19 June 2025, 10:00 AM IST

കമൽ ഹാസൻ, പ്രതീകാത്മക ചിത്രം | Photo: AFP, X/ Hìfi talkìes
ബെംഗളൂരു: കമൽഹാസൻ നായകനായ തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കാൻ സൗകര്യമൊരുക്കാൻ സംസ്ഥാന സർക്കാർ. സിനിമയുടെ പ്രദർശനം തടയാൻ ശ്രമിച്ചാലും അനുമതിയില്ലാതെ പ്രതിഷേധം നടത്തിയാലും കർശന നടപടിയെടുക്കുമെന്ന് പോലീസ് വ്യക്തമാക്കി.
ബെംഗളൂരുവിലെ ഫ്രീഡം പാർക്ക് ഒഴികെയുള്ള സ്ഥലങ്ങളിൽ പ്രതിഷേധം നടത്താൻ പാടില്ലെന്ന് അറിയിച്ച് കന്നഡ അനുകൂല സംഘടനകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു. സിനിമയ്ക്കെതിരേ പ്രതിഷേധപ്രകടനങ്ങൾ, ലഘുലേഖവിതരണം തുടങ്ങിയവ നടത്താൻ പാടില്ലെന്നും കന്നഡ രക്ഷണവേദികെ അടക്കമുള്ള സംഘടനകളുടെ നേതാക്കൾക്ക് നൽകിയ നോട്ടീസിൽ നിർദേശിച്ചിട്ടുണ്ട്. തഗ് ലൈഫ് പ്രദർശിപ്പിക്കാൻ അനുമതിനൽകുന്ന സുപ്രീംകോടതി ഉത്തരവിനെത്തുടർന്നാണ് പോലീസ് നടപടി. കോടതി ഉത്തരവ് നടപ്പാക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
തഗ് ലൈഫ് സംസ്ഥാനത്ത് പ്രദർശിപ്പിക്കുന്നത് അനുവദിക്കില്ലെന്ന് മുൻപ് പ്രഖ്യാപിച്ചിരുന്ന കന്നഡ ഫിലിം ചേംബർ ഇപ്പോൾ നിലപാട് മാറ്റി. സിനിമയുടെ പ്രദർശനത്തെ എതിർക്കില്ലെന്നാണ് ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കന്നഡഭാഷ പിറന്നത് തമിഴിൽനിന്നാണ് എന്ന കമലിന്റെ പ്രസ്താവനയാണ് പ്രതിഷേധത്തിന് കാരണമായത്.
സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട ചടങ്ങിൽ പ്രസംഗിക്കുമ്പോഴായിരുന്നു കമലിന്റെ പ്രസ്താവന. കമൽ ക്ഷമാപണം നടത്തിയില്ലെങ്കിൽ സിനിമ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്ന് കന്നഡ അനുകൂല സംഘടനകളും ഫിലിം ചേംബറും നിലപാടെടുക്കുകയായിരുന്നു. ക്ഷമാപണം നടത്തില്ലെന്ന് കമലും വ്യക്തമാക്കിയതോടെ സംസ്ഥാനത്ത് സിനിമയുടെ റിലീസ് മുടങ്ങുകയായിരുന്നു.
പ്രദർശിപ്പിക്കില്ലെന്ന് വിതരണക്കാരൻ
തഗ് ലൈഫ് സിനിമ കർണാടകത്തിൽ പ്രദർശിപ്പിക്കില്ലെന്ന് വിതരണക്കാരൻ. റിലീസ് വൈകിയതിനാൽ കാര്യമായ വരുമാനം നേടാൻ കഴിയില്ലെന്നും അതിനാൽ ഇനി പ്രദർശനത്തിന് തയ്യാറല്ലെന്നും സംസ്ഥാനത്ത് വിതരണം ഏറ്റെടുത്തിരുന്ന വെങ്കിടേശ് കമലാകർ അറിയിച്ചു.
Content Highlights: Karnataka govt allows Thug Life merchandise aft protests implicit his arguable statement
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·