
കെ.സി. ശ്രുതി | Photo: Screen grab/ YouTube: Sony Music South
കല്പറ്റ:‘മായു മായു മായു മണ്ണെ മായു മായു മായേ
കിണാത്തി പട്ടോലപ്പുറത്തൊരുത്തിരി മായേ
കാവിലെ കരിമുള്ളു കായഞ്ചുപോയ
നേരംപോയ നേരം വന്തലാ കിണാത്തി
മായു മായു മായു മണ്ണെ...’
'നരിവേട്ട' സിനിമയിലെ മനസ്സുനിറയ്ക്കുന്ന ഈ ഗാനം ഇന്ന് ഹിറ്റാണ്. ഒരിക്കൽകേട്ടാൽ മനസ്സിൽനിന്ന് മാഞ്ഞുപോകാത്ത തരത്തിൽ സ്വരമാധുര്യംകൊണ്ട് ആസ്വാദ്യകരമാക്കിയത് കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഉന്നതിയിലെ കെ.സി. ശ്രുതിയാണ്. പണിയ വിഭാഗക്കാരുടെ മരണാനന്തരച്ചടങ്ങിൽ പ്രധാന കാർമികൻ ആട്ടാളി പാടുന്ന ആട്ടുപാട്ടാണ് ശ്രുതി സിനിമയിൽ പാടി മനോഹരമാക്കിയത്.
ചെറുപ്പംമുതലേ പാട്ടിന്റെ വഴിയേനടന്ന ശ്രുതി സിനിമയിൽ പിന്നണിയായി എത്തുന്നതും അപ്രതീക്ഷിതമായാണ്. 'നരിവേട്ട'യുടെ കൊളഗപ്പാറയിലെ ലൊക്കേഷനിലെത്തിയതോടെയാണ് ശ്രുതിക്ക് സിനിമയിൽ പാടാനുള്ള അവസരമൊരുങ്ങിയത്.
സുൽത്താൻബത്തേരിയിലെ ‘തുടിതാളം’ ഗോത്രകലാസംഘത്തിൽ സജീവമായിരുന്ന ശ്രുതി, വട്ടക്കളിപ്പാട്ടിന്റെ കോറസ് പാടാനാണ് ലൊക്കേഷനിലെത്തിയത്. ചിത്രത്തിന്റെ സംവിധായകനായ അനുരാജ് മനോഹറും സംഗീതസംവിധായകൻ ജേക്സ് ബിജോയിയും ഗോത്രവിഭാഗത്തിന്റെ തനതുപാട്ടുകൾ ലൊക്കേഷനിലെത്തിയവരെക്കൊണ്ട് പാടിപ്പിച്ചു. ശ്രുതി ‘മായു മായു മായു മണ്ണെ’ പാടി. പാട്ട് ഇഷ്ടപ്പെട്ടതോടെ ശ്രുതിയെയും ശ്രുതിയുടെ പാട്ടിനെയും സിനിമയിലെടുത്തു. കൊച്ചിയിൽവെച്ച് റെക്കോഡിങ്ങും നടന്നു.
‘ആരാത്തിലെറിഞ്ചോ അറിയാതെയോ കെട്ടി...
കാലു കുത്തി കാലുകായ് മേലുകുറിയും വെച്ചെ...
ചുവടു വെച്ച് എങ്കളെ കാപ്പാ...'
ചുവടുവെച്ച് റെക്കോഡിങ് സ്റ്റുഡിയോയിൽ ശ്രുതി പാട്ടുപാടുന്ന വീഡിയോയും ഇപ്പോൾ വൈറലാണ്. വിനു കിളച്ചുടന്റേതാണ് വരികൾ.
പൊന്നായി കൂട്ടുകാരുടെ വാക്കുകൾ
കണിയാമ്പറ്റ ജിഎംആർഎസിൽ പ്ലസ്‍വണ്ണിൽ പഠിക്കുമ്പോൾ ‘മായു മായു മായു മണ്ണെ’യെന്ന പാട്ട് ശ്രുതി സംസ്ഥാനകലോത്സവത്തിൽ പാടിയിട്ടുണ്ട്. പാട്ടിൽ വലിയ അവസരങ്ങൾ കിട്ടുമെന്നും നീ അറിയപ്പെടുമെന്നും ഒപ്പമുണ്ടായിരുന്ന കൂട്ടുകാർ അന്ന് ശ്രുതിയോട് പറഞ്ഞു. കൂട്ടുകാരുടെ അഭിനന്ദനത്തിൽ സന്തോഷംതോന്നി.
പക്ഷേ, ഇത്രയുംവേഗമൊരു അവസരംകിട്ടുമെന്ന് പ്രതീക്ഷിച്ചില്ല. അവരുടെ വാക്കുകൾ അർഥവത്തായി. എന്റെ ജനതയുടെ പാട്ട് സിനിമയിൽ പാടാൻ സാധിച്ചതിൽ അഭിമാനമുണ്ട് -ശ്രുതി പറഞ്ഞു. കമ്പളക്കാട് കൊഴിഞ്ഞങ്ങാട് ഉന്നതിയിലെ ചന്ദ്രന്റെയും പരേതയായ അജിതയുടെയും മകളാണ് 18-കാരി ശ്രുതി. പ്ലസ്ടു പഠനം പൂർത്തിയാക്കി ഇപ്പോൾ പിഎസ്‍സി പരീക്ഷാപരിശീലനത്തിലാണ്. ടിടിസി പഠനത്തിന് പോകണമെന്നും ഒപ്പം നല്ലൊരു നാടൻപാട്ട് കലാകാരിയാവാൻ പരിശ്രമിക്കുമെന്നും ശ്രുതി പറഞ്ഞു.
Content Highlights: KC Sruthi soulful rendition of `Maayum Maayum` from the movie `Narivetta` has gone viral
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·