
ജി. വേണുഗോപാൽ | ഫോട്ടോ: ബി.മുരളികൃഷ്ണൻ| മാതൃഭൂമി
പ്രിയഗായകന്റെ വിയോഗവാർത്ത അറിഞ്ഞു പരിഭ്രാന്തനായി വിളിച്ചതായിരുന്നു ആരാധകൻ. ഫോണെടുത്തത് "പരേതൻ" തന്നെ.
"ഹലോ എന്താണാവോ ഈ കൊച്ചുവെളുപ്പാൻ കാലത്ത്" എന്ന് ഗായകൻ. "ഞാൻ മരിച്ചോ എന്നറിയാനായിരിക്കും, അല്ലേ?
"അതെ" എന്ന് ഭവ്യതയോടെ ആരാധകൻ.
"എന്നാൽ അറിഞ്ഞോളൂ, കേട്ടത് സത്യമല്ല. ഞാൻ മരിച്ചിട്ടില്ല." -- ഗായകൻ.
ആഹ്ളാദചിത്തനായി ആരാധകൻ ഫോൺ വെക്കുമെന്നാണ് ഗായകൻ കരുതിയത്. എന്നാൽ സംഭവിച്ചത് മറിച്ചാണ്.
"ശരിക്കും?" - സംശയം തീരാതെ വിളിച്ചയാളുടെ ചോദ്യം. "അപ്പോൾ ഞാൻ കേട്ടത് നേരല്ലേ? ഉറപ്പായിട്ടും?"
എന്ത് മറുപടി പറയണമെന്നറിയാതെ അന്തിച്ചു നിന്നുപോയെന്ന് ഗായകൻ. "നമ്മൾ മരിച്ചിട്ടില്ലെന്ന് അയാളെ ബോധ്യപ്പെടുത്താൻ നല്ലവണ്ണം ബുദ്ധിമുട്ടേണ്ടി വന്നു. വേറെ തെളിവൊന്നും കയ്യിലില്ലല്ലോ.."
സുഹൃത്ത് കൂടിയായ ഗായകൻ ജി വേണുഗോപാൽ പങ്കുവെച്ച അനുഭവം. കുറച്ചു കാലം മുൻപ് വേണുവിന്റെ "വിയോഗവാർത്ത" സാമൂഹ്യമാധ്യമങ്ങളിൽ കണ്ണീരുപ്പു കലർന്ന് സഞ്ചരിച്ചുകൊണ്ടിരുന്ന വേളയിലായിരുന്നു ഈ വിചിത്രാനുഭവം.

അന്ന് കഷ്ടിച്ച് ശ്വാസം വീണ്ടെടുത്തെങ്കിലും "കൊലയാളി" തക്കം പാർത്ത് വാതിൽക്കൽ കാത്തുനിൽക്കുന്ന കാര്യം വേണുവുണ്ടോ അറിയുന്നു. "മാരകരോഗത്തിന് കീഴടങ്ങിയ" വേണുവിന്റെ പുഞ്ചിരിക്കുന്ന ചിത്രവുമായി പുതിയൊരു വാർത്താകാർഡ് കറങ്ങിനടക്കുന്നു സോഷ്യൽ മീഡിയയിൽ.
വാർത്ത കണ്ട് അസ്വസ്ഥനായ ഒരാളാണ് കാലത്ത് വിളിച്ചുചോദിച്ചത്: "നമ്മുടെ വേണുവേട്ടനെ പറ്റി കേൾക്കുന്നത് സത്യമാണോ?"
"എന്താണാവോ?" - കാര്യം പിടികിട്ടാതെ എന്റെ ചോദ്യം.
"അല്ല, മൂപ്പരെന്തോ കാര്യമായ സൂക്കേട് വന്ന്....."
"അയ്യോ. അതെയോ? ഞാനറിഞ്ഞില്ല. ഇന്നലേയും കൂടി കണ്ടതാണല്ലോ ഫേസ്ബുക്കിൽ ഫോട്ടോസും മറ്റും. ഒന്ന് വിളിച്ചുനോക്കട്ടെ..." -- ആശങ്കയോടെ എന്റെ മറുപടി.
അർത്ഥഗർഭമായ മൗനം മറുതലയ്ക്കൽ. പിന്നെ പതിഞ്ഞ ശബ്ദത്തിൽ ഒരുപദേശം.
"വേണ്ട ചേട്ടാ. ഇപ്പൊ വേണ്ട. വിളിച്ചാലും മൂപ്പരെ കിട്ടണം എന്നില്ല. ഫോണെടുക്കാൻ പറ്റില്ലല്ലോ...."
അതെന്താ അങ്ങനെ എന്ന് ചോദിക്കും മുൻപ് ഫോൺ വെച്ച് സ്ഥലം വിട്ടിരുന്നു ആൾ. ഫെയ്സ്ബുക്ക് പരതിയപ്പോഴാണ് കാര്യം പിടികിട്ടിയത്. ഈസ്റ്റർ ദിനം പുതിയൊരു ഇരയെ വീണുകിട്ടിയിരിക്കുന്നു സാമൂഹ്യമാധ്യമക്കൊലയാളികൾക്ക്. കഷ്ടം.
ഓർമ്മവന്നത് "താഴ്‌വാരം" സിനിമയിൽ മോഹൻലാൽ കഥാപാത്രത്തിന് വേണ്ടി എം ടി എഴുതിയ ഡയലോഗാണ്: "കൊല്ലാൻ അവൻ ഇനിയും ശ്രമിക്കും, ചാവാതിരിക്കാൻ ഞാനും.."
കൊല്ലാൻ ശ്രമിച്ചുകൊണ്ടേയിരിക്കും സോഷ്യൽ മീഡിയ. മരിക്കാതെ നോക്കേണ്ടത് നമ്മുടെ ബാദ്ധ്യത. ഉത്തരവാദിത്വം. വേണുവിന്റെ ഏറ്റവും വലിയ ഹിറ്റ് ഗാനം (ചന്ദനമണിവാതിൽ) പിറന്ന സിനിമയുടെ പേരാണ് ഓർമ്മയിൽ: "മരിക്കുന്നില്ല ഞാൻ."
Content Highlights: A heartwarming communicative of a fan`s telephone aft proceeding a mendacious study of vocalist Venu Gopal`s death
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·