23 August 2025, 03:55 PM IST
വീണ്ടും കൈകോർത്ത് കെ വി എൻ പ്രൊഡക്ഷൻസും തെസ്‌പിയൻ ഫിലിംസും

പ്രിയദർശനും അക്ഷയ് കുമാറും സെയ്ഫ് അലി ഖാനും
അക്ഷയ് കുമാർ, സെയ്ഫ് അലി ഖാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയിൽ ആരംഭിച്ചു. "ഹൈവാൻ" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പൂജ ചടങ്ങുകൾ ഇന്ന് കൊച്ചിയിൽ വെച്ച് നടന്നു. ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ രചിച്ചതും പ്രിയദർശൻ തന്നെയാണ്. കെ വി എൻ പ്രൊഡക്ഷൻസ്, തെസ്‌പിയൻ ഫിലിംസ് എന്നിവയുടെ ബാനറുകളിൽ വെങ്കട് കെ നാരായണ, ശൈലജ ദേശായി ഫെൻ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. മഞ്ഞുമ്മൽ ബോയ്സിന് ശേഷം ചിദംബരം ഒരുക്കുന്ന മലയാള ചിത്രം"ബാലൻ" നിർമ്മിക്കുന്നതും ഈ രണ്ടു ബാനറുകൾ ചേർന്നാണ്. ഇവർ രണ്ടും പേരും ഒരുമിച്ചു നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് "ഹൈവാൻ". പ്രിയദർശൻ, അക്ഷയ് കുമാർ, സെയ്ഫ് അലിഖാൻ, സാബു സിറിൾ എന്നീ 4 ദേശീയ പുരസ്കാര ജേതാക്കൾ ഒന്നിക്കുന്നു എന്നതും ചിത്രത്തിൻ്റെ ഹൈലൈറ്റ് ആണ്.
തമിഴിലെ വമ്പൻ ചിത്രമായ ദളപതി വിജയ്‌യുടെ 'ജനനായകൻ', ഗീതു മോഹൻദാസ്-യാഷ് ടീമിന്റെ ബ്രഹ്മാണ്ഡ കന്നഡ ചിത്രമായ 'ടോക്സിക്' എന്നിവ നിർമ്മിക്കുന്നതും കെ വി എൻ പ്രൊഡക്ഷൻസ് ആണ്. അക്ഷയ് കുമാറിനൊപ്പം ഒരുപിടി സൂപ്പർ ഹിറ്റുകൾ ബോളിവുഡിൽ ഒരുക്കിയിട്ടുള്ള പ്രിയദർശൻ ആദ്യമായാണ് സെയ്ഫ് അലി ഖാനുമായി ഒരു ചിത്രത്തിൽ ഒന്നിക്കുന്നത് എന്ന പ്രത്യേകതയും "ഹൈവാൻ" എന്ന ചിത്രത്തിനുണ്ട്. സാബു സിറിൾ ആണ് ഈ പ്രിയദർശൻ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ. ഇത് കൂടാതെ ഭൂത് ബംഗ്ലാ, ഹേരാ ഫേരി 3 എന്നീ ഹിന്ദി ചിത്രങ്ങളും പ്രിയദർശൻ ഒരുക്കുന്നുണ്ട്. രണ്ടിലും അക്ഷയ് കുമാർ ആണ് നായകൻ. പ്രിയദർശൻ ഒരുക്കുന്ന ഇരുപത്തിയൊമ്പതാമത്തെ ഹിന്ദി ചിത്രമാണ് "ഹൈവാൻ".
ചിത്രത്തിലെ മറ്റു താരങ്ങൾ, സാങ്കേതിക പ്രവർത്തകർ എന്നിവരെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വൈകാതെ പുറത്തു വിടും. പിആർഒ - വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ
Content Highlights: haiwan begins filming successful kochi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·