കോടികളെറിഞ്ഞ് നിലനിർത്തിയ ഫിനിഷർമാരാ, ആറു പന്തിൽ ഒൻപത് റൺസെടുക്കാൻ വയ്യ! വീണ്ടും നാണംകെട്ട് രാജസ്ഥാൻ

9 months ago 7

മനോരമ ലേഖകൻ

Published: April 20 , 2025 10:37 AM IST

1 minute Read

 MoneySharma/AFP
ഷിമ്രോൺ ഹെറ്റ്മിയർ ബാറ്റിങ്ങിനിടെ. Photo: MoneySharma/AFP

ജയ്പുർ ∙ ഐപിഎൽ അരങ്ങേറ്റ മത്സരത്തിൽ 20 പന്തിൽ 34 റൺസുമായി മടങ്ങുമ്പോൾ വൈഭവ് സൂര്യവംശിയെന്ന പതിനാലുകാരന്റെ കണ്ണുനിറഞ്ഞിരുന്നു. മത്സരാവസാനം അതു രാജസ്ഥാൻ ടീമിന്റെയൊന്നാകെ കണ്ണീരായി മാറി! കളിയിൽ മിക്ക സമയത്തും ആധിപത്യം പുലർത്തിയിട്ടും അവസാന നിമിഷത്തെ സമ്മർദത്തിന് ഒരിക്കൽ കൂടി രാജസ്ഥാൻ റോയൽസ് കീഴ്പ്പെട്ടു. ലക്നൗ സൂപ്പർ ജയന്റ്സ് ഉയർത്തിയ 181 റൺസ് വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന്റെ പോരാട്ടം 178 റൺസിൽ അവസാനിച്ചു–തോൽവി 2 റൺസിന്!

ലക്നൗ പേസർ ആവേശ് ഖാൻ എറിഞ്ഞ അവസാന ഓവറിൽ 9 റൺസായിരുന്നു രാജസ്ഥാന് ജയിക്കാൻ ആവശ്യം. ഷിമ്രോൺ ഹെറ്റ്മെയറും (7 പന്തിൽ 12) ധ്രുവ് ജുറേലും (5 പന്തിൽ 6 നോട്ടൗട്ട്) ക്രീസിൽ ഉണ്ടായിരുന്നിട്ടും രാജസ്ഥാന് നേടാൻ സാധിച്ചത് 6 റൺസ് മാത്രം. സ്കോർ: ലക്നൗ 20 ഓവറിൽ 5ന് 180. രാജസ്ഥാൻ 20 ഓവറിൽ 5ന് 178. നാല് ഓവറിൽ 37 റൺസ് വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാനാണ് പ്ലെയർ ഓഫ് ദ് മാച്ച്.

തുടക്കം വൈഭവം

ക്യാപ്റ്റൻ സഞ്ജു സാംസൺ പരുക്കുമൂലം മാറിനിന്ന മത്സരത്തിൽ ഇംപാക്ട് സബ്സ്റ്റിറ്റ്യൂട്ടായാണ് വൈഭവ് ഓപ്പണറുടെ റോളിൽ എത്തിയത്. ഷാർദൂൽ ഠാക്കൂർ എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിലാണ് വൈഭവിന് സ്ട്രൈക്ക് ലഭിച്ചത്. ആദ്യ ബോൾ തന്നെ ലോങ് ഓഫിനു മുകളിലൂടെ മനോഹരമായൊരു ലോഫ്റ്റഡ് ഡ്രൈവിലൂടെ വൈഭവ് ഗാലറിയിലെത്തിച്ചു. വൈഭവ് നൽകിയ തുടക്കം യശസ്വി ഏറ്റുപിടിച്ചതോടെ പവർപ്ലേ അവസാനിക്കുമ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ രാജസ്ഥാൻ 61 റൺസിൽ എത്തി. പിന്നാലെ എയ്ഡൻ മാർക്രത്തിന്റെ പന്തിൽ ഋഷഭ് പന്തിന്റെ സ്റ്റംപിങ്ങിൽ വൈഭവ് പുറത്തായി.

കാണികളുടെ കയ്യടികൾക്കിടയിലും കണ്ണുനിറഞ്ഞായിരുന്നു പതിനാലുകാരൻ താരത്തിന്റെ മടക്കം. ഒന്നാം വിക്കറ്റിൽ 52 പന്തിൽ 85 റൺസാണ് വൈഭവ്– യശസ്വി സഖ്യം നേടിയത്. മൂന്നാമനായി എത്തിയ നിതീഷ് റാണ (7 പന്തിൽ 8) പെട്ടെന്നു തന്നെ മടങ്ങിയെങ്കിലും ക്യാപ്റ്റൻ റിയാൻ പരാഗിനെ (26 പന്തിൽ 39) കൂട്ടുപിടിച്ച യശസ്വി ഇന്നിങ്സ് മുന്നോട്ടുനയിച്ചു.  യശസ്വിയെയും പരാഗിനെയും വീഴ്ത്തിയ ആവേശ് ഖാൻ ലക്നൗവിന് പ്രതീക്ഷ നൽകി. ഹെറ്റ്മെയർ– ജുറേൽ ജോടിയിലായിരുന്നു രാജസ്ഥാന്റെ പിന്നീടുള്ള പ്രതീക്ഷ. എന്നാൽ ലക്നൗവിന്റെ ഡെത്ത് ഓവർ ബോളിങ് മികവിനു മുന്നിൽ പിടിച്ചുനിൽക്കാൻ രാജസ്ഥാന് സാധിച്ചില്ല. അവസാന ആറു പന്തിൽ ഒൻപതു റൺസ് വേണ്ടപ്പോൾ, ആറു റണ്‍സെടുക്കാൻ മാത്രമാണു റോയൽസിന്റെ ഫിനിഷർമാര്‍ക്കു സാധിച്ചത്.

നേരത്തെ ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗവിന് ഓപ്പണിങ്ങിൽ എയ്ഡൻ മാർക്രവും (45 പന്തിൽ 66) മധ്യനിരയി‍ൽ ആയുഷ് ബദോനിയും (34 പന്തിൽ 50) ഫിനിഷിങ്ങിൽ അബ്ദുൽ സമദും (10 പന്തിൽ 30 നോട്ടൗട്ട്) നൽകിയ കരുത്താണ് ഭേദപ്പെട്ട ടോട്ടൽ കണ്ടെത്താൻ സഹായിച്ചത്. സന്ദീപ് ശർമ എറിഞ്ഞ അവസാന ഓവറിൽ 4 സിക്സ് ഉൾപ്പെടെ 27 റൺസ് അടിച്ചുകൂട്ടിയ അബ്ദുൽ സമദാണ് സ്കോർ 180ൽ എത്തിച്ചത്.

English Summary:

Lucknow Super Giants bushed Rajasthan Royals successful IPL

Read Entire Article