Published: November 09, 2026 07:24 AM IST Updated: November 09, 2026 05:24 PM IST
1 minute Read
-
കാലിക്കറ്റ് എഫ്സി– 2, തിരുവനന്തപുരം കൊമ്പൻസ്– 1
തിരുവനന്തപുരം ∙ എതിരാളികളുടെ വീട്ടുമുറ്റത്തു കയറി വിജയത്തിന്റെ പടക്കം പൊട്ടിച്ച കാലിക്കറ്റ് എഫ്സിക്ക് സൂപ്പർ ലീഗ് കേരള ഫുട്ബോളിൽ ഹാപ്പി ദീപാവലി! ചന്ദ്രശേഖരൻനായർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ 2–1ന് തോൽപിച്ച കാലിക്കറ്റ് എഫ്സി, സീസണിൽ സെമിയുറപ്പിക്കുന്ന ആദ്യ ടീമായി. മാക്സിമിലിയാനോ നിക്കൊളാസ്, ലിയനാർഡോ ഡേവിഡ് എന്നിവരുടെ ഗോളിൽ കാലിക്കറ്റ് മുന്നേറിയപ്പോൾ കെ.ശ്രീരാജ് തിരുവനന്തപുരത്തിനായി ഒരു ഗോൾ മടക്കി. സീസണിലെ ആറാം ജയത്തോടെ 17 പോയിന്റ് സ്വന്തമാക്കിയ കാലിക്കറ്റ് എഫ്സിക്ക് രണ്ടാംസ്ഥാനത്തുള്ള ഫോഴ്സ കൊച്ചിയേക്കാൾ 4 പോയിന്റ് ലീഡുണ്ട്. 8 പോയിന്റുമായി തിരുവനന്തപുരം നാലാംസ്ഥാനത്ത് തുടരുന്നു.
ദീപാവലി ദിനത്തിൽ ഹോം ഗ്രൗണ്ടിൽ വിജയത്തിന്റെ മധുരം നുണയാനിറങ്ങിയ തിരുവനന്തപുരം കൊമ്പൻസിന്റെ പ്രതീക്ഷകൾ തച്ചുടച്ചായിരുന്നു കാലിക്കറ്റിന്റെ മുന്നേറ്റം. കളത്തിൽ കാലുറപ്പിക്കും മുൻപേ കൊമ്പൻസിനെ തളർത്തി കാലിക്കറ്റിന്റെ ആദ്യ ഗോൾ പിറന്നു. മൂന്നാം മിനിറ്റിൽ പന്തുമായി മുന്നേറിയ കെ.പ്രശാന്തിനെ പെനൽറ്റി ബോക്സിനുള്ളിൽ വച്ച് തടയാൻ ശ്രമിച്ച കൊമ്പൻസ് ഗോൾകീപ്പർ സത്യജിത്തിന് പിഴച്ചു. ഗോൾകീപ്പർക്ക് യെലോ കാർഡും കാലിക്കറ്റിന് പെനൽറ്റി കിക്കും. കിക്കെടുത്ത മാക്സിമിലിയാനോ നിക്കൊളാസ് നാലാം മിനിറ്റിൽ കാലിക്കറ്റിന് ലീഡ് സമ്മാനിച്ചു.
ആക്രമണ ഫുട്ബോളുമായി എതിർ പോസ്റ്റിലേക്ക് ഇരമ്പിക്കയറിയ കാലിക്കറ്റ്, തിരുവനന്തപുരത്തെ കാഴ്ചക്കാരാക്കി മത്സരം കൈക്കലാക്കുന്നതാണ് പിന്നീട് കണ്ടത്. ഭാഗ്യവും പ്രതിരോധനിരയുടെ വീര്യവും പലപ്പോഴും ആതിഥേയരുടെ രക്ഷയ്ക്കെത്തി. അരമണിക്കൂറോളം തിമിർത്തു പെയ്ത മഴയിലും കാലിക്കറ്റിന്റെ ആക്രമണങ്ങൾക്കു ശമനമുണ്ടായില്ല. രണ്ടാംപകുതിയുടെ തുടക്കത്തിൽ ലിയനാർഡോ ഡേവിഡിലൂടെ കാലിക്കറ്റ് ലീഡുയർത്തിയതോടെ കൊമ്പൻസ് ക്യാംപ് മാനസികമായി തളർന്നു. മുന്നേറ്റനിര ലക്ഷ്യം മറന്നതും മധ്യനിരയിൽ ക്യാപ്റ്റൻ പാട്രിക് മോട്ട നിറംമങ്ങിയതും മത്സരത്തിലേക്കു തിരിച്ചെത്താനുള്ള അവരുടെ ശ്രമങ്ങൾക്കു തിരിച്ചടിയായി. 82–ാം മിനിറ്റിൽ വി.അർജുന്റെ പാസിൽനിന്ന് ശ്രീരാജ് ഗോൾ നേടിയെങ്കിലും അതിനപ്പുറത്തേക്ക് ആശ്വാസം കണ്ടെത്താൻ കാലിക്കറ്റിന്റെ പ്രതിരോധനിര ആതിഥേയരെ അനുവദിച്ചില്ല.
English Summary:






English (US) ·