Published: May 15 , 2025 11:04 AM IST
1 minute Read
ന്യൂഡൽഹി ∙ വിദേശതാരങ്ങളുടെ പിൻമാറ്റം ടീമുകളെ ബാധിക്കാതിരിക്കാൻ പുതിയ ‘ഫോർമുല’യുമായി ഐപിഎൽ. 17ന് സീസൺ പുനരാരംഭിക്കുമ്പോൾ കൂടുതൽ പകരക്കാരെ ഉൾപ്പെടുത്താൻ ഫ്രാഞ്ചൈസികൾക്ക് അനുമതി നൽകി. ടീമുകളിലേക്ക് തിരിച്ചുവരാത്ത വിദേശതാരങ്ങൾക്കു പകരം താൽക്കാലികമായി പകരക്കാരെ ഉൾപ്പെടുത്താം. എന്നാൽ അടുത്ത സീസണിലേക്ക് ഈ താരങ്ങളെ ടീമിൽ നിലനിർത്താൻ കഴിയില്ല.
ഒരാഴ്ച നിർത്തിവച്ചശേഷം ആരംഭിക്കുന്ന ഐപിഎലിലെ മത്സര ഷെഡ്യൂൾ ജൂണിലേക്ക് നീണ്ടതോടെ വിദേശതാരങ്ങളിൽ പലരും പങ്കെടുക്കില്ല. ഈ പ്രതിസന്ധി മറികടക്കാനാണ് ബിസിസിഐ ടീമുകൾക്ക് പുതിയ ഇളവ് പ്രഖ്യാപിച്ചത്. പരുക്കും മറ്റ് അസുഖങ്ങളും മൂലം പിൻമാറുന്ന താരങ്ങൾക്ക് മാത്രം പകരക്കാരെ ഉൾപ്പെടുത്താനായിരുന്നു ഐപിഎൽ ടീമുകൾക്ക് നേരത്തേ അനുമതി നൽകിയിരുന്നത്. ഈ താരങ്ങളെ അടുത്ത സീസണിൽ ടീമിൽ നിലനിർത്താനും അവസരമുണ്ട്.
നിറംമങ്ങുന്ന ഐപിഎൽ
ജൂണിൽ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കുന്ന ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക ടീമുകളിലെ താരങ്ങളുടെ അഭാവമാകും ഐപിഎൽ സീസണിലെ അവസാന മത്സരങ്ങളെ കൂടുതൽ ബാധിക്കുക. മേയ് 25ന് നിശ്ചയിച്ചിരുന്ന ഇത്തവണത്തെ ഐപിഎൽ ഫൈനൽ ജൂൺ മൂന്നിലേക്ക് നീണ്ടതാണ് പ്രതിസന്ധിക്ക് കാരണം. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ കളിക്കുന്ന താരങ്ങൾക്ക് ഇതിനു മുൻപായി ടീം ക്യാംപിൽ ചേരേണ്ടതുണ്ട്. ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലിനുള്ള ഓസ്ട്രേലിയൻ ടീമിൽ ഐപിഎൽ താരങ്ങളായ പാറ്റ് കമിൻസ്, ട്രാവിസ് ഹെഡ് (ഹൈദരാബാദ്), ജോഷ് ഹെയ്സൽവുഡ് (ബെംഗളൂരു), ജോഷ് ഇംഗ്ലിസ് (പഞ്ചാബ്), മിച്ചൽ സ്റ്റാർക് (ഡൽഹി) എന്നിവർ ഇടംനേടിയിട്ടുണ്ട്. ദക്ഷിണാഫ്രിക്കൻ സംഘത്തിൽ എയ്ഡൻ മാർക്രം (ലക്നൗ), കഗീസോ റബാദ (ഗുജറാത്ത്), ലുൻഗി എൻഗിഡി (ബെംഗളൂരു), റയാൻ റിക്കൽറ്റൻ (മുംബൈ), ട്രിസ്റ്റൻ സ്റ്റബ്സ് (ഡൽഹി), മാർക്കോ യാൻസൻ (പഞ്ചാബ്) എന്നിവരുമുണ്ട്. ഇവരുടെയെല്ലാം സേവനം 17ന് പുനരാരംഭിക്കുന്ന ഐപിഎലിൽ ടീമുകൾക്ക് നഷ്ടമാകും. മേയ് 29ന് വെസ്റ്റിൻഡീസിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പര ആരംഭിക്കാനിരിക്കെ ജോസ് ബട്‍ലർ (ഗുജറാത്ത്), വിൽ ജാക്സ് (ഇംഗ്ലണ്ട്), ജാമി ഓവർട്ടൻ (ചെന്നൈ) തുടങ്ങിയ ഇംഗ്ലണ്ട് താരങ്ങളുടെ പങ്കാളിത്തത്തിലും ആശങ്കയുണ്ട്.
ഡികോക്ക് വരും, ആർച്ചർ വരില്ല !
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ദക്ഷിണാഫ്രിക്കൻ താരം ക്വിന്റൻ ഡികോക്ക് ഐപിഎലിലെ അവശേഷിക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കും. 17ന് ബെംഗളൂരുവിനെതിരെ നടക്കുന്ന മത്സരത്തിന് മുൻപ് ഡികോക്ക് ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ട്. എന്നാൽ രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലിഷ് പേസർ ജോഫ്ര ആർച്ചർ ഐപിഎലിനായി തിരിച്ചെത്തില്ല. സീസണിലെ കഴിഞ്ഞ മത്സരത്തിൽ വിരലിനു പരുക്കേറ്റതും ഐപിഎലിൽ രാജസ്ഥാൻ റോയൽസ് പ്ലേഓഫ് കാണാതെ പുറത്തായതും ആർച്ചറുടെ മടങ്ങിവരവിന് തടസ്സമായി. ചെന്നൈ ടീമിന്റെയും പ്ലേഓഫ് സാധ്യത അവസാനിച്ചതിനാൽ ഇംഗ്ലിഷ് ഓൾറൗണ്ടർ സാം കറനും തിരിച്ചെത്താൻ സാധ്യതയില്ല.
ജേക്ക് ഫ്രേസർക്ക് പകരം മുസ്തഫിസുർ
ഓസ്ട്രേലിയൻ ബാറ്റർ ജേക്ക് ഫ്രേസർ മക്ഗുർക്കിനു പകരം ബംഗ്ലദേശ് താരം മുസ്തഫിസുർ റഹ്മാൻ ഡൽഹി ക്യാപിറ്റൽസ് ടീമിൽ. ഐപിഎൽ താൽക്കാലികമായി നിർത്തിയപ്പോൾ നാട്ടിലേക്കു മടങ്ങിയ ജേക്ക് ഫ്രേസർ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾക്കായി തിരിച്ചുവരില്ലെന്നു ടീമിനെ അറിയിച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് പിൻമാറ്റം. ഓപ്പണിങ് ബാറ്ററായ ജേക്ക് ഫ്രേസർക്കു പകരം ഡൽഹി ടീമിലെത്തുന്നത് പേസ് ബോളറായ മുസ്തഫിസുർ ആണെന്നതാണ് കൗതുകം. 2022, 2023 സീസണുകളിൽ ഡൽഹി ടീമിൽ അംഗമായിരുന്ന മുസ്തഫിസുറിന് ഇത്തവണത്തെ ലേലത്തിൽ ആവശ്യക്കാരുണ്ടായിരുന്നില്ല.
English Summary:








English (US) ·