Published: October 07, 2025 08:54 AM IST Updated: October 07, 2025 10:54 AM IST
1 minute Read
-
അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനം; സുരക്ഷാ ഒരുക്കങ്ങളുമായി കേരള പൊലീസ്
കൊച്ചി ∙ കലൂർ രാജ്യാന്തര സ്റ്റേഡിയത്തിൽ നവംബർ 17ന് അർജന്റീന–ഓസ്ട്രേലിയ സൗഹൃദ മത്സരം നടക്കുമെന്നും മത്സരത്തിനായി ലയണൽ മെസ്സി എത്തുമെന്നും ഉറപ്പിച്ച് കേരള പൊലീസ്. അർജന്റീനയുടെ വരവ് സംബന്ധിച്ച് സർക്കാരിന്റെ ഗ്രീൻ സിഗ്‌നൽ ലഭിച്ചതോടെ ശനിയാഴ്ച കൊച്ചിയിൽ പൊലീസ് ഉന്നത ഉദ്യോഗസ്ഥരുൾപ്പെടെ യോഗം ചേർന്നു. മത്സരത്തിന്റെ സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ചു പ്രാഥമിക ചർച്ച നടത്തി.
കളി കാണാൻ സ്റ്റേഡിയത്തിലേക്കു പരമാവധി 32,000 പേർക്കു മാത്രം ടിക്കറ്റ് മുഖേന പ്രവേശനം നൽകാനാണു നിലവിൽ ധാരണയായിട്ടുള്ളത്. എന്നാൽ, മൊത്തം 5 ലക്ഷം പേരെങ്കിലും അന്നു നഗരത്തിലും പരിസരത്തുമായി എത്തിയേക്കുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ഈ തിരക്കു ഫലപ്രദമായി നിയന്ത്രിക്കാനും മത്സരം സുരക്ഷിതമായി നടത്താനുമുള്ള തയാറെടുപ്പുകൾ ഉടൻ ആരംഭിക്കാനും തീരുമാനമായി. ക്രമസമാധാനച്ചുമതലയുള്ള എഡിജിപി എച്ച്.വെങ്കടേഷിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.
സൗഹൃദ മത്സരം നടക്കുന്നതിനു മൂന്നോ നാലോ ദിവസം മുൻപ് ഇരു ടീമുകളും കേരളത്തിലെത്തുമെന്ന വിവരമാണു പൊലീസിനു ലഭിച്ചിട്ടുള്ളത്. ടീമുകളെത്തുന്ന ദിവസമോ പിറ്റേന്നോ ഇവരെ പങ്കെടുപ്പിച്ചു കോഴിക്കോട്ട് റോഡ് ഷോ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. ആരാധകരെ ആവേശത്തിലാഴ്ത്തുന്ന, വൻ ജനക്കൂട്ടം പ്രതീക്ഷിക്കുന്ന റോഡ് ഷോയ്ക്കും വലിയ സുരക്ഷാ സന്നാഹങ്ങൾ വേണ്ടി വരുമെന്നാണു പൊലീസിന്റെ വിലയിരുത്തൽ. ഫുട്ബോൾ മത്സരം അഭിമാനപ്രശ്നമായാണു സംസ്ഥാന സർക്കാർ കാണുന്നതെന്നും എന്തു വില കൊടുത്തും ഇതു സുഗമമായി നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നുമുള്ള വികാരമാണു യോഗത്തിൽ ഉയർന്നത്.
മത്സരത്തിന്റെ ടിക്കറ്റുകൾക്ക് 5000 രൂപ മുതൽ മുകളിലേക്കാകും ഈടാക്കുക എന്നാണു സ്പോൺസർമാർ യോഗത്തിൽ നൽകിയ വിവരം. ഇത് അന്തിമമായിട്ടില്ല.
English Summary:









English (US) ·