കോടികൾ നൽകി ബംഗ്ലദേശ് താരത്തെ വാങ്ങി, ഷാറുഖിന് രാജ്യത്ത് തുടരാൻ അവകാശമില്ല: ചതിയനെന്ന് ബിജെപി നേതാവ്

2 weeks ago 3

ഓൺലൈൻ ഡെസ്ക്

Published: January 02, 2026 10:59 AM IST

1 minute Read

 SUJIT JAISWAL / MUNIR UZ ZAMAN / AFP
ഷാറുഖ് ഖാൻ, മുസ്തഫിസുർ റഹ്മാൻ. Photo: SUJIT JAISWAL / MUNIR UZ ZAMAN / AFP

മീററ്റ്∙ ബംഗ്ലദേശ് ക്രിക്കറ്റ് താരം മുസ്‍തഫിസുർ റഹ്മാനെ ഐപിഎൽ താരലേലത്തിൽ വാങ്ങിയതിന്റെ പേരിൽ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ഉടമയും ബോളിവുഡ് താരവുമായ ഷാറുഖ് ഖാനെതിരെ രൂക്ഷവിമർശനവുമായി ബിജെപി നേതാവ് സംഗീത് സോം. ഒരു ബംഗ്ലദേശി താരത്തെ വാങ്ങിയ ഷാറുഖ്, ചതിയനാണെന്നും രാജ്യത്തു തുടരാൻ ഇനി അവകാശമില്ലെന്നും സംഗീത് സോം ആഞ്ഞടിച്ചു. 9.20 കോടി രൂപയ്ക്കാണ് ഐപിഎൽ ലേലത്തിൽ മുസ്തഫിസുറിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയത്. ഐപിഎലിൽ ഒരു ബംഗ്ലദേശ് താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന തുകയാണിത്.

‘‘ഒരു ഭാഗത്ത് ബംഗ്ലദേശിൽ ഹിന്ദുക്കളെ കൊല്ലുകയാണ്. മറ്റൊരു ഭാഗത്ത് ബംഗ്ലദേശി താരങ്ങളെ ഐപിഎൽ ലേലത്തിൽ വാങ്ങുന്നു. ഷാറുഖ് ഖാൻ ഒൻപതു കോടി നൽകിയാണ് റഹ്മാനെ വാങ്ങിയത്. ഇപ്പോൾ ബംഗ്ലദേശിൽ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ ഉയരുകയാണ്. പ്രധാനമന്ത്രിയെ അപമാനിക്കുന്നു. പക്ഷേ ഷാറുഖ് ഖാനെപ്പോലുള്ള ചതിയൻമാർ ഒൻപതു കോടി മുടക്കി അവരെ സഹായിക്കുന്നു. ഷാറുഖിന് ഇന്ത്യയിൽ നിൽക്കാൻ അവകാശമില്ല.’’-സംഗീത് സോം മീററ്റിൽ നടന്ന പൊതുപരിപാടിയിൽ പറഞ്ഞു.

മുസ്തഫിസുർ റഹ്മാനെ ഇന്ത്യയിൽ കാലുകുത്താൻ അനുവദിക്കില്ലെന്നും സംഗീത് സോം ഭീഷണി മുഴക്കി. ഐപിഎൽ ലേലത്തിൽ ബംഗ്ലദേശ് പേസറെ കൊൽക്കത്ത വൻ തുക മുടക്കി വാങ്ങിയത് വലിയ വിമർശനങ്ങൾക്കാണു വഴിയൊരുക്കിയത്. ആത്മീയ നേതാക്കളായ ദേവ് കിഷൻ ഠാക്കൂറും സ്വാമി രാംഭദ്രാചാര്യയും ഷാറുഖ് ഖാനെതിരെ പരസ്യമായി രംഗത്തെത്തിയിരുന്നു.

അതേസമയം ഷാറുഖിനെ പിന്തുണച്ച് കോൺഗ്രസ് എംപി മാണിക്കം ടാഗോർ രംഗത്തെത്തി. ബോളിവുഡ് താരത്തെ ചതിയനെന്നു വിളിച്ചത് ഇന്ത്യയുടെ ബഹുസ്വരതയ്ക്കെതിരായ അക്രമമാണെന്ന് കോൺ‌ഗ്രസ് നേതാവ് പ്രതികരിച്ചു. ക്രിക്കറ്റ് ബോർഡ് താരത്തെ വാങ്ങാൻ അനുമതി നല്‍കിയതുകൊണ്ടാണ് ഷാറുഖ് ഖാന് ഏതെങ്കിലും രാജ്യത്തുനിന്ന് താരങ്ങളെ തിരഞ്ഞെടുക്കാൻ‌ സാധിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് താരിഖ് അൻവറും വ്യക്തമാക്കി.

English Summary:

Shah Rukh Khan faces disapproval aft KKR's acquisition of Mustafizur Rahman

Read Entire Article