കൊച്ചി: പതിന്നാലുവര്‍ഷം മുന്‍പത്തെ കഥയാണ്... അന്ന് ക്രിക്കറ്റിലെ കൊമ്പന്മാരായിരുന്ന പലരും ഇന്നത്തെ കൊമ്പന്മാരെ ചട്ടംപഠിപ്പിക്കുന്ന പാപ്പാന്മാരാണ്. ചിലരൊക്കെ കളി നിര്‍ത്തി വീട്ടിലിരിപ്പാണ്. വിരലിലെണ്ണാവുന്നവര്‍ ഇപ്പോഴും കളിക്കുന്നു. പക്ഷേ, അന്ന് ഉത്സവത്തിന് നെറ്റിപ്പട്ടവും കെട്ടി എഴുന്നള്ളിയതിന്റെ 'ഏക്ക' തുക അവര്‍ക്കിപ്പോഴും ബാക്കിയാണ്. അതെപ്പോള്‍ കിട്ടും എന്നതിനെക്കുറിച്ച് ആര്‍ക്കും ഒന്നും അറിയില്ല..!
കൊച്ചിയുടെ ഐപിഎല്‍ ടീമായിരുന്ന കൊച്ചി ടസ്‌കേഴ്സിന് ബിസിസിഐ കൊടുക്കാനുള്ളത് 538 കോടി രൂപയാണെങ്കില്‍ അതേ ടസ്‌കേഴ്സ് അന്നത്തെ കളിക്കാര്‍ക്ക് കൊടുക്കാനുള്ളതും കോടികളാണ്.
ലേലത്തിലൂടെയും അല്ലാതെയും സ്വന്തമാക്കിയ താരങ്ങള്‍ക്ക് പ്രതിഫലത്തുകയുടെ ആദ്യത്തെ രണ്ട് ഗഡുമാത്രമേ കൊച്ചി ടസ്‌കേഴ്സ് നല്‍കിയിട്ടുള്ളൂ. 35 ശതമാനം പ്രതിഫലത്തുക അവര്‍ക്ക് ഇനിയും നല്‍കാനുണ്ട്. ആര്‍ബിട്രല്‍ ട്രിബ്യൂണല്‍ വിധി പ്രകാരം റെണ്‍ദേവു സ്‌പോര്‍ട്‌സ് വേള്‍ഡിന് 153.34 കോടിയും കൊച്ചി ക്രിക്കറ്റ് പ്രൈവറ്റ് ലിമിറ്റഡിന്385.5 കോടിയുമാണ് നഷ്ടപരിഹാരമായി ലഭിക്കുക. ഇവരാണ് അന്നത്തെ കളിക്കാര്‍ക്ക് പ്രതിഫലത്തുകയുടെ ബാക്കി നല്‍കേണ്ടത്.
ശ്രീലങ്കന്‍ ടീമിന്റെ നായകനായിരുന്ന മഹേല ജയവര്‍ധനെയായിരുന്നു കൊച്ചി ടസ്‌കേഴ്സിന്റെ വിലയേറിയ താരം. കൊച്ചിയുടെ നായകനായിമാറിയ മഹേലയെ 6.80 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയത്. അതായത് മുംബൈ ഇന്ത്യന്‍സിന്റെ കോച്ചായ മഹേലയ്ക്ക് രണ്ടുകോടി രൂപയിലേറെ ഇനിയും കൊടുക്കാനുണ്ടെന്നാണ് സൂചന. ഇത്രയും വര്‍ഷത്തെ പലിശ വേറെയും. ഇന്നത്തെ ഇംഗ്ലണ്ട് കോച്ച് ബ്രെണ്ടന്‍ മെക്കല്ലത്തെ കൊച്ചി അന്ന് സ്വന്തമാക്കിയത് 2.15 കോടി രൂപയ്ക്കായിരുന്നു. കണക്കുപ്രകാരം പലിശയില്ലാതെതന്നെ 75 ലക്ഷത്തിലേറെ രൂപ ബ്രെണ്ടത്തിനും നല്‍കാനുണ്ട്.
ഇന്ത്യയുടെ താത്കാലിക കോച്ചായിരുന്ന വിവിഎസ് ലക്ഷ്മണ്‍, ഗുജറാത്ത് ടൈറ്റന്‍സ് അസിസ്റ്റന്റ് കോച്ച് പാര്‍ഥിവ് പട്ടേല്‍, ഓസ്ട്രേലിയന്‍ സ്റ്റാര്‍ ബാറ്ററായ സ്റ്റീവ് സ്മിത്ത് ഇന്ത്യന്‍ താരം രവീന്ദ്ര ജഡേജ മുതല്‍ കൊച്ചി ടസ്‌കേഴ്സിന്റെ മലയാളിതാരങ്ങളായിരുന്ന എസ്. ശ്രീശാന്ത്, റൈഫി വിന്‍സന്റ്, പ്രശാന്ത് പത്മനാഭന്‍, പ്രശാന്ത് പരമേശ്വരന്‍ എന്നിവര്‍ക്കും പ്രതിഫലബാക്കി കിട്ടാനുണ്ട്.
ഓസ്ട്രേലിയന്‍ ഓള്‍ റൗണ്ടറായിരുന്ന ബ്രാഡ് ഹോഡ്ജ് 10 വര്‍ഷംമുന്‍പ് ഈ വിഷയം ചൂണ്ടിക്കാട്ടി ട്വീറ്റ്‌ചെയ്തിരുന്നു ''2013 ഐപിഎലില്‍നിന്ന് 1,194 കോടി രൂപ ബിസിസിഐക്ക് ലഭിച്ചു. ഇതില്‍നിന്ന് കൊച്ചി എനിക്ക് തരാനുള്ള 82 ലക്ഷം രൂപ കണ്ടെത്താനാകുമായിരിക്കും...'' 2021-ല്‍ ബ്രാഡ് വീണ്ടും ട്വീറ്റ്‌ചെയ്തത് ഇങ്ങനെ, ''10 വര്‍ഷം മുന്നേ ഐപിഎലില്‍ കൊച്ചി ടസ്‌കേഴ്സിനെ പ്രതിനിധാനംചെയ്തവര്‍ക്ക് ഇപ്പോഴും 35 ശതമാനം പണം കിട്ടാനുണ്ട്. ഈ പണം ബിസിസിഐക്ക് കണ്ടെത്താന്‍ എന്തെങ്കിലും വഴിയുണ്ടോ...?'' കഴിഞ്ഞവര്‍ഷം ഒരു ഓണ്‍ലൈന്‍ ചാനല്‍ അഭിമുഖത്തില്‍ മുന്‍ ഇന്ത്യന്‍ പേസറായിരുന്ന ശ്രീശാന്തും പണം കിട്ടാനുള്ള കാര്യം പറഞ്ഞിരുന്നു.
Content Highlights: Kochi Tuskers IPL players are yet to person crores of rupees successful unpaid dues








English (US) ·