കോടികളുടെ കടം, മക്കള്‍ക്ക് ചോക്ലേറ്റ് വാങ്ങാന്‍പോലും പണമില്ലായിരുന്നു- 'സയ്യാര'യിലെ രാജേഷ് കുമാർ

5 months ago 6

02 August 2025, 05:30 PM IST

rajesh kumar

രാജേഷ് കുമാർ | ഫോട്ടോ: എക്സ്/Rajesh Kumar

'സാരാഭായ് വേഴ്സസ് സാരാഭായ്' എന്ന പരമ്പരയിലെ റോസേഷ് എന്ന അവിസ്മരണീയ കഥാപാത്രത്തിലൂടെ പ്രശസ്തനായ നടൻ രാജേഷ് കുമാർ തൻ്റെ ജീവിതത്തിലെ ഏറ്റവും പ്രയാസമേറിയ ഒരു ഘട്ടത്തെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്. 2025 ലെ ഏറ്റവും വലിയ ഹിറ്റായി തീയറ്ററിൽ മുന്നേറിക്കൊണ്ടിരിക്കുന്ന 'സയ്യാര' എന്ന ചിത്രത്തിലെ അഭിനയത്തിന് അദ്ദേഹത്തെത്തേടിയെത്തുന്ന അഭിനന്ദനങ്ങൾക്ക് പിന്നിൽ താൻ അനുഭവിച്ച കഷ്ടപ്പാടുകളുടെ കഥ കൂടിയുണ്ടെന്ന് തുറന്നു പറയുകയാണ് രാജേഷ് കുമാർ. തൻ്റെ 2 കോടി രൂപയുടെ കടത്തെക്കുറിച്ചും കൃഷിയിലേക്കിറങ്ങിയത് വൻ നഷ്ടങ്ങളുണ്ടാക്കിയെന്നുമാണ് 'മേരി സഹേലി' എന്ന പോഡ്‌കാസ്റ്റിൽ അദ്ദേഹം പറഞ്ഞത്.

"കൃഷിയിൽ ഒരു കൈ നോക്കാൻ ശ്രമിച്ചപ്പോഴാണ് സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചത്, ആ ഉദ്യമം പെട്ടെന്നുതന്നെ നിലനിൽക്കാനാവാത്തതാണെന്ന് തിരിച്ചറിഞ്ഞു. വരവ് ഒന്നുമില്ലായിരുന്നു, ചെലവ് കാരണം എൻ്റെ എല്ലാ സമ്പാദ്യവും തീർന്നുപോയിരുന്നു. ഞാൻ രണ്ട് കോടി രൂപ കടത്തിലായി. സാമ്പത്തിക ബാധ്യത എന്നത് ഒരു വലിയ വാക്കാണ്, അതിജീവനത്തിനായി പണം കണ്ടെത്താൻ എനിക്ക് കഴിഞ്ഞിരുന്നില്ല.സ്വന്തം സമ്പാദ്യം നിക്ഷേപിച്ചിട്ടും, വരുമാനം ഇല്ലാത്തതിനാൽ പിന്തുണയ്ക്കായി കുടുംബത്തെ ആശ്രയിക്കാൻ നിർബന്ധിതനായി. 'സയ്യാര'യുടെ ചിത്രീകരണസമയത്ത് യുകെയിൽ ആയിരുന്നപ്പോൾ എൻ്റെ ബാങ്ക് അക്കൗണ്ടിൽ 2,500 രൂപയേ ഉണ്ടായിരുന്നുള്ളൂ. ആ ഇരുപത്തിനാലു ദിവസത്തെ ഷൂട്ടിനിടയിൽ ഞാൻ രണ്ടുതവണ വീട്ടിൽ പോയിരുന്നു. പക്ഷേ എൻ്റെ കുട്ടികൾക്ക് രണ്ട് ചോക്ലേറ്റ് പോലും കൊണ്ടുവരാൻ എനിക്ക് കഴിഞ്ഞില്ല," അദ്ദേഹം പറഞ്ഞു.

ടെലിവിഷൻ, സിനിമ, ഓടിടി പ്ലാറ്റ്‌ഫോമുകളിലായി രണ്ട് പതിറ്റാണ്ടിലേറെ നീളുന്നതാണ് രാജേഷ് കുമാറിൻ്റെ അഭിനയ ജീവിതം.അനീത് പദ്ദയുടെ അച്ഛനായി അഭിനയിച്ച 'സയ്യാര' എന്ന ചിത്രത്തിൻ്റെ വൻ വിജയത്തിൽ രാജേഷ് കുമാർ ഇപ്പോൾ തിളങ്ങിനിൽക്കുകയാണ്. രണ്ടാഴ്ച കൊണ്ട് 284.75 കോടി രൂപയാണ് ചിത്രം നേടിയത്.

Content Highlights: histrion rajesh kumar, faced rs 2 crore indebtedness and adjacent bankruptcy from farming

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article