‘കോച്ചിങ് അവസാനിപ്പിക്കൂ, അല്ലെങ്കിൽ 2027 ലോകകപ്പ് മറന്നേക്കൂ’: ഗാലറിയിൽനിന്ന് ഗംഭീറിനോട് വിളിച്ചുപറഞ്ഞ് ആരാധകൻ– വിഡിയോ

1 month ago 2

ഓൺലൈൻ ഡെസ്‌ക്

Published: November 30, 2025 11:48 AM IST

1 minute Read

 X/@Mostlykohli
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച് ഗൗതം ഗംഭീർ. ചിത്രം: X/@Mostlykohli

റാഞ്ചി ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ സമ്പൂർണ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ ഗൗതം ഗംഭീറിനെതിരെ എല്ലാ കോണുകളിൽനിന്നും വ്യാപക വിമർശനമാണ് ഉയരുന്നത്. ഗംഭീറിനു കീഴിൽ ഈ വർഷം രണ്ടാം തവണയാണ് നാട്ടിൽ ഇന്ത്യ ടെസ്റ്റ് പരമ്പര തോൽക്കുന്നത്. ഇതോടെ പരിശീലകസ്ഥാനത്തുനിന്ന് ഗംഭീറിനെ മാറ്റണമെന്ന് മുറവിളി ഉയർന്നിട്ടുണ്ട്. എന്നാൽ അടുത്ത വർഷം നടക്കുന്ന ട്വന്റി20 ലോകകപ്പ് വരെ നടപടികളൊന്നും വേണ്ടെന്നാണ് ബിസിസിഐയുടെ തീരുമാനം.

എങ്കിലും ഗംഭീറിനെതിരെ ആരാധകരോഷത്തിന് കുറവില്ല.  ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ഏകദിന മത്സരത്തിന് മുന്നോടിയായിട്ടുള്ള പരിശീലനത്തിനിടെ ഒരു ആരാധകൻ ഗംഭീറിനോട്, കോച്ച് സ്ഥാനം ഒഴിയണമെന്ന് ഉറക്കെ വിളിച്ചുപറയുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. റാഞ്ചിയിലെ ജെഎസ്‌സിഎ രാജ്യാന്തര സ്റ്റേഡിയ‌ത്തിൽ നടന്ന പരിശീലനത്തിനിടെയാണ് സംഭവം.

പരിശീലനത്തിന്റെ ഭാഗമായുള്ള വാം അപ്പിനിടെ ഗംഭീർ, ഗാലറിക്ക് അരികിലേക്ക് ഓടിയെത്തുമ്പോൾ ‘‘കോച്ചിങ് അവസാനിപ്പിക്കൂ, സ്വന്തം നാട്ടിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ജയിക്കാൻ പറ്റുന്നില്ല, 2027ലെ ലോകകപ്പ് മറന്നേക്കൂ..’’ എന്ന് ആരാധകൻ വിളിച്ചുപറയുന്നതാണ് വിഡിയോയിലുള്ളത്. പറയുന്ന ആളുടെ ശബ്ദം മാത്രമാണ് കേൾക്കാൻ സാധിക്കുന്നത്. ഗംഭീർ ഇതു ശ്രദ്ധിച്ചെങ്കിലും ഒരു ഭാവമാറ്റവുമില്ലാതെ പരിശീലനം തുടർന്നു. പറയുന്നയാളുടെ ഒപ്പമുള്ളവർ ആർത്തുചിരിക്കുന്നതും വിഡിയോയിൽ കേൾക്കാം.

English Summary:

'Coaching chhod do' - Fan taunts Gautam Gambhir from stands up of 1st ODI

Read Entire Article