കൈമുതൽ പോരാട്ടവീര്യം; റെക്കോഡ് തകർക്കുമെന്ന് അന്ന് സച്ചിൻ പറഞ്ഞത് മറ്റൊന്നുംകൊണ്ടല്ല

8 months ago 10

തിമൂന്ന് വർഷംമുൻപാണ്, സെഞ്ചുറിയിൽ ‘സെഞ്ചുറി’നേടിയ സച്ചിനോട് സൽമാൻ ഖാൻ ചോദിച്ചു: ‘‘ആരെങ്കിലും നിങ്ങളുടെ ഈ റെക്കോഡ് തകർക്കുമോ, ഇല്ലെന്ന് ധൈര്യമായി പറഞ്ഞോളൂ...’’ ചിരിച്ചുകൊണ്ട് സച്ചിൻ പറഞ്ഞു: ‘‘എന്റെ ഈ റെക്കോഡ് മറികടക്കുമെന്ന് എനിക്കുറപ്പുള്ള രണ്ടു യുവാക്കളുണ്ട്... വിരാടും രോഹിതും...’’ കാലം കടന്നുപോകുമ്പോൾ സച്ചിന്റെ സെഞ്ചുറികളുടെ സെഞ്ചുറിയിലേക്കെത്താൻ വിരാട് കോലിക്ക് ഇനിയും 18 സെഞ്ചുറികളടിക്കണം. രോഹിതിന് ഇനിയും ഒരു സെഞ്ചുറികൂടിയടിച്ചാലേ സച്ചിന്റെ സെഞ്ചുറികളുടെ പകുതിയെത്താനാകൂ. മുന്നിലുള്ളത് ‘ഏകദിനം’ എന്ന ഒരേയൊരു ഫോർമാറ്റ് മാത്രം.

റെക്കോഡ് തകർക്കുമോ എന്നത് ചോദ്യമായി അവശേഷിക്കുന്നു. സച്ചിൻ ഒരു വ്യാഴവട്ടംമുൻപ്‌ തിരിച്ചറിഞ്ഞ ആ ‘ടാലന്റുകളിൽ’ വിരാടിന് മാത്രമാണ് ആ സാധ്യതയുടെ അടുത്തെങ്കിലും എത്താനായിരിക്കുന്നത്. വിരാട് എന്ന ബാറ്റർ അതിലേക്ക് വളർന്നതിനുപിന്നിൽ അയാൾതന്നെ അയാളിൽ വരുത്തിയ ഒരുപാട് വെട്ടിത്തിരുത്തലുകളുണ്ട്.

കൈമുതൽ പോരാട്ടവീര്യം

ഒരിക്കൽപ്പോലും വിരാടും രോഹിതും സച്ചിന്റെ മികവോളം വളർന്നിട്ടില്ല. സച്ചിന്റെ വൈവിധ്യമാർന്ന ഷോട്ടുകൾ ഇരുവർക്കും ഉണ്ടായിട്ടില്ല, കോലിയുടെ കാര്യത്തിൽ പ്രത്യേകിച്ചും. വളരെ കുറവ് ഷോട്ടുകളിൽമാത്രം ‘പെർഫക്ട്’ ആയ ബാറ്ററാണ് കോലി. ടെക്സ്റ്റ് ബുക്ക് കോപ്പി എന്ന് വിശേഷിപ്പിക്കാവുന്ന വിരാടിന്റെ ഐഡന്റിറ്റിയായ കവർ ഡ്രൈവ്, ഫ്‌ളിക്ക് ഷോട്ട്, സ്‌ട്രോങ് ഡിഫൻസ്... അങ്ങനെയൊരു ബാറ്ററെയാണ് തന്റെ റെക്കോഡ് മറികടക്കുമെന്ന് 2012-ൽ സച്ചിൻ വിശേഷിപ്പിച്ചത്. അതിന് കാരണമൊന്നേയുണ്ടായിരുന്നുള്ളൂ, ‘പോരാട്ടവീര്യം’. വിരാടിന് പുറമേ സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്റർമാരായി കണക്കാക്കുന്നത് ഓസ്‌ട്രേലിയയുടെ സ്റ്റീവ് സ്മിത്ത്, ഇംഗ്ലണ്ടിന്റെ ജോ റൂട്ട്, ന്യൂസീലൻഡിന്റെ കെയിൻ വില്യംസൺ എന്നിവരെയാണ്. ഈ നാലിൽനിന്ന് രണ്ടുപേരാക്കി ചുരുക്കിയാൽ, അത് സ്മിത്തിലേക്കും വിരാടിലേക്കുമായി ചുരുങ്ങും. ഇവരിൽനിന്നെല്ലാം വിരാടിനെ വ്യത്യസ്തനാക്കുന്നത് ആക്രമണോത്സുകതയാണ്, ഒപ്പം റൺസ് പിന്തുടരുന്നതിലെ കണക്കുകൂട്ടലുകളും നിശ്ചയദാർഢ്യവും.

അഗ്നിപരീക്ഷകൾ അതിജീവിച്ച്

സച്ചിന്റെ ‘പ്രവചനം’ കഴിഞ്ഞ് രണ്ടുവർഷമായപ്പോഴാണ് വിരാട് എന്ന ബാറ്ററുടെ അഗ്നിപരീക്ഷ നടന്നത്. ഇന്ത്യൻ ബാറ്റിങ്നിരയിലെ യുവതാരമായി വിരാട് വളർന്നുവരുമ്പോഴായിരുന്നു 2014-ലെ ഇംഗ്ലണ്ട് പര്യടനം. ജെയിംസ് ആൻഡേഴ്‌സൺ എന്ന ക്ലാസ് പേസ് ബൗളർക്കുമുന്നിൽ കോലിയുടെ ‘വീക്ക്‌നെസ്’ ആദ്യമായി ലോകം കണ്ടു. ആ പരമ്പരയിൽ ആൻഡേഴ്‌സന്റെ 50 പന്തുകളേ വിരാട് കളിച്ചുള്ളൂ. നാലുതവണയാണ് ആ പേസർക്കുമുന്നിൽ വീണുപോയത്. പരമ്പരയിൽ വിരാടിന്റെ ശരാശരി 13.40 ആയിരുന്നു. പുറത്തേക്ക് ഒരു ഡിഗ്രിയെങ്കിലും ഔട്ട് സ്വിങ് ചെയ്യുന്ന പന്തുകൾക്കുമുന്നിൽ കോലി വീണുപോകുന്നു എന്ന സത്യം ലോകം മനസ്സിലാക്കി. ആ പരമ്പരയ്ക്കുശേഷമുള്ള ഒരുവർഷം കോലിയുടെ കരിയർതന്നെ ചോദ്യമുനയിലായി, വിമർശനങ്ങൾ ഉയർന്നു.

നിർണായകമായ ആ സമയത്ത് സഹായംതേടി സച്ചിനരികിലേക്കുതന്നെയാണ് വിരാട് എത്തിയത്. ‘‘പേസിലും സ്വിങ്ങിലും ഭയക്കരുത്, സ്പിന്നർമാരെ താനെങ്ങനെയാണോ നേരിടുന്നത് അതുപോലെ കാൽ മുന്നോട്ടുവെച്ച് ഫാസ്റ്റ് ബൗളറെയും നേരിടുക, ബോൾ പിച്ചുചെയ്യുന്നതിനരികിലേക്ക് പരമാവധി എത്താൻ ശ്രമിക്കുക. പന്തിന് സ്വിങ് ചെയ്യാനുള്ള സമയം നൽകാതിരിക്കുക...’’ -ഇതായിരുന്നു സച്ചിന്റെ ഉപദേശം. അത് വിരാട് അക്ഷരംപ്രതി അനുസരിച്ചു.

പേസർമാർക്ക് പിന്തുണലഭിക്കുന്ന പിച്ചുകളിൽ ക്രീസിൽനിന്ന് പരമാവധി മുന്നോട്ടു കയറിനിൽക്കാനായി വിരാടിന്റെ ശ്രമം. അതയാൾക്ക് ഗുണംചെയ്തു. തന്റെ ഇഷ്ടഷോട്ടായ ‘കവർ ഡ്രൈവിൽ’ ആയാൾ മാസ്റ്ററായി. പക്ഷേ, ഒരു വീക്‌നെസിനെ മറികടക്കുമ്പോൾ മറ്റൊന്ന് തെളിഞ്ഞുവന്നു. ഒരുപാട് മുന്നോട്ടുകയറിയുള്ള സ്റ്റാൻസ് കാരണം പന്തിന്റെ ലൈനും ലെങ്തും കണക്കാക്കുന്നതിൽ പലപ്പോഴും പിഴച്ചു. പേസർമാർ കോലിക്ക് പന്തെറിയുമ്പോൾ ഓഫ് സ്റ്റമ്പിന് പുറത്ത് ‘വൈഡ്’ ആയി എറിഞ്ഞുതുടങ്ങി. പക്ഷേ, ഇതിനോട് വിരാട് പോസിറ്റീവായി പ്രതികരിക്കാൻ തുടങ്ങിയതോടെ അയാളുടെ സ്‌കോറിങ്ങിന്റെ പകുതിയിലേറെയും ഓഫ് സൈഡിലായിമാറി.

2018-ൽ ഇന്ത്യയുടെ ദക്ഷിണാഫ്രിക്കൻ ടൂറിൽ പേസർമാർ വിരാടിനെതിരേ തന്ത്രം മാറ്റി. ഓഫ് സ്റ്റമ്പിന് പുറത്ത് എറിഞ്ഞുകൊണ്ടിരിക്കുകയും അപ്രതീക്ഷിതമായി ഒന്ന് സ്റ്റമ്പിനു നേരേ ഏറിയുകയും ചെയ്തു. മൂന്ന് ടെസ്റ്റുകളുള്ള ആ പരമ്പരയിൽ വിരാട് രണ്ടുതവണ എൽബിഡബ്ല്യു ആവുകയും ഒരുതവണ ക്ലീൻ ബൗൾഡ് ആവുകയും ചെയ്തു. പക്ഷേ, പരമ്പരയിൽ ഒരു സെഞ്ചുറിയും (153) ഒരു അർധസെഞ്ചുറിയും (54) നേടിയിരുന്നു. ബാറ്റിങ് സ്റ്റാൻസിൽ ചെറിയ മാറ്റംവരുത്തിയ വിരാട് ദക്ഷിണാഫ്രിക്കൻ തന്ത്രത്തെ മറികടന്നു.

മികവിന്റെ അഞ്ചുവർഷം

വിരാട് എന്ന ബാറ്ററുടെ വലിയ മികവുകണ്ട വർഷമായിരുന്നു 2018. ഓസ്‌ട്രേലിയൻ ടൂറിൽ പെർത്തിൽനടന്ന രണ്ടാം ടെസ്റ്റിൽ ഓസീസ് ബാറ്റർമാരടക്കം പതറിയപ്പോൾ ഒരാൾമാത്രമേ സെഞ്ചുറിതൊട്ടുള്ളൂ. അന്നത്തെ ഇന്ത്യൻ നായകൻ വിരാട് കോലി 257 പന്തിൽനിന്ന് നേടിയത് 123 റൺസായിരുന്നു. പെർത്തിലെ ആ ഇന്നിങ്‌സ് ടെസ്റ്റ് കരിയറിലെ വിരാടിന്റെ ഫൈനൽ ‘പീക്ക്’ ആയിരുന്നു. അതിന്റെ തൊട്ടടുത്തവർഷം ഒരു ഡബിൾ സെഞ്ചുറിയും സെഞ്ചുറിയും വന്നിരുന്നു. അങ്ങനെ 2015 മുതൽ 2019 വരെ വിരാട് നേടിയത് ഏഴ് ഇരട്ടസെഞ്ചുറിയും 11 സെഞ്ചുറികളുമാണ്.

Content Highlights: virat kohli trial vocation retirement

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article