Published: August 30, 2025 01:04 PM IST
1 minute Read
തിരുവനന്തപുരം∙ കൈവിട്ടെന്നു കരുതിയ കളി എം.എസ്.അഖിൽ വെറും 5 പന്തുകളിൽ തിരിച്ചുപിടിച്ചു; തുടർച്ചയായ 4 സിക്സറുകളടക്കം 26 റൺസ്. തൃശൂർ ടൈറ്റൻസിനെതിരായ പോരാട്ടത്തിൽ അവസാന 4 ഓവറിൽ 5 വിക്കറ്റ് കയ്യിലിരിക്കെ കൊല്ലം സെയ്‌ലേഴ്സിനു വേണ്ടിയിരുന്നത് 52 റൺസ്. അടുത്ത ഓവർ എറിയാനെത്തിയ ഇടംകൈ സ്പിന്നർ കെ.അജിനാസ് ആദ്യ പന്തിൽത്തന്നെ വത്സൽ ഗോവിന്ദിനെ വീഴ്ത്തി. പക്ഷേ അടുത്ത 4 പന്തുകളിൽ കളി മാറി; അഖിലിന്റെ ബാറ്റിൽ നിന്ന് നിലം തൊടാതെ 4 പന്തുകളും ബൗണ്ടറിക്കു പുറത്ത്. അവസാന പന്തിൽ 2 റൺസ് കൂടി നേടിയതോടെ അടുത്ത 3 ഓവറുകളിൽ ലക്ഷ്യം 26 ആയി ചുരുങ്ങി. ഇടയ്ക്ക് ഒരു വിക്കറ്റ് കൂടി നഷ്ടമായെങ്കിലും, അഖിലിന്റെ നേതൃത്വത്തിൽത്തന്നെ 5 പന്തുകൾ ശേഷിക്കെ വിജയലക്ഷ്യം മറികടന്ന കൊല്ലത്തിന് കെസിഎലിലെ മൂന്നാം ജയം; അതും 3 വിക്കറ്റ് വിജയം.
സ്കോർ: തൃശൂർ– 13 ഓവറിൽ 4ന് 138. കൊല്ലം– 12.1 ഓവറിൽ 7ന് 149.മഴമൂലം ഇടയ്ക്കു തടസ്സപ്പെട്ട കളി 13 ഓവർ വീതമാക്കി ചുരുക്കിയപ്പോൾ തൃശൂർ നേടിയതിനെക്കാൾ 11 റൺസ് അധികമായിരുന്നു മഴനിയമപ്രകാരം കൊല്ലത്തിന്റെ വിജയലക്ഷ്യം. 12 പന്തിൽ 5 സിക്സും 2 ഫോറുമടക്കം പുറത്താകാതെ 44 റൺസ് നേടിയതിനൊപ്പം ഒരു വിക്കറ്റും വീഴ്ത്തിയ അഖിലാണ് പ്ലെയർ ഓഫ് ദ് മാച്ച്.
ആദ്യം ബാറ്റ് ചെയ്ത തൃശൂരിന്റെ ഇന്നിങ്സിനിടെ 2 തവണ മഴയെത്തിയതോടെയാണ് ഓവർ ചുരുക്കിയത്. മികച്ച ഫോമിലുള്ള അഹമ്മദ് ഇമ്രാനെ 16 റൺസിൽ ഷറഫുദ്ദീൻ വീഴ്ത്തിയെങ്കിലും ലീഗിലെ ആദ്യ അർധ സെഞ്ചറി നേടിയ ഷോൺ റോജറും (29 പന്തിൽ 51), വെടിക്കെട്ട് നടത്തിയ എ.കെ.അർജുനും (14 പന്തിൽ 6 സിക്സും ഒരു ഫോറും അടക്കം 44) ചേർന്നാണ് മികച്ച സ്കോറിലെത്തിച്ചത്. മറുപടി ബാറ്റിങ്ങിൽ കൊല്ലത്തിന്റെ ഓപ്പണർമാരായ വിഷ്ണു വിനോദും അഭിഷേക് ജെ.നായരും പരാജയപ്പെട്ടെങ്കിലും ക്യാപ്റ്റൻ സച്ചിൻ ബേബി (18 പന്തിൽ 36) ആണ് ഇന്നിങ്സ് മുന്നോട്ടു നയിച്ചത്. പക്ഷേ സ്കോർ 64ൽ നിൽക്കെ സച്ചിനെ ആദിത്യ വിനോദ് വീഴ്ത്തിയതോടെ തൃശൂരിനു പ്രതീക്ഷയേറിയെങ്കിലും ഷറഫുദ്ദീന് (23) കൂട്ടായെത്തിയ എം.എസ്.അഖിൽ അത് അതിവേഗം തല്ലിക്കെടുത്തി.
English Summary:









English (US) ·