കൊൽക്കത്തയെ 110 റൺസിന് തകർത്ത് ഹൈദരാബാദ്; ക്ലാസന് സെഞ്ചറി, ഹൈദരാബാദിന് ഐപിഎലിലെ ഉയർന്ന മൂന്നാമത്തെ ടീം സ്കോർ

7 months ago 10

ഡൽഹി ∙ ബാറ്റർമാർക്കു പിന്നാലെ ബോളർമാരും മിന്നും പ്രകടനം കാഴ്ചവച്ചതോടെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദിന് 110 റൺസിന്റെ തകർപ്പൻ ജയം. ഹൈദരാബാദ് ഉയർ‌ത്തിയ 278 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയുടെ ഇന്നിങ്സ് 168 റൺസിൽ അവസാനിച്ചു. സ്കോർ: ഹൈദരാബാദ് 20 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 278 റൺസ്. കൊൽക്കത്ത 18.4 ഓവറിൽ 168 റൺസ്.

ഹൈദരാബാദ് ഉയർ‌ത്തിയ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്‌ക്ക് ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ നൽകാനായില്ല. 23 പന്തിൽ 37 റൺസെടുത്ത മനീഷ് പാണ്ഡെയാണ് കൊൽക്കത്തയുടെ ടോപ് സ്കോറർ. ഹർഷിത് റാണ 34 റൺസും സുനിൽ നരേയ്‌ൻ 31 റൺസുമെടുത്തു. ഹൈദരാബാദിനു വേണ്ടി ജയ്ദേവ് ഉനദ്ഘട്ട്, ഹര്‍ഷ് ദുബെ, ഇഷാൻ മലിംഗ എന്നിവർ മൂന്നു വിക്കറ്റ് വീതം നേടി.

നേരത്തെ, മുൻനിര ബാറ്റർമാർ ഉജ്വല ഫോമിലേക്ക് ഉയർന്നതോടെയാണ് സീസണിലെ അവസാന മത്സരത്തിൽ  ഹൈദരാബാദ് 278 റൺസ് പടുത്തുയർത്തിയത്. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന മൂന്നാമത്തെ ടീം സ്കോറാണിത്. 2024 ഏപ്രിൽ 15ന് ബെംഗളൂരുവിനെതിരെ 3 വിക്കറ്റ് നഷ്ടത്തിൽ ഹൈദരാബാദ് നേടിയ 287 റൺസാണ് ഐപിഎലിലെ ഏറ്റവും ഉയർന്ന സ്കോർ. ഈ സീസണിൽ മാർച്ച് 23 ന് രാജസ്ഥാനെതിരെ ഹൈദരാബാദ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയ 286 റൺസാണ് രണ്ടാമത്തെ ഉയർന്ന സ്കോർ. 2024 മാർച്ച് 27ന് മുംബൈയ്‌ക്കെതിരെ ഹൈദരാബാദ് 3 വിക്കറ്റ് നഷ്ടത്തിൽ നേടിയ 277 റൺസാണ് നാലാം സ്ഥാനത്ത്. ഇതോടെ ഐപിഎൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ആദ്യ നാലു ടീം സ്കോറുകളും ഹൈദരാബാദിന്റെ പേരിലായി.

സെഞ്ചറി നേടിയ ഹെൻറിച് ക്ലാസന്റെ (39 പന്തിൽ പുറത്താകാതെ 105 റൺസ്) നേതൃത്വത്തിലായിരുന്നു ഹൈദരാബാദിന്റെ മിന്നൽപ്രകടനം. സീസണിൽ ക്ലാസന്റെ രണ്ടാമത്തെ സെഞ്ചറിയാണിത്. 37 പന്തിൽ സെ‍ഞ്ചറി പൂർത്തിയാക്കിയ ക്ലാസന്റെ പ്രകടനം, വേഗമേറിയ ഐപിഎൽ സെഞ്ചറികളിൽ നാലാം സ്ഥാനത്താണ്.

ഹെൻറിച് ക്ലാസൻ (Photo by Money SHARMA / AFP)

ഹെൻറിച് ക്ലാസൻ (Photo by Money SHARMA / AFP)

അഭിഷേക് ശര്‍മയും ട്രാവിഡ് ഹെഡും 41 പന്തിൽ 92 റൺസുമായി തുടക്കമിട്ട ബാറ്റിങ് വെടിക്കെട്ട് പിന്നാലെ വന്നവരും ഏറ്റെടുക്കുകയായിരുന്നു. ട്രാവിഡ് ഹെഡ് – ഹെൻറിച് ക്ലാസൻ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് 35 പന്തിൽ 83 റൺഡസും ഹെൻറിച് ക്ലാസൻ – ഇഷാൻ കിഷൻ‌ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 36 പന്തിൽ 83 റൺസുമെടുത്തു. നാലാം വിക്കറ്റിൽ ഹെൻറിച് ക്ലാസൻ – അനികേദ് വർമ കൂട്ടുകെട്ട് 9 പന്തിൽ 20 റൺസ് നേടി.

ട്രാവിഡ് ഹെഡ് 40 പന്തിൽ 76 റൺസും അഭിഷേക് ശര്‍മ 16 പന്തിൽ 32 റൺസും ഇഷാൻ കിഷൻ 20 പന്തിൽ 29 റൺസും നേടി. അനികേദ് വർമ 6 പന്തിൽ 12 റൺസുമായി പുറത്താകാതെ നിന്നു. കൊൽക്കത്തയ്ക്കു വേണ്ടി സുനിൽ നരേയ്‌ൻ രണ്ടു വിക്കറ്റും വൈഭവ് അറോറ ഒരു വിക്കറ്റും സ്വന്തമാക്കി.

English Summary:

Sunrisers Hyderabad vs Kolkata Knight Riders, IPL 2025 Match - Live Updates

Read Entire Article