Published: July 18 , 2025 10:11 PM IST Updated: July 18, 2025 10:19 PM IST
2 minute Read
ജേതാക്കളെ ചൊല്ലിയുള്ള വിവാദം, മാസങ്ങൾ നീണ്ട കാത്തിരിപ്പ്. ഒടുവിൽ രാജ്യാന്തര കായിക കോടതി കണ്ണുതുറന്നപ്പോൾ ജയം ഇന്റർ കാശിക്കൊപ്പം. കാത്തിരിപ്പിനൊടുവിൽ ഐ ലീഗ് ഫുട്‌ബോൾ കിരീടത്തിൽ മുത്തമിട്ട ഇന്റർ കാശി വരും സീസണിൽ ഐഎസ്എല്ലിൽ പന്തുതട്ടാനിറങ്ങും. ഇന്റർ കാശി- നാംധാരി എഫ്സി മത്സരം സംബന്ധിച്ച അഖിലേന്ത്യാ ഫുട്‌ബോൾ ഫെഡറേഷൻ അപ്പീൽ കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ ടീം രാജ്യാന്തര കായിക തർക്ക പരിഹാര കോടതിയെ(സിഎഎസ്) സമീപിച്ചിരുന്നു. ഈ അപ്പീൽ സിഎഎസ് റദ്ദാക്കിയതോടെയാണ് ഇന്റർ കാശി ഐ ലീഗ് ചാംപ്യന്മാരായത്. കോടതി വിധിയിൽ സന്തോഷം തോന്നുന്നുവെന്ന് ഇന്റർ കാശിയുടെ മലയാളി താരം കെ പ്രശാന്ത് മനോരമ ഓൺലൈനോട് പ്രതികരിച്ചു. ജേതാക്കളെ ചൊല്ലിയുള്ള കേസ് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് ലീഗ് അവസാനിച്ചിട്ടും ചാംപ്യന്മാരെ പ്രഖ്യാപിക്കാൻ വൈകിയത്. തങ്ങളുടെ ഭാഗത്ത് ശരിയുള്ളതിനാൽ മാനേജ്മെന്റ് കേസുമായി മുന്നോട്ട് പോയി, ജയിച്ചു. വിധി ടീമിനു അനുകൂലമായതിൽ സന്തോഷം തോന്നുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
∙ വില്ലനായ പരുക്ക്
ഐ ലീഗ് ആരംഭിക്കാൻ വൈകിയതോടെ നാല് മാസത്തോളം ഇന്റർ കാശിയുടെ പ്രീ സീസൺ ക്യാംപിലായിരുന്നു. ആദ്യ മത്സരത്തിന്റെ തലേദിവസം സംഭവിച്ച ഹാം സ്ട്രിങ് ഇഞ്ചുറി കാരണം 10 ആഴ്ചയോളം പ്രശാന്ത് വിശ്രമത്തിലായിരുന്നു. ഫിറ്റ്നസ് വീണ്ടെടുക്കാൻ ഏകദേശം 3–4 മാസമെടുത്തു. തിരിച്ചു ടീമിനൊപ്പം ചേർന്നപ്പോൾ അവസാന 5 മത്സരങ്ങളിൽ മാത്രമാണ് കളിക്കാനായത്. ആ മത്സരത്തിൽ മൂന്നിലും ജയം ഇന്റർ കാശിക്കൊപ്പമായിരുന്നു. രണ്ട് ഗോളും നേടി. ഐഎസ്എൽ ക്ലബായ പഞ്ചാബ് എഫ്സിയിൽ നിന്നാണ് ഇന്റർ കാശിയിലെത്തിയത്. ടീമിന്റെ സംവിധാനങ്ങളെക്കുറിച്ചും അവരുടെ ലക്ഷ്യത്തെ കുറിച്ചും നേരത്തെ അറിയാമായിരുന്നു. പരിശീലകനായി അന്റോണിയോ ലോപസ് ഹബാസ് ചുമതലയേറ്റെടുത്തതും ഗുണമായി. ഇന്ത്യൻ മണ്ണിനെക്കുറിച്ചറിയാവുന്ന ഏറ്റവും മികച്ച വിദേശ പരിശീലകരിൽ ഒരാളാണ് അദ്ദേഹം. ഹബാസിനു കീഴിൽ കളിക്കണമെന്ന ആഗ്രഹവും ഇതിലൂടെ സഫലമായി.
∙ വീണ്ടും കഴിവു തെളിയിക്കാനുള്ള അവസരം
ഐഎസ്എല്ലിലേക്കുള്ള ഇന്റർ കാശിയുടെ പ്രമോഷൻ വീണ്ടും എന്റെ കഴിവ് തെളിയിക്കുന്നതിനുള്ള അവസരമാണ്. ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനും ചെന്നൈയ്ക്കും പഞ്ചാബിനും വേണ്ടി പന്തുതട്ടാനിറങ്ങിയപ്പോൾ എന്റെ കഴിവ് പൂർണമായും പുറത്തെടുക്കാൻ സാധിച്ചോ എന്നതു സംശയമാണ്. സ്റ്റാറ്റസ് നോക്കുമ്പോൾ പെർഫോമൻസ് അടിസ്ഥാനത്തിൽ ഞാന്‍ അത്ര മികച്ച പ്രകടനമായിരുന്നില്ല. അതുകൊണ്ട് വീണ്ടും എന്നെ തേടിയെത്തിയ അവസരം പരമാവധി പ്രയോജനപ്പെടുത്തും. ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്നാണ് വിശ്വാസം.
∙ മെസിയാണോ വരേണ്ടത്?
ഗ്രാസ് റൂട്ട് ലെവലിൽ മികച്ച പരിശീലനവും ഫുട്ബോളിന്റെ വളർച്ചയ്ക്കായി അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെടുത്തിയാൽ മാത്രമേ ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ശോഭനമാകൂ. താരങ്ങൾക്ക് കൂടുതൽ അവസരം കിട്ടണം. സംസ്ഥാനങ്ങൾ കായിക മേഖലയ്ക്ക് കൂടുതൽ പ്രധാന്യം നൽകിയാൽ ഒരു നാൾ ഇന്ത്യ ലോകകപ്പ് കളിക്കും. നമ്മുടെ നാട്ടിൽ മികച്ച ഗ്രൗണ്ട് പോലുമില്ല. ഇങ്ങനെയൊരു അവസ്ഥയിൽ മെസിയെയോ അർജന്റീന ടീമിനെയോ കേരളത്തിലേക്കു കൊണ്ടുവരുന്നത് മികച്ച തീരുമാനമായി തോന്നുന്നില്ല. സ്പോർട്സ് ഹോസ്റ്റലിലെ കുട്ടികളുടെ ജീവിതം വളരെ പരിതാപകരമാണ്. ഒരു ടീമിനെ കൊണ്ടുവരാനായി ഫണ്ട് വിനിയോഗിക്കുന്നതിനു പകരം നമ്മുടെ കായിക രംഗത്തെ മെച്ചപ്പെടുത്തുന്നതിനു വിനിയോഗിച്ചാൽ ഒരു നാൾ രാജ്യത്തിന്റെയോ നാട്ടിലെ ഒരു താരത്തിന്റെയോ പേരിൽ നമുക്ക് അഭിമാനിക്കാം. സൂപ്പർ ലീഗ് കേരള ഫുട്ബോൾ അസോസിയേഷന്റെ മികച്ച തീരുമാനമാണെന്നും, കരിയറിന്റെ അവസാനം കാലിക്കറ്റ് എഫ്സിക്ക് വേണ്ടി കളിക്കണമെന്ന ആഗ്രഹവും പ്രശാന്ത് തുറന്നു പറഞ്ഞു.
എഐഎഫ്എഫ് അപ്പീൽ കമ്മിറ്റി 2025 മേയ് 31-ന് പുറപ്പെടുവിച്ച തീരുമാനത്തിനെതിരെ ഇന്റർ കാശി എഫ്‌സി 2025 ജൂൺ നാലിന് സമർപ്പിച്ച അപ്പീലാണ് സിഎഎസ് അംഗീകരിച്ചത്. ഇന്റർ കാശി ചാംപ്യന്മാരാകുന്നതോടെ ചർച്ചിൽ ബ്രദേഴ്സ് രണ്ടാം സ്ഥാനക്കാരായി. കോടതി ചെലവുകളുടെ ഭാഗമായി എഐഎഫ്എഫ് 3 ലക്ഷം രൂപയും ചർച്ചിൽ ബ്രദേഴ്സ്, നാംധാരി എഫ്സി, റിയൽ കശ്മീർ എന്നീ ക്ലബുകൾ 1 ലക്ഷം രൂപ വീതവും ഇന്റർ കാശിക്ക് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ലീഗിലെ 22 മത്സരങ്ങൾ പൂർത്തിയായപ്പോൾ 40 പോയിന്റുമായി ചർച്ചിൽ ബ്രദേഴ്സ് ഒന്നാമതായിരുന്നു. 39 പോയിന്റുമായി രണ്ടാമതായിരുന്നു ഇന്റർ കാശി. ജനുവരി 13-ന് നാംധാരി എഫ്സിക്കെതിരായ മത്സരത്തിൽ ഇന്റർ കാശി തോൽവി വഴങ്ങിയിരുന്നു. എന്നാൽ, അയോഗ്യനായ താരത്തെ കളിക്കാനിറക്കിയത് ചൂണ്ടിക്കാട്ടി എഐഎഫ്എഫ് അച്ചടക്ക സമിതി നാംധാരി തോറ്റതായി പ്രഖ്യാപിക്കുകയും കാശിക്ക് മൂന്നുപോയിന്റ് അനുവദിക്കുകയും ചെയ്തു. ഈ ഉത്തരവിനെതിരെ നാംധാരി അപ്പീൽ കമ്മിറ്റിക്ക് പരാതി നൽകുകയും അനുകൂലവിധി നേടിയെടുക്കുകയും ചെയ്തു. വിധി നാംധാരിക്ക് എതിരായിരുന്നെങ്കിൽ മൂന്നു പോയിന്റുകൾ അധികമായി നേടി ഇന്റർ കാശി 42 പോയിന്റോടെ ജേതാക്കളാവുമായിരുന്നു. എന്നാൽ വിധി ഇന്റർ കാശിക്ക് എതിരായതോടെയാണ് ചർച്ചിൽ ബ്രദേഴ്സിനെ എഐഎഫ്എഫ് ചാംപ്യന്മാരാക്കി പ്രഖ്യാപിച്ചത്. തുടർന്ന് തങ്ങളുടെ മൂന്നു പോയിന്റ് വെട്ടിക്കുറച്ച അപ്പീൽകമ്മിറ്റി വിധിക്കെതിരെ ഇന്റർ കാശി രാജ്യാന്തര കായിക തർക്കപരിഹാര കോടതിയെ സമീപിക്കുകയായിരുന്നു. അപ്പീൽ വിധി കാശിക്ക് അനുകൂലമായി വന്നതോടെ ടീം പുതിയ ഐ-ലീഗ് ജേതാക്കളായി. ഇന്റർ കാശിയുടെ ആദ്യ ഐലീഗ് കിരീടമാണിത്.
English Summary:









English (US) ·