കൊച്ചി∙ സൂപ്പർ ലീഗ് കേരളയിൽ തകർപ്പൻ ജയത്തോടെ മലപ്പുറം എഫ്സി ഒന്നാമത്. മഹാരാജാസ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഫോഴ്‌സ കൊച്ചിയെ 4-1 ന് തോൽപ്പിച്ചാണ് മലപ്പുറം പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. രണ്ടാംപകുതിയിൽ പത്തു പേരായി ചുരുങ്ങിയ കൊച്ചിക്കെതിരെ മലപ്പുറത്തിനായി ജോൺ കെന്നഡി രണ്ടും റോയ് കൃഷ്ണ, അബ്ദുൽ ഹക്കു എന്നിവർ ഓരോ ഗോൾ വീതവും നേടി. കൊച്ചിയുടെ ആശ്വാസഗോൾ സജീഷിന്റെ ബൂട്ടിൽ നിന്നായിരുന്നു. അഞ്ച് കളികളിൽ ഒൻപത് പോയന്റുള്ള മലപ്പുറം പട്ടികയിൽ ഒന്നാമതാണ്. കളിച്ച അഞ്ച് മത്സരങ്ങളും പരാജയപ്പെട്ട കൊച്ചി അവസാന സ്ഥാനത്ത് നിൽക്കുന്നു.
അവസാനം കളിച്ച രണ്ട് മത്സരങ്ങളിലും സ്കോർ ചെയ്ത ബ്രസീലുകാരൻ ജോൺ കെന്നഡിക്ക് ആദ്യ ഇലവനിൽ അവസരം നൽകിയാണ് മലപ്പുറം എതിരാളികളുടെ തട്ടകത്തിൽ കളത്തിലിറങ്ങിയത്. ഒൻപതാം മിനിറ്റിൽ ടോണി എടുത്ത കോർണർ കിക്ക് നേരിട്ട് കൊച്ചിയുടെ വലയിൽ കയറിയെന്ന് തോന്നിച്ചെങ്കിലും നേരിയ വ്യത്യാസത്തിൽ പുറത്തുപോയി. കൊച്ചിയുടെ റൊമാരിയോ ജെസുരാജ്, ഗോളി റഫീഖ് അലി സർദാർ എന്നിവരെ ഫൗൾചെയ്തതിന് മലപ്പുറത്തിന്റെ ഇർഷാദ്, ജോൺ കെന്നഡി എന്നിവർക്ക് അടുത്തടുത്ത മിനിറ്റുകളിൽ മഞ്ഞക്കാർഡ് ലഭിച്ചു.
മുപ്പത്തിരണ്ടാം മിനിറ്റിൽ കൊച്ചിയുടെ ബ്രസീൽ താരം ഡഗ്ലസ് ടാർഡിൻ പരുക്കേറ്റ് മടങ്ങി. പകരമെത്തിയത് ഡച്ചുകാരൻ വാൻ കെസൽ. മുപ്പത്തിയൊൻപതാം മിനിറ്റിൽ മലപ്പുറം ഗോൾ നേടി. കൊച്ചി ഗോൾ കീപ്പർ റഫീഖ് അലി സർദാർ, റോയ് കൃഷ്ണയെ വീഴ്ത്തിയതിന് റഫറി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റോയ് കൃഷ്ണക്ക് പിഴച്ചില്ല 1-0. ലീഗിൽ ഫിജി താരത്തിന്റെ രണ്ടാം പെനാൽറ്റി ഗോൾ. ഒന്നാം പകുതിയുടെ ഇഞ്ചറി സമയത്ത് മലപ്പുറം ലീഡ് രണ്ടാക്കി. അലൻ സാജുവിന്റെ പാസ് സ്വീകരിച്ച് നാല് എതിർതാരങ്ങളെ വെട്ടിയൊഴിഞ്ഞ ജോൺ കെന്നഡി കരുത്തുറ്റ ഷോട്ടിലൂടെ പന്ത് വലയിലെത്തിച്ചു 2-0. ലീഗിൽ ബ്രസീൽ താരത്തിന്റെ മൂന്നാം ഗോൾ.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോൾ കീപ്പർ റഫീഖ് അലി സർദാറിനെ തിരിച്ചുവിളിച്ച കൊച്ചി അണ്ടർ 23 താരം മുഹമ്മദ് മുർഷിദിനെ കളത്തിലിറക്കി. അൻപതിനാലാം മിനിറ്റിൽ മലപ്പുറത്തിന്റെ മൂന്നാം ഗോൾ വന്നു. മൈനസ് പാസ് അടിച്ചകറ്റാനുള്ള കൊച്ചിയുടെ പകരക്കാരൻ ഗോൾ കീപ്പർ മുർഷിദിന്റെ ശ്രമം പാളിയപ്പോൾ ജോൺ കെന്നഡി പന്ത് വലയിലേക്ക് തട്ടിയിട്ടു 3-0. ഇതോടെ ലീഗിൽ കെന്നഡിയുടെ ഗോൾ സമ്പാദ്യം നാലായി.
അൻപത്തിയൊൻപതാം മിനിറ്റിൽ കൊച്ചിയുടെ ഗിഫ്റ്റി ഗ്രേഷ്യസ് ചുവപ്പ് കാർഡ് വാങ്ങി പുറത്തുപോയി. മൂന്ന് മിനിറ്റിനിടെ രണ്ട് മഞ്ഞക്കാർഡുകൾ വാങ്ങിയായിരുന്നു ഗിഫ്റ്റി ഗ്രേഷ്യസിന്റെ പുറത്താവൽ. അറുപത്തിയഞ്ചാം മിനിറ്റിൽ കൊച്ചി ഒരു ഗോൾ മടക്കി. നിജോ ഗിൽബർട്ടിന്റെ പാസ് നെഞ്ചിൽ സ്വീകരിച്ച സജീഷ് പിഴവില്ലാതെ മലപ്പുറത്തിന്റെ പോസ്റ്റിൽ പന്തെത്തിക്കുകയായിരുന്നു 3-1. പകരക്കാരനായി എത്തിയ അബ്ദുൽ ഹക്കു ഇഞ്ചുറി സമയത്ത് കോർണറിന് തലവെച്ച് മലപ്പുറത്തിന്റെ നാലാം ഗോൾ നേടി 4-1.
English Summary:








English (US) ·