ദുബായ്∙ ഏഷ്യാകപ്പിൽ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനങ്ങൾക്കിടെ മത്സരം ‘രഹസ്യ’മായി ബഹിഷ്കരിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും (ബിസിസിഐ). ഞായറാഴ്ച ദുബായിൽ നടക്കുന്ന ഇന്ത്യ–പാക്ക് മത്സരം കാണാൻ മിക്ക ബിസിസിഐ ഉദ്യോഗസ്ഥരും എത്തില്ലെന്നാണ് വിവരം. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതുവരെ ഒരു ബിസിസിഐ ഉദ്യോഗസ്ഥനും ദുബായിൽ എത്തിയിട്ടില്ലെന്നും മത്സര ദിവസം ഒരു ഉദ്യോഗസ്ഥൻ മാത്രമേ സ്റ്റേഡിയത്തിൽ ഉണ്ടാകൂ എന്നും റിപ്പോർട്ടിൽ പറയുന്നു.
പഹൽഗാം ഭീകരാക്രമണത്തെത്തുടർന്ന് ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പ്രശ്നങ്ങൾ രൂക്ഷമായതിനു പിന്നാലെയാണ് ഏഷ്യാ കപ്പ് മത്സരങ്ങൾ യുഎഇയിലേക്ക് മാറ്റിയത്. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കണമെന്ന് ആഹ്വാനം വ്യാപകമായതിനു പിന്നാലെയാണ് ബിസിസിഐയുടെ തീരുമാനമെന്നാണ് സൂചന. ഈ വർഷം ആദ്യം ദുബായിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ നടന്ന ചാംപ്യൻസ് ട്രോഫി മത്സരം കാണുന്നതിനായി എല്ലാ ഉന്നത ബിസിസിഐ ഉദ്യോഗസ്ഥരും സംസ്ഥാന ക്രിക്കറ്റ് ബോർഡുകളുടെ പ്രതിനിധികളും എത്തിയിരുന്നു. എന്നാൽ ഇത്തവണ പങ്കെടുത്താൽ അതു വിമർശനങ്ങൾക്ക് വഴിവച്ചേക്കുമെന്ന് ബിസിസിഐ മുൻകൂട്ടി കാണുന്നു.
ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ (എസിസി) അംഗമെന്ന നിലയിൽ രാജീവ് ശുക്ല മത്സരം കാണാൻ എത്തിയേക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ ബിസിസിഐ ആക്ടിങ് പ്രസിഡന്റ് കൂടിയാണ് രാജീവ് ശുക്ല. എന്നാൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ചെയർമാൻ ജയ് ഷായോ ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയയോ പങ്കെടുക്കാനുള്ള സാധ്യത വിരളമാണ്. ഇത്തവണ ഏഷ്യാ കപ്പിന് വേദിയൊരുക്കേണ്ടത് ഇന്ത്യയായിരുന്നു. എന്നാൽ പാക്ക് ടീമിന്റെ മത്സരം ഇന്ത്യയിൽനിന്നു മാറ്റണമെന്ന് പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടു. ഇതോടെ ടൂർണമെന്റ് മുഴുവനായി യുഎഇയിൽ നടത്താൻ ബിസിസിഐ തീരുമാനിക്കുകയായിരുന്നു.
അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പിലും പാക്കിസ്ഥാൻ ഇന്ത്യയിലെത്തില്ല. പാക്കിസ്ഥാന്റെ മത്സരങ്ങൾ ശ്രീലങ്കയിലാകും നടക്കുക. പഹൽഗാം ഭീകരാക്രമണത്തിനും ഓപ്പറേഷൻ സിന്ദൂറിനും ശേഷം നടക്കുന്ന ആദ്യ ഇന്ത്യ–പാക്കിസ്ഥാൻ പോരാട്ടമെന്ന നിലയിൽ മത്സരം ബഹിഷ്കരിക്കണമെന്ന ആഹ്വാനം തുടക്കം മുതൽ സൈബറിടങ്ങളിലുണ്ടായിരുന്നു. ഏഷ്യാകപ്പ് ക്രിക്കറ്റിൽ ഞായറാഴ്ചത്തെ ഇന്ത്യ–പാക്കിസ്ഥാൻ മത്സരം റദ്ദാക്കണമെന്ന് സുപ്രീം കോടതിയിൽ ഹർജിയും വന്നിരുന്നു. എന്നാൽ ഹർജിയിൽ അടിയന്തരമായി വാദം കേൾക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞ ദിവസം തള്ളി.
ഞായറാഴ്ച മത്സരം നടക്കുന്നതിനാൽ വ്യാഴാഴ്ച ഹർജി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. ഇക്കാര്യത്തിൽ എന്തിനാണ് ഇത്ര തിടുക്കമെന്ന് ചോദിച്ച കോടതി, മത്സരങ്ങൾ നിശ്ചയിച്ചതുപോലെ നടക്കട്ടെയെന്നും അഭിപ്രായപ്പെട്ടു. ഇന്ത്യ– പാക്കിസ്ഥാൻ മത്സരം തടയണമെന്നാവശ്യപ്പെട്ട് ഏതാനും നിയമ വിദ്യാർഥികളാണ് ഹർജി സമർപ്പിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന്റെയും ഓപ്പറേഷൻ സിന്ദൂറിന്റെയും പശ്ചാത്തലത്തിൽ പാക്കിസ്ഥാനുമായി ക്രിക്കറ്റ് കളിക്കുന്നത് അനാദരവാണെന്നു ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
ഇന്ത്യയും പാക്കിസ്ഥാനും മാത്രമുള്ള കായിക ചാംപ്യൻഷിപ്പുകൾ ഇനിയുണ്ടാവില്ലെന്നു കേന്ദ്ര കായിക മന്ത്രാലയം ഓഗസ്റ്റിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്ത്യ– പാക്കിസ്ഥാൻ മത്സരം ഇതിൽ ഉൾപ്പെടില്ലെന്നും കേന്ദ്ര കായികമന്ത്രാലയം അറിയിച്ചു. രണ്ടിലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റുകളിൽ പാക്കിസ്ഥാനുമായി മത്സരിക്കുന്നതിനു തടസ്സങ്ങളില്ല. രാജ്യാന്തര ഒളിംപിക് നിയമങ്ങൾ അനുസരിച്ചാണ് ഈ തീരുമാനമെന്ന് മന്ത്രാലയം വ്യക്തമാക്കി.
English Summary:








English (US) ·