിങ്കൽ. കാട്ടൂരുനിന്ന് നഗരപ്രാന്തത്തിലെത്തിയവരായതിനാൽ കാട്ടൂക്കാരൻ എന്നറിയപ്പെട്ടു. മെട്രിക്കുലേഷനുശേഷം കൊച്ചി രാജ്യത്തിന്റെ സൈന്യത്തിൽ റൈറ്ററായി. രാജിവെച്ച് വ്യവസായങ്ങളിലേക്കിറങ്ങി. ഭാര്യ: ഏലിക്കുട്ടി. ജോസ് കെ. വർഗീസ് (വാറു), ഫ്രാൻസിസ് (പൊറിഞ്ചു), ദേവസി, ലാസർ, ജോസ് ജോസഫ് (കൊച്ചു), ഡോ. ആന്റണി (കൊച്ചന്തോണി), അമ്മിണി, ത്രേസ്യക്കുട്ടി, അന്നക്കുട്ടി എന്നിവർ മക്കൾ. ആദ്യത്തെ മലയാളചലച്ചിത്രം എത്തുന്നതിനുമുൻപേ, 1925 മേയ് 26-ന് അന്തരിച്ചു. തൃശ്ശൂർ ലൂർദ് പള്ളി സെമിത്തേരിയിൽ അന്ത്യനിദ്രയിൽ.

ജോസ് കെ. വർഗീസ് പിതാവിന്റെ ടൂറിങ് ടാക്കീസ് 1940-കളുടെ തുടക്കംവരെ നടത്തിക്കൊണ്ടുപോയി. ചലച്ചിത്രശാലകൾ സ്ഥാപിക്കപ്പെടുകയും സിനിമ ശബ്ദിക്കുകയും ചെയ്തതോടെ ടെന്റ് പ്രദർശനങ്ങൾക്ക് പ്രസക്തിയില്ലാതായി. ദേവസി സ്ഥാപിച്ചതാണ് കേരളത്തിലെ ആദ്യകാല ടാക്കി തിയേറ്ററായ തൃശ്ശൂരിലെ ‘ജോസ്’. 1996-ൽ സംസ്ഥാന സർക്കാർ ആദ്യമായി ഏർപ്പെടുത്തിയ മികച്ച ചലച്ചിത്രപ്രദർശകനുള്ള പുരസ്കാരം ദേവസിയുടെ മകൻ പോളിനാണ് ലഭിച്ചത്. ആദ്യകാല തിയേറ്ററുകളിലൊന്നായ ‘രാമവർമ’ വാങ്ങി ഇവർ സ്ഥാപിച്ചതാണ് (ഇപ്പോൾ പൊളിച്ച) തൃശ്ശൂരിലെ സപ്ന തിയേറ്റർ. കോഴിക്കോട്ടെ ഡേവിസൺ, എറണാകുളത്തെ മേനക എന്നിവയും കാട്ടൂക്കാരൻ കുടുംബത്തിന്റേതായിരുന്നു.

ജോസഫിന്റെ സംഭാവനകളെ ആദരിക്കാൻ തൃശ്ശൂർ ചലച്ചിത്രകേന്ദ്രം ‘കെ.ഡബ്ല്യു. ജോസഫ് ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാർഡ്’ സ്ഥാപിച്ചിട്ടുണ്ട്. കേരള ചലച്ചിത്ര അക്കാദമിയും കെ.ഡബ്ല്യു. ജോസഫ് ട്രസ്റ്റും വിവിധ ഫിലിം സൊസൈറ്റികളും ചേർന്ന് മേയ് 25-ന് തൃശ്ശൂരിൽ അനുസ്മരണച്ചടങ്ങും നടത്തുന്നു. തൃശ്ശൂർ മുണ്ടുപാലത്തെ ടി.ബി. റോഡ് ഇപ്പോൾ കെ.ഡബ്ല്യു. ജോസഫ് റോഡായി മാറി. തിരുവനന്തപുരത്ത് ചലച്ചിത്ര അക്കാദമിയിൽ ചിത്രവും പ്രൊജക്ടറും സ്ഥാപിക്കപ്പെട്ടതിലൂടെയും ജോസഫ് തുടരും.

‘ഫോട്ടോയും പ്രൊജക്ടറും അക്കാദമിയിൽ സ്ഥാപിച്ചു’

കമൽ -സംവിധായകൻ, കേരളചലച്ചിത്ര അക്കാദമി മുൻ ചെയർമാൻ

കെ.ഡബ്ല്യു. ജോസഫ് എനിക്കും ഒരു വികാരമാണ്. ഞാൻ ചലച്ചിത്ര അക്കാദമി ചെയർമാനായിരിക്കെയാണ് ഒരു വാർത്ത കണ്ടത് -തൃശ്ശൂർ സപ്ന തിയേറ്റർ പൊളിക്കുന്നു, ആദ്യകാല പ്രൊജക്ടർ ആക്രിയാക്കി വിൽക്കാൻപോകുന്നെന്ന്. കാട്ടൂക്കാരൻ കുടുംബാംഗവുമായി സംസാരിച്ചു. അദ്ദേഹം പ്രൊജക്ടർ സൗജന്യമായി അക്കാദമിക്ക് നൽകി. തിരുവനന്തപുരത്ത് അക്കാദമിയിൽ കൊണ്ടുവന്ന് പ്രൊജക്ടർ പ്രവർത്തനക്ഷമമായ രീതിയിലാക്കി സ്ഥാപിച്ചു. കൂടെ ജോസഫിന്റെ ചിത്രവും അദ്ദേഹത്തെക്കുറിച്ചുള്ള വിവരണവും നൽകി. വിഗതകുമാരൻ സംവിധാനംചെയ്ത ജെ.സി. ഡാനിയേലിന്റെയും നായിക പി.കെ. റോസിയുടെയും കഥയാണ് സെല്ലുലോയ്ഡ് എന്ന എന്റെ സിനിമ. ഡാനിയേലും ജോസഫും തമ്മിൽ എന്തെങ്കിലും പരിചയമുണ്ടായിരുന്നതായി ഒരു രേഖയിലും എനിക്ക് കണ്ടെത്താനായില്ല. സിനിമയിൽ മനഃപൂർവം മാറ്റിനിർത്തിയതല്ല. ഒരുരംഗത്ത് വിഗതകുമാരൻ കാട്ടൂക്കാരന്റെ കൊട്ടകയിലും പ്രദർശിപ്പിച്ചുവെന്ന് പറയുന്നുമുണ്ട്. ജോസഫിനെക്കുറിച്ച് ഇനിയും സിനിമയ്ക്കും ഡോക്യുമെന്ററിക്കും സാധ്യതയുണ്ട്. ചരിത്രം പുതുതലമുറ അറിയേണ്ടതുണ്ട്. വൈകാരികതലങ്ങൾ ഉള്ള ജീവിതമുഹൂർത്തങ്ങളാണ് സിനിമയ്ക്ക്‌ ചേരുക. കാട്ടുക്കാരന് തീർച്ചയായും അങ്ങനെയുള്ള അനുഭവങ്ങളുണ്ടായിട്ടുണ്ടാവും. പക്ഷേ, നമുക്ക് രേഖകളോ തെളിവുകളോ ഇല്ല. അതിനാൽ കാട്ടുക്കാരന് കൂടുതൽ ചേരുക ഡോക്യുമെന്ററിയാണ്. കാട്ടുക്കാരന് സിനിമ ബിസിനസ് ആയിരുന്നു, മോശമെന്നല്ല. ഡാനിയേലിന് ഫാൽക്കെയെപ്പോലെയാകണമെന്ന വികാരമായിരുന്നു. ജോസഫിനെക്കുറിച്ച് ഡോക്യുമെന്ററിക്ക് ശ്രമം നടത്താവുന്നതാണ്. പക്ഷേ, പുതുതലമുറയ്ക്ക് താത്പര്യമുണ്ടാവുമോ, ഫണ്ടിങ്ങും പ്രശ്നമാണ്. ചലച്ചിത്ര അക്കാദമിക്ക് പ്രൊപ്പോസൽ നൽകി ചെയ്യാവുന്നതാണ്.

‘മക്കളുടെ ടാക്കീസിൽ പടം കണ്ട ഓർമ്മകളുണ്ട് ’

സി.എൽ. ജോസ് -നാടകാചാര്യൻ

കാട്ടൂക്കാരൻ ജോസഫ് ഞാൻ ജനിക്കുന്നതിനുമുൻപേ അന്തരിച്ചു. മൂത്തമകൻ വാറുവിന്റെ ടെന്റ് ടാക്കീസിൽ ചിത്രങ്ങൾ കണ്ടതിന്റെ ഓർമ്മയെനിക്കുണ്ട്. ഞാനന്ന് പുതുക്കാട്ട് മൂന്നാംക്ലാസിൽ പഠിക്കുകയാണ്. പുതുക്കാട്ട് കൊയ്ത്തുകഴിഞ്ഞ പാടത്ത് ടെന്റടിച്ചാണ് സിനിമ കളിക്കുക. മുന്നിൽ പൂഴിത്തറ, പിന്നിൽ ബെഞ്ച്. വെടിവെച്ചിട്ടൊരു കാട്ടുപോത്തിനുമേൽ കാൽകയറ്റിവെച്ച് തോക്കുംപിടിച്ച് നിൽക്കുന്ന കാട്ടൂക്കാരൻ വാറുവിന്റെ സ്ലൈഡ്‌ ആണ് ആദ്യംതന്നെ. ഒരു സിനിമ ഒരാഴ്ചയോളം ജ്ഞാനാംബിക, മിശിഹാചരിത്രം അങ്ങനെ കണ്ടത് ഓർമ്മയുണ്ട്. ചിത്രങ്ങൾ കളിക്കുന്നെന്ന് വിളിച്ചുപറഞ്ഞ് പ്ലക്കാർഡുമായി ഒരാൾ നടക്കും, ചെണ്ടകൊട്ടി വേറൊരാളും. തൃശ്ശൂര് ജോസ് തിയേറ്ററിൽ പടംകണ്ടതാണ് മറ്റൊരു ഓർമ്മ. പിന്നിൽ കസേരയ്ക്ക് എട്ടണ, ബെഞ്ചിന് നാലണ, തറയ്ക്ക് രണ്ടണ എന്നാണ് ടിക്കറ്റ് ചാർജ്. പടം അവസാനിക്കുന്ന ദിവസം പകുതിചാർജ്. വാഴ്‌കൈ കണ്ടത് ഓർമ്മയുണ്ട്. തറയിലിരുന്ന് കണ്ടു. രണ്ടാഴ്ച ഒരു സിനിമ. ആഴ്ച അവസാനം ശനിയാഴ്ച രാത്രി നാടകമാണ്. തിയേറ്റർ വാടകയ്ക്ക് നൽകുന്നതാണ്. സ്‌ക്രീൻ മാറ്റും, സ്റ്റേജ് കാണാം. കസേര മുന്നിലെത്തും, ബെഞ്ച് നടുവിൽ, തറ പിന്നിൽ -കാണാനൊക്കെ ബുദ്ധിമുട്ടാ. തിക്കുറിശ്ശിയും അഗസ്റ്റിൻ ജോസഫും സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതരും നാടകം കളിച്ചശേഷം പുറത്തേക്കുപോകുന്നത് കാണാനും എനിക്ക് ഇഷ്ടമായിരുന്നു

Content Highlights: the untold communicative of KW Joseph, the pioneer who introduced moving pictures to Kerala

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article