Published: November 11, 2025 11:19 AM IST
2 minute Read
-
രാജസ്ഥാൻ റോയൽസിനോടു ബൈ പറയാൻ സഞ്ജു സാംസൺ
ചെന്നൈ∙ ഐപിഎലിൽ രാജസ്ഥാൻ റോയൽസിന്റെ മേൽവിലാസമായിരുന്ന സഞ്ജു സാംസൺ ടീം വിടുമെന്ന സൂചനകൾ യാഥാർഥ്യത്തിലേക്ക്. കുറച്ചു ദിവസങ്ങളായി പുറത്തുവരുന്ന റിപ്പോർട്ടുകൾ അനുസരിച്ച് സഞ്ജു– രാജസ്ഥാൻ കൂട്ടുകെട്ട് ഇനി ഐപിഎലിൽ കാണാൻ സാധിക്കില്ല. ടീം വിടാൻ താൽപര്യമറിയിച്ച് സഞ്ജുവും പകരക്കാരനെ അന്വേഷിച്ച് രാജസ്ഥാനും രംഗത്തെത്തിയതോടെ ചിത്രം വ്യക്തം. 48 മണിക്കൂറിനുള്ളിൽ രവീന്ദ്ര ജഡേജ-സാം കറൻ-സഞ്ജു സാംസൺ ‘ട്രേഡ്’ പൂർത്തിയാകുമെന്നായിരുന്നു ഞായറാഴ്ച രാത്രിയിലെ റിപ്പോർട്ട്. അങ്ങനെയെങ്കിൽ സഞ്ജുവിന്റെ 31–ാം ജന്മദിനമായ ഇന്ന് ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.
എന്നാൽ സാങ്കേതിനടപടികൾ നീണ്ടാൽ പ്രഖ്യാപനവും വൈകിയേക്കാം. കൈമാറ്റത്തിൽ ഉൾപ്പെട്ട മൂന്നു താരങ്ങളുടെയും സമ്മതപത്രം ലഭിച്ചതായാണ് വിവരം. ഇക്കാര്യം ബിസിസിഐയെയും ഐപിഎൽ ഗവേണിങ് കൗൺസിലിനെയും അറിയിക്കണം. വിദേശതാരം കൂടി ഉൾപ്പെടെ കൈമാറ്റമാണെങ്കിൽ ആ രാജ്യത്തെ ക്രിക്കറ്റ് ബോർഡും പ്രക്രിയയുടെ ഭാഗമാകേണ്ടി വരും. സാം കറന്റെ കാര്യത്തിൽ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ ഇടപെടൽ ആവശ്യമാണ്. ഈ നടപടികൾക്കുള്ള കാലതാമസമാണ് ഔദ്യോഗിക പ്രഖ്യാപനം വൈകാൻ കാരണം.
ആദ്യം ഡൽഹിസഞ്ജുവിനായി ആദ്യം താൽപര്യമറിയിച്ച് രംഗത്തെത്തിയത് ഡൽഹി ക്യപിറ്റൽസാണ്. സഞ്ജുവിന് പകരം ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്സ്, ആഭ്യന്തര താരം സമീർ റിസ്‌വി എന്നിവരെ വിട്ടുതരണമെന്ന് ഡൽഹി ക്യാപിറ്റൽസിനോട് രാജസ്ഥാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ ഒരാളെ മാത്രമേ വിട്ടുതരൂ എന്ന് ഡൽഹി നിലപാടെടുത്തതോടെ രാജസ്ഥാൻ പിൻവാങ്ങി.
കരുതലോടെ കൊൽക്കത്തക്യാപ്റ്റൻസി ഉൾപ്പെടെ വാഗ്ദാനം ചെയ്താണ് സഞ്ജുവിനെ കൊൽക്കത്ത സമീപിച്ചത്. എന്നാൽ സഞ്ജുവിനു പകരം സ്പിന്നർമാരായ സുനിൽ നരെയ്ൻ, വരുൺ ചക്രവർത്തി എന്നിവരെ വേണമെന്ന് രാജസ്ഥാൻ ആവശ്യപ്പെട്ടു. ഇതു സാധ്യമല്ലെന്നും യുവതാരങ്ങളായ അംഗ്ക്രിഷ് രഘുവംശി, രമൺദീപ് സിങ് എന്നിവരെ തരാമെന്നും കൊൽക്കത്ത നിലപാടെടുത്തു. രാജസ്ഥാൻ ഇത് അംഗീകരിച്ചില്ല.
പിന്നാലെ പഞ്ചാബ്
സഞ്ജുവിനെ ടീമിലെത്തിക്കാൻ അണിയറയിൽ നിശ്ശബ്ദമായി ചരടുവലി നടത്തിയ ടീമാണ് പഞ്ചാബ് കിങ്സ്. ഓസ്ട്രേലിയൻ ഓൾറൗണ്ടർ മാർക്കസ് സ്റ്റോയ്നിസിനെയാണ് സഞ്ജുവിന് പകരം പഞ്ചാബ് ഓഫർ ചെയ്തത്. എന്നാൽ 11 കോടി രൂപ വേതനം പറ്റുന്ന സ്റ്റോയ്നിസിനു പകരം 18 കോടി വേതനമുള്ള സഞ്ജുവിനെ നൽകുന്നത് നഷ്ടമാണെന്നു ചൂണ്ടിക്കാട്ടി രാജസ്ഥാൻ ഈ ഡീൽ തള്ളി.
അവസാനം ചെന്നൈസഞ്ജുവിനായി ഏറ്റവും അവസാനം രംഗത്തെത്തിയ ടീമാണ് ചെന്നൈ സൂപ്പർ കിങ്സ്. രവീന്ദ്ര ജഡേജ, ഡിയേവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ആവശ്യപ്പെട്ടത്. എന്നാൽ ജഡേജയെ തരാമെന്നും ബ്രെവിസിനു പകരം സാം കറനെ നൽകാമെന്നുമാണ് ചെന്നൈയുടെ നിലപാട്. കറനെ വേണ്ടെന്നും ശിവം ദുബെ, മതീഷ പതിരാന എന്നിവരിൽ ഒരാളെ പകരം നൽകണമെന്നും രാജസ്ഥാൻ ആവശ്യപ്പെട്ടതായാണ് ഒടുവിലത്തെ റിപ്പോർട്ടുകൾ.
സഞ്ജുവിന്റെ ഐപിഎൽ2012ൽ, 18–ാം വയസ്സിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലൂടെയാണ് സഞ്ജു ഐപിഎൽ കരിയർ ആരംഭിച്ചത്. ആ സീസണിൽ ഒരു മത്സരം പോലും കളിക്കാൻ അവസരം ലഭിച്ചില്ല. അടുത്ത വർഷം രാജസ്ഥാൻ റോയൽസിൽ. 3 സീസണുകൾ രാജസ്ഥാനിൽ തുടർന്ന സഞ്ജു, 2016ൽ ഡൽഹി ഡെയർഡെവിൾസ് (ഇപ്പോൾ ഡൽഹി ക്യാപിറ്റൽസ്) ടീമിലെത്തി. 2016, 2017 സീസണുകളിൽ ഡൽഹിയിൽ തുടർന്ന സഞ്ജു 2018ൽ രാജസ്ഥാനിലേക്കു തിരിച്ചുവന്നു. പിന്നാലെ ടീമിലെ സ്ഥിരാംഗമായ സഞ്ജു, 2021ൽ ക്യാപ്റ്റനുമായി. കഴിഞ്ഞ സീസണിൽ 18 കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ നിലനിർത്തിയത്.
English Summary:








English (US) ·