കോട്ടയത്ത്‌ അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയവുമായി KCA; സി.എം.എസ് കോളജുമായി ധാരണപത്രം ഒപ്പുവെച്ചു

10 months ago 7

kottayam cricket stadium

കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും സിഎംഎസ് കോളേജും തമ്മിൽ കരാർ ഒപ്പുവെയ്ക്കുന്ന ചടങ്ങ്

കോട്ടയം: കോട്ടയത്ത് അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം ഒരുക്കുന്നതിനായി കേരള ക്രിക്കറ്റ് അസോസിയേഷനും സിഎംഎസ് കോളേജും തമ്മിൽ കരാർ ഒപ്പുവെച്ചു. കോട്ടയം ജില്ലയിൽ ബിസിസിഐ ഫസ്റ്റ് ക്ലാസ് നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ടാവും സിഎംഎസ് കോളേജിൽ കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിക്കുക.

സ്റ്റേഡിയം പദ്ധതിക്കായി കോളേജ് 30 വർഷത്തേക്ക് നിലവിലുള്ള ഗ്രൗണ്ട് കെസിഎയ്ക്ക് നൽകും. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതേ രീതിയിൽ തിരുവനന്തപുരം തുമ്പ സെന്റ്‌.സേവ്യേഴ്സ് കോളേജിലും ആലപ്പുഴ എസ് ഡി കോളേജിലും ഗ്രൗണ്ടുകൾ നിർമിച്ചിരുന്നു.

നിർമാണത്തിന്‍റെ ഒന്നാം ഘട്ടത്തിൽ ക്രിക്കറ്റ് ഗ്രൗണ്ട് കൂടാതെ പവലിയൻ, സ്പ്രിംഗ്ലർ സിസ്റ്റം, ഇൻഡോർ ഔട്ട് ഡോർ പ്രാക്ടീസ് സംവിധാനം, അത്യാധുനിക ജിംനേഷ്യം, ഫുട്ബോൾ ഗ്രൗണ്ട് എന്നിവ ഉണ്ടാവും. പദ്ധതി ചെലവ് 14 കോടി രൂപ രൂപയാണ്. രണ്ടാം ഘട്ടത്തിൽ ഫ്ലഡ് ലൈറ്റ് സംവിധാനം ഉണ്ടാവും.

കേരള ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി വിനോദ് എസ് കുമാർ, സി.എം.എസ് കോളേജ് മാനേജറും സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ്പുമായ റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ എന്നിവർ ചേർന്ന് എഗ്രിമെന്റ് ഒപ്പിട്ടു. നിർമാണ പ്രവർത്തനം ഏപ്രിൽ അവസാനത്തോടെ തുടങ്ങി ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കും. നിർമാണം പൂർത്തിയാകുന്നതോടെ കോട്ടയത്തു രഞ്ജി ട്രോഫി ഉൾപ്പടെ ബിസിസിഐ ഫസ്റ്റ് ക്ലാസ് മത്സരങ്ങൾക്ക് വേദിയാകും. കോട്ടയം ജില്ലയിലെ യുവ ക്രിക്കറ്റ് താരങ്ങൾക്ക് പ്രത്യേക പരിശീലനം നൽകാനും മത്സങ്ങളിൽ പങ്കെടുക്കാനും സാധിക്കും.

സംസ്ഥാനത്ത് ക്രിക്കറ്റിന്റെ സമഗ്രവികസനത്തിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ നടത്തുന്ന പ്രവർത്തനങ്ങളുടെ മറ്റൊരു ഉദാഹരണമാണ് സി.എം.എസ് ക്രിക്കറ്റ് സ്റ്റേഡിയം എന്ന് കെസിഎ സെക്രട്ടറി വിനോദ് എസ്. കുമാർ പറഞ്ഞു.

കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ, സി.എസ്.ഐ മധ്യകേരള ഇടവക ട്രഷറർ റവ. ജിജി ജോണ്‍ ജേക്കബ് , സിഎസ്ഐ - മധ്യ കേരള മഹാഇടവക ക്ലെർജി സെക്രട്ടറി റവ. അനിയന്‍ കെ പോള്‍ , സിഎസ്ഐ - മധ്യ കേരള മഹാ ഇടവക ലേ സെക്രട്ടറി അഡ്വ. സ്റ്റീഫന്‍ ജെ ഡാനിയല്‍ , രജിസ്ട്രാർ അഡ്വ. ഷീബാ തരകന്‍, ബർസർ റവ. ചെറിയാന്‍ തോമസ്‌ , ഹയര്‍ എഡ്യൂക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി ജേക്കബ് ഫിലിപ്പ് മോങ്കുഴി,പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ്ജ് ഡോ.അഞ്ജു സൂസന്‍ ജോര്‍ജ്,വൈസ് പ്രിന്‍സിപ്പല്‍ ഡോ: റീനു ജേക്കബ് , ഫിസിക്കല്‍ എഡ്യൂക്കേഷന്‍ മേധാവി ഡോ. ചാള്‍സ് എ ജോസഫ്, അസോ. പ്രൊഫ.ജാക്സ്ണ്‍ പോള്‍ വി, കോട്ടയം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: cricket staidum with precocious facilities successful kottayam

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article