Published: April 29 , 2025 10:09 AM IST
1 minute Read
-
പൊലീസ് ജഴ്സിയിൽ ആദ്യമായി ഒരു ടൂർണമെന്റ് വിജയിച്ച മലപ്പുറം കോട്ടപ്പടി മൈതാനത്ത് പൊലീസ് ടീമിനായി അവസാന മത്സരം കളിച്ച് ഐ.എം.വിജയൻ
മലപ്പുറം ∙ കോട്ടപ്പടി സ്റ്റേഡിയത്തിൽ കാലം ഇന്നലെ ഒരു കളിപ്പന്തു പോലെ പിന്നോട്ടുരുണ്ടു. ക്യാപ്റ്റൻ ഐ.എം.വിജയൻ സെന്റർ സ്ട്രൈക്കർ. ഇടത്തും വലത്തുമായി എ.സക്കീറും പി. ഹബീബ് റഹ്മാനും. മധ്യനിരയിൽ പി.പി.തോബിയാസും ജ്യേഷ്ഠൻ ഹെൻറി ഷാജനും സുധീർ കുമാറും. പ്രതിരോധക്കോട്ട തീർത്ത് കുരികേശ് മാത്യു, അലക്സ് ഏബ്രഹാം, കെ.രാജേഷ്, സി.പി.അശോകൻ. ഗോൾകീപ്പറായി കെ.ടി.ചാക്കോ.
ആസിഫ് സഹീറിന്റെ നേതൃത്വത്തിൽ ഇറങ്ങിയ മലപ്പുറം വെറ്ററൻസ് ടീമിനെതിരെയുള്ള കേരള പൊലീസ് ലെജൻഡ്സ് ടീമിന്റെ മത്സരം കാണാനെത്തിയത് വൻജനാവലി. അതിൽ ഭൂരിഭാഗം പേരും പൊലീസ് ടീമിന്റെ കരുത്തുറ്റ കാലത്തിനു നേർസാക്ഷികളായവർ.
തൊണ്ണൂറുകളിൽ ഇന്ത്യൻ ഫുട്ബോളിൽ തിളങ്ങിക്കളിച്ച അതേ പൊലീസ് ടീം ഒരിക്കൽ കൂടി കോട്ടപ്പടി സ്റ്റേഡിയത്തിലിറങ്ങിയപ്പോൾ ഗാലറിയിൽ ആരവം ആകാശത്തോളമുയർന്നു. കേരള പൊലീസിൽ നിന്നു വിരമിക്കുന്ന ഐ.എം.വിജയൻ, റോയ് റോജസ്, സി.പി.അശോകൻ എന്നിവർക്കുള്ള ആദരസൂചകമായാണ് ‘വിജയോത്സവം’ എന്ന പേരിൽ പ്രദർശന മത്സരം സംഘടിപ്പിച്ചത്. 1988ൽ കോട്ടപ്പടിയിൽ നടന്ന കൗമുദി ട്രോഫിയിലാണ് ഐ.എം.വിജയൻ കേരള പൊലീസ് ജഴ്സിയിൽ ആദ്യമായി ഒരു ടൂർണമെന്റ് വിജയിക്കുന്നത്.
അതേവേദിയിൽ വച്ചു തന്നെ വിജയനെന്ന ഫുട്ബോൾ ഇതിഹാസം കേരള പൊലീസിനായി ഇന്നലെ അവസാന മത്സരവും പൂർത്തിയാക്കി. തൊണ്ണൂറുകളിൽ കേരള ഫുട്ബോളിന്റെ മേൽവിലാസവും മസിൽ പവറുമായിരുന്ന പൊലീസ് ടീമിലെ അന്നത്തെ അംഗങ്ങളിൽ ഇനിയാരും സർവീസിൽ ശേഷിക്കുന്നില്ല. അവസാന കണ്ണിയായിരുന്നു ഐ.എം.വിജയൻ.
ഓരോ നീക്കവും ആവേശകരമായിരുന്നെങ്കിലും ഗോൾരഹിത സമനിലയായിരുന്നു മത്സരഫലം. വിജയന്റെ ബൂട്ടിൽനിന്ന് ഒരു ഗോളെങ്കിലും വരുമെന്നു പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. എങ്കിലും ആ പ്രതിഭയുടെ മിന്നലാട്ടങ്ങൾ മൈതാനത്ത് ഉണ്ടാകാതെയുമിരുന്നില്ല. ചില ബാക്ക്ഹീൽ പാസുകൾ, ത്രൂബോളുകൾ, പോസ്റ്റിലേക്കുള്ള ലോങ് റേഞ്ചറുകൾ. ആരാധകർക്കു മനം നിറയ്ക്കാൻ അതുമതിയായിരുന്നു.
ഫൈനൽ വിസിൽ മുഴങ്ങുന്ന നേരത്തു സൂര്യൻ പടിഞ്ഞാറു ചാഞ്ഞിരുന്നു. ആ അസ്തമയ ശോഭയിൽ കേരള ഫുട്ബോളിന്റെ ഏറ്റവും തിളക്കമാർന്ന നക്ഷത്രം തനിക്കേറ്റവും പ്രിയപ്പെട്ട പൊലീസ് ടീമിന്റെ ജഴ്സി എന്നെന്നേക്കുമായി അഴിച്ചുവച്ചു. 30നാണ് ഐ.എം.വിജയൻ കേരള പൊലീസിൽനിന്ന് ഔദ്യോഗികമായി വിരമിക്കുന്നത്.
English Summary:








English (US) ·