ചെന്നൈ∙ ഐപിഎൽ താര കൈമാറ്റ ചർച്ചകൾ പൊടിപൊടിക്കുകയാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ, ചെന്നൈ സൂപ്പർ കിങ്സിന്റെ വെറ്ററൻ താരം രവീന്ദ്ര ജഡേജ എന്നിവരാണ് ഇപ്പോൾ ട്രേഡ് ചർച്ചകളിലെ നായകന്മാർ. ഇരുവരെയും ഫ്രാഞ്ചൈസികൾ പരസ്പരം കൈമാറുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതിനിടെ രവീന്ദ്ര ജഡേജയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ‘കാണാതായത്’ ആണ് പുതിയ സംഭവവികാസം. കൈമാറ്റം സംബന്ധിച്ച ചർച്ചകൾ തുടങ്ങിയതോടെ ജഡേജയുടെ ഔദ്യോഗിക അക്കൗണ്ടും അപ്രത്യക്ഷമായി.
‘royalnavghan’ എന്ന പേരിലുള്ള ജഡേജയുടെ അക്കൗണ്ടാണ് ഇൻസ്റ്റഗ്രാമിൽനിന്ന് അപ്രത്യക്ഷമായത്. പ്രൊഫൈൽ ലിങ്ക്, ബ്രൗസറുകൾ ഉപയോഗിച്ച് സെർച്ച് ചെയ്തെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. അക്കൗണ്ട് താരം ഡീആക്ടിവേറ്റ് ചെയ്തതാണോ അതോ ഡിലീറ്റ് ആക്കിയതാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.
ഇതോടെ ഇതു സംബന്ധിച്ച ഊഹാപോഹങ്ങളും സമൂഹമാധ്യമങ്ങളിൽ പരന്നു. രവീന്ദ്ര ജഡേജയുടെ സമ്മതത്തോടെയല്ല കൈമാറ്റ ചർച്ചകൾ നടക്കുന്നത് എന്നതിന്റെ സൂചനയാണ് അക്കൗണ്ട് അപ്രത്യക്ഷമായതിനു പിന്നിലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാൽ ഇത്തരം ചർച്ചകളിൽനിന്ന് ഒഴിഞ്ഞുനിൽക്കുന്നതിന്റെ ഭാഗമായാണ് അക്കൗണ്ട് കളഞ്ഞതെന്നും മറ്റൊരു വിഭാഗം വാദിക്കുന്നു.
ട്രേഡിങ് പൂർത്തിയാകണമെങ്കിൽ സാങ്കേതിക നടപടികളുടെ കടമ്പ കൂടി കടക്കേണ്ടതുണ്ട്. ട്രേഡിൽ ഉൾപ്പെട്ടിരിക്കുന്ന മൂന്നു താരങ്ങളുടെയും പേര് ഉൾപ്പെടുത്തി രാജസ്ഥാൻ റോയൽസും ചെന്നൈ സൂപ്പർ കിങ്സും ഐപിഎൽ ഗവേണിങ് കൗൺസിലിന് താൽപര്യ പത്രം അയയ്ക്കണം. ട്രേഡിങ് നിയമങ്ങൾ അനുസരിച്ച്, താരങ്ങളുടെ രേഖാമൂലമുള്ള സമ്മതം ലഭിച്ചുകഴിഞ്ഞാൽ, ഫ്രാഞ്ചൈസികൾക്ക് അന്തിമ കരാറിനായി കൂടുതൽ ചർച്ചകൾ നടത്താം. അക്കാര്യവും ഗവേണിങ് കൗൺസിൽ അംഗീകരിക്കണം.
2012ലാണ് ജഡേജ ചെന്നൈ ടീമിലെത്തുന്നത്. സിഎസ്‌കെയുടെ അഞ്ച് കിരീട വിജയങ്ങളിൽ മൂന്നിലും അദ്ദേഹം ഭാഗമായിരുന്നു. 2008ൽ പ്രഥമ ഐപിഎൽ കിരീടം നേടിയ രാജസ്ഥാൻ ടീമിലും അന്ന് 19 വയസ്സുകാരനായ ജഡേജയുണ്ടായിരുന്നു. തൊട്ടടുത്ത സീസണിലും രാജസ്ഥാനിൽ കളിച്ച ജഡേജ, 2010ൽ മുംബൈ ഇന്ത്യൻസിന്റെ ട്രയൽസിൽ പങ്കെടുത്തു. കരാർ ലംഘനം നടത്തിയതിനു താരത്തിനെതിരെ റോയൽസ് ബിസിസിഐയെ സമീപിച്ചു.
തുടർന്ന് ഐപിഎൽ കളിക്കുന്നതിന് താരത്തെ ഒരു വർഷത്തേയ്ക്കു വിലക്കി. 2011 സീസണിൽ കൊച്ചി ടസ്‌കേഴ്സിലെത്തിയ ജഡേജ, 2012 മുതൽ ചെന്നൈയിലാണ്. ടീം വിലക്ക് നേരിട്ട 2016, 2017 സീസണുകളിൽ ഗുജറാത്ത് ലയൺസിലായിരുന്നു. 2022 സീസണിൽ ജഡേജയെ ചെന്നൈ ക്യാപ്റ്റനാക്കിയെങ്കിലും ടീമിന്റെ മോശം പ്രകടനത്തെത്തുടർന്നു പാതിവഴിയിൽ നായകസ്ഥാനം ഒഴിഞ്ഞു. 2023 ഐപിഎൽ ഫൈനലിൽ ഗുജറാത്തിനെതിരെ ചെന്നൈയുടെ വിജയത്തിൽ ജഡേജയുടെ പ്രകടനം നിർണായകമായി.
English Summary:








English (US) ·